Quantcast

സച്ചിന്‍റെ കാലത്ത് ലാറയെപ്പോലും മറികടന്ന് ലോക ഒന്നാം നമ്പര്‍; ദ്രാവിഡ് അമ്പതിന്‍റെ നിറവില്‍

പിഴവുകൾ ഇല്ലാത്ത പ്രതിരോധവുമായി ക്രീസിൽ താജ്മഹലുകള്‍ തീർത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റിന്‍റെ കോപ്പിബുക്ക്... അങ്ങനെ തന്നെ വിശേഷിപ്പിക്കണം രാഹുല്‍ ദ്രാവിഡിനെ.

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2023-01-14 16:01:38.0

Published:

11 Jan 2023 12:40 PM GMT

Rahul Dravid, dravid, the wall, indian cricket
X

ക്രിക്കറ്റിന് പണ്ടുകാലത്ത് 'ജെന്‍റില്‍മാന്‍സ് ഗെയിം' എന്ന പേര് കൂടിയുണ്ടായിരുന്നു. ആ വിളിയുടെ ശരിതെറ്റുകളെക്കുറിച്ച് ചര്‍ച്ചകള്‍ പലതും പുറത്ത് നടക്കുന്നുണ്ടെങ്കിലും ലോകം കണ്ട എക്കാലത്തെയും മാന്യനായ ക്രിക്കറ്റര്‍ ആരാണെന്ന ചോദ്യത്തിന് ആദ്യം ഓര്‍മവരുന്ന പോരുകളിലൊന്ന് രാഹുല്‍ ശരത് ദ്രാവിഡെന്നാണ്. നേട്ടങ്ങളിലും പ്രതാപങ്ങളിലും പണക്കൊഴുപ്പിന്‍റെ ആഘോഷങ്ങളിലും അഭിരമിക്കാത്ത, മതിമറക്കാത്ത ആ ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 50 വയസ് തികയുകയാണ്.




രാഹുല്‍ ദ്രാവിഡ്, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പ്രതിരോധക്കോട്ടയെ ഒന്നര പതിറ്റാണ്ട് കാലം ഒരു വിള്ളല്‍ പോലും വീഴ്ത്താതെ കാത്ത സൈന്യാധിപന്‍... ആ പേരു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ മൈതാനങ്ങളിലെ പോര്‍വിളികളോ ആഹ്ലാദ പ്രകടനങ്ങളോ അതിവൈകാരിക നിമിഷങ്ങളോ ഒന്നും തന്നെ ഓര്‍മ വരില്ലായിരിക്കാം. ഏത് കടുത്ത സാഹചര്യങ്ങളിലും അചഞ്ചലനായ, മിതഭാഷിയായ ഒരാള്‍, അങ്ങനെയൊരു ശരീര ഭാഷയുമായി നീണ്ട 16 വര്‍ഷം ക്രിക്കറ്റിനെ ധ്യാനമായി കൊണ്ടുനടന്ന മനുഷ്യന്‍.





ട്രാക്കില്‍ ഓടുന്നതുപോലെ നീണ്ട റണ്ണപ്പെടുത്ത് 150 കിലോമീറ്ററിനും മുകളില്‍ പീരങ്കിയുടെ വേഗത്തിലെത്തുന്ന തുകല്‍പ്പന്തുകളെ, ആ ബൌളറുടെ സകല കോണ്‍ഫിഡന്‍സിനെയും എഫോര്‍ട്ടിനെയും തകര്‍ത്ത്, ചുമ്മാ തട്ടി ക്രീസിലിടുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഇയാളിതെന്ത് മനുഷ്യനാണെന്ന്...! കണ്ണ് ചിമ്മുന്നതിന് മുമ്പ് ബാറ്ററെ ബീറ്റ് ചെയ്തുപോകുന്ന ബോളുകള്‍ കൊണ്ട് ആരാധകരെ സൃഷ്ടിച്ച അക്തറൊക്കെ ദ്രാവിഡിനെതിരെ പന്തെറിഞ്ഞ് തളര്‍ന്നു നില്‍ക്കുന്നത് കണ്ട് സഹതാപം തോന്നിയിട്ടുണ്ട്... പിഴവുകൾ ഇല്ലാത്ത പ്രതിരോധവുമായി ക്രീസിൽ താജ്മഹലുകള്‍ തീർത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റിന്‍റെ കോപ്പിബുക്ക്... അങ്ങനെ തന്നെ വിശേഷിപ്പിക്കണം രാഹുല്‍ ദ്രാവിഡിനെ.





'രണ്ടാമന്‍'

പക്ഷേ സച്ചിന്‍ ആടിത്തകര്‍ത്ത കാലത്ത് ക്രിക്കറ്റിന്‍റെ തിരശീലയില്‍ എത്തപ്പെട്ട ദ്രാവിഡിന് എന്നും രണ്ടാം സ്ഥാനക്കാരനായിരിക്കാനായിരുന്നു വിധി. ആദ്യ മത്സരം മുതല്‍ തുടങ്ങുന്നു, ആ മനുഷ്യന്‍‌റെ 'രണ്ടാം' സ്ഥാനമെന്ന നിര്‍ഭാഗ്യത്തിന്‍റെ പടവ്.

ക്രിക്കറ്റിന്‍റെ മെക്കയില്‍ ആരും കൊതിക്കുന്ന തുടക്കം. രണ്ട് അരങ്ങേറ്റക്കാര്‍ ഇംഗ്ലണ്ട് ബോളിങ് നിരയെ തല്ലിച്ചതക്കുന്നു. അതിലൊരാള്‍ ലോര്‍ഡ്സില്‍‌ മൂന്നക്കമെന്ന മാന്ത്രിക സംഖ്യയിലെത്തുന്നു. മറ്റൊരാള്‍ 95ല്‍ വീണുപോകുന്നു. സെഞ്ച്വറി നേടിയ ആ അരങ്ങേറ്റക്കാരന്‍റെ പേര് സൌരവ് ഗാംഗുലി എന്നായിരുന്നു, അഞ്ച് റണ്‍സിന് അരങ്ങേറ്റ സെഞ്ച്വറി നഷ്ടമായ താരത്തിന്‍റെ പേര് രാഹുല്‍ ശരത് ദ്രാവിഡെന്നും!




95 റൺസ്‌ നേടിയെങ്കിലും 131 റൺസ്‌ നേടിയ സൗരവ്‌ ഗാംഗുലിയുടെ പേരിലായിരുന്നു ആ മത്സരം ചരിത്രത്തിൽ രേഖപ്പെടുത്തിയത്‌. സമാന സംഭവങ്ങളുടെ തുടർക്കഥ തന്നെയായിരുന്നു ദ്രാവിഡിന്‍റെ ജീവിതം. 1999 ലോകകപ്പിൽ 183 റൺസുമായി ശ്രീലങ്കയെ സൌരവ് ഗാംഗുലി തകർത്തപ്പോൾ 145 റൺസുമായി ദ്രാവിഡ്‌ അന്നും മറുവശത്തുണ്ടായിരുന്നു. പക്ഷേ അന്നും ഗാംഗുലിയുടെ വെടിക്കെട്ടിൽ ദ്രാവിഡിന്‍റെ ഇന്നിംഗ്സ്‌ മുങ്ങിപ്പോയി. പിന്നീട്‌ സച്ചിൻ ന്യൂസിലന്‍ഡിനെതിരെ 186 റൺസ്‌ അടിച്ചുകൂട്ടുമ്പോള്‍ മറുവശത്ത്‌ ഇതേ ദ്രാവിഡുണ്ടായിരുന്നു.153 റൺസോടെ തന്‍‌റെ ഏകദിന കരിയർ ബെസ്റ്റ്‌ പ്രകടനം തന്നെ പുറത്തെടുത്തെങ്കിലും സച്ചിന്‍റെ 186 ആയിരുന്നു ആ മത്സരത്തിലെ ഓര്‍മച്ചിത്രം.




2001ലെ വിഖ്യാതമായ കൊൽക്കത്ത ടെസ്റ്റിൽ വി.വി.എസ് ലക്ഷ്മൺ 281 റൺസടിച്ച്‌ ലോകത്തെ അമ്പരപ്പിച്ചപ്പോള്‍ കണ്ണുചിമ്മാതെ ഒരു ദിവസം മുഴുവൻ ബാറ്റ്‌ ചെയ്യാൻ അപ്പുറത്ത്‌ കൂട്ടിനുണ്ടായിരുന്നതും ഇതേ ദ്രാവിഡ്‌ തന്നെയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ അയാള്‍ വിയർപ്പൊഴുക്കി നേടിയ ആ 180 റൺസും അന്ന് വിസ്മൃതിയിലാണ്ടു. ലക്ഷ്മണിന്‍റെ പേരിലാണ് ആ മത്സരം ഇന്നും അറിയപ്പെടുന്നത്‌. അങ്ങനെയങ്ങനെ ക്രിക്കറ്റിന്‍റെ ചരിത്രഭൂമികയില്‍ എല്ലായിടത്തും രണ്ടാമനായിപ്പോകേണ്ടി വന്നിട്ടും ആരോടും ഒരു പരിഭവവും പരാതിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ബാറ്റിങിനെ അതിമനോഹരമായ ഒരു ചിത്രംവരയെന്ന പോലെ കണ്ടയാളായിരുന്നു അദ്ദേഹം. ടീം ഇന്ത്യയ്ക്ക് എത്രയോ കനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടും സച്ചിനെന്ന മഹാമേരുവിന് പിന്നില്‍ രണ്ടാമനാകാനാകുമ്പോഴും അയാളിലെ ക്രിക്കറ്റര്‍ ഒരിക്കല്‍പ്പോലും അസൂയപ്പെട്ടിരുന്നില്ലെന്ന് തറപ്പിച്ച് പറയാന്‍ സാധിക്കും.

ആങ്കര്‍ റോള്‍

ക്രീസിലിറങ്ങി തന്‍റെ ഇന്നിങ്‌സ് കളിച്ചുപോരുക എന്ന രീതിയായിരുന്നില്ല രാഹുല്‍ ദ്രാവിഡിന്‍റേത്. തന്‍റെയൊപ്പം ബാറ്റ് ചെയ്യുന്നയാള്‍ക്ക് എങ്ങനെയാണ് പിന്തുണ കൊടുക്കേണ്ടതെന്ന് ഒരു പരിശീലകനും അയാളെ പഠിപ്പിക്കേണ്ടി വന്നിരുന്നില്ല. ക്രീസിലെ ആങ്കര്‍ റോള്‍ ദ്രാവിഡിനോളം മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്ന മറ്റ് ക്രിക്കറ്റര്‍മാര്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. 2006ലെ ലാഹോര്‍ ടെസ്റ്റില്‍ പാകിസ്താനെതിരെ സെവാഗിനൊപ്പം 410 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഒരറ്റത്തെ കോട്ട കാത്തത് ദ്രാവിഡ് ആയിരുന്നു. സെവാഗ് ടെസ്റ്റ് കരിയറിലെ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടുമ്പോഴും മറുഭാഗത്ത് പാറപോലെ ഉറച്ചുനിന്നതും ഇതേ ദ്രാവിഡ് ആയിരുന്നു.


വിക്കറ്റ് കീപ്പിങ് മുതല്‍ നായകന്‍ വരെ, ഒടുവില്‍ പരിശീലകസ്ഥാനത്തേക്കും

രാഹുല്‍ ദ്രാവിഡിനെപ്പോലെ ഏത് സാഹചര്യത്തിലും ടീമിനായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു താരത്തെ കണ്ടെത്തുക എന്നത് ശ്രമകരമമാണ്. ബാറ്റിങ് ഓര്‍ഡറില്‍ ടീം ആവശ്യപ്പെടുന്നതിനനുസരിച്ച് എവിടെ ഇറങ്ങാനും അയാള്‍ തയ്യാറായിരുന്നു. ഓപ്പണിങ് സ്ലോട്ട് മുതല്‍ എട്ടാം നമ്പറുകാരനായി വരെ ദ്രാവിഡ് ബാറ്റ് ചെയ്തിട്ടുണ്ട്. ഒരു ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ ഒരു എക്‌സ്ട്രാ ബാറ്ററെ ഉള്‍പ്പെടുത്താന്‍ സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്‍ തീരുമാനിച്ചപ്പോള്‍ ടീമിനു വേണ്ടി വിക്കറ്റ് കീപ്പറാകാനും അയാള്‍ തയ്യാറായി. സ്ലിപ്പിലെ ഇന്ത്യന്‍ ഫീല്‍ഡിങിലെ പ്രാപ്പിടിയിന്‍ തന്നെയായിരുന്നു ആ കര്‍ണാടകക്കാരന്‍.

ബാറ്റിങ്ങിനെ ഒരു ധ്യാനം പോലെ കണ്ടിരുന്നയാള്‍, മെല്ലെപ്പോക്കാണെന്നും നിശ്ചിത ഓവര്‍ ക്രിക്കറ്റിന് പറ്റിയ താരമല്ലെന്നും പലരും വിമര്‍ശിക്കുമ്പോഴും ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയവരില്‍ രണ്ടാം സ്ഥാനത്താണ് ദ്രാവിഡ്. 22 പന്തില്‍ നിന്ന് ഫിഫ്റ്റിയടിച്ച താരം!. 99 ലോകകപ്പില്‍ 461 റണ്‍സോടെ ടോപ് സ്‌കോററായതും ദ്രാവിഡ് തന്നെ. ഫോര്‍മാറ്റനുസരിച്ച് കളിശൈലിയില്‍ മാറ്റംവരുത്താനും സ്വയം നവീകരിക്കാനും അയാളോളം മികച്ച ക്രിക്കറ്റര്‍ വേറെയില്ലെന്ന് തന്നെ പറയാം. ജീവിതത്തില്‍ കളിച്ച ഒരേയൊരു അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തിയ താരം കൂടിയാണ് ദ്രാവിഡ്.

'ക്യാപ്റ്റന്‍ വാള്‍'

ക്യാപ്റ്റന്‍സിയില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ തന്നെ ദ്രാവിഡിന്‍റെ പേരിലുണ്ട്, ഏകദിനത്തില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സൌരവ് ഗാംഗുലിയേക്കാളും മികച്ച വിന്നിങ് ആവറേജുണ്ട് ദ്രാവിഡിന്. 72 മത്സരങ്ങളില്‍ 49 ലും ദ്രാവിഡ് ടീമിനെ വിജയിപ്പിച്ചു. ടെസ്റ്റിലാകട്ടെ 25 മത്സരങ്ങില്‍ നിന്നായി എട്ട് വിജയവും 11 സമനിലകളും ദ്രാവിഡെന്ന നായകന്‍റെ പേരിലുണ്ട്.

ഏകദിനത്തില്‍ ചേസ് ചെയ്തു ജയിക്കുന്ന കാര്യത്തില്‍ തുടര്‍ച്ചയായ 24 വിജയങ്ങളാണ് ദ്രാവിഡിന്‍റെ കീഴില്‍‌ ഇന്ത്യ നേടിയത്. ഇത് ഇന്നും ലോകറെക്കോര്‍ഡാണ്. 2005 മുതല്‍ 2007 വരെയുള്ള രണ്ട് വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങളില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് തൊട്ടുപിന്നിലെത്തിയതും(36 വിജയങ്ങള്‍) ദ്രാവിഡിന്‍റെ ക്യാപ്റ്റന്‍സിയിലാണ്.

പാകിസ്താനിലും ദക്ഷിണാഫ്രിക്കന്‍ മണ്ണിലും ടെസ്റ്റ് വിജയം നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് തന്നെയാണ്. 35 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കരീബിയന്‍ മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത് ദ്രാവിഡ് ചരിത്രത്തിലിടം നേടി. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോഴും ദ്രാവിഡ് ആയിരുന്നു ടീമിന്‍‌റെ നായകന്‍.

സച്ചിനും ലാറയും കാലിസും റിക്കി പോണ്ടിങും ജയവര്‍ധനെയും സങ്കക്കാരയും തുടങ്ങി ഒരുപിടി ക്രിക്കറ്റ് ഇതിഹാസങ്ങളുടെ കാലത്ത് ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത പ്രതിഭയാണ് രാഹുല്‍ ദ്രാവിഡ്. സച്ചിനും ബ്രയാന്‍ ലാറയുമെല്ലാം അവരുടെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന കാലത്ത് ഇവരെയെല്ലാം പിന്തള്ളി ടെസ്റ്റ് ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പറിലെത്തിയ താരം. 2008 മാര്‍ച്ച് 29ന് ടെസ്റ്റിലും ഏകദിനത്തിലും പതിനായിരം റണ്‍സെന്ന നേട്ടം ദ്രാവിഡ് സ്വന്തമാക്കുമ്പോള്‍ അയാള്‍ക്ക് മുന്‍പേ ആ നാഴികക്കല്ല് പിന്നിട്ടത് വെറും രണ്ടേ രണ്ട് പേരായിരുന്നു. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും.

ദ്രോണാചാര്യന്‍

അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റിനെ വിട്ടുപിരിയാന്‍ ദ്രാവിഡ് തയ്യാറായില്ല. 2012ല്‍ കളി അവസാനിപ്പിച്ച ദ്രാവിഡ് 2015ലാണ് ഇന്ത്യയുടെ യുവനിരയെ വാര്‍ത്തെടുക്കാന്‍ കോച്ചിങ് സൈഡിലേക്ക് വരുന്നത്. അണ്ടര്‍ 19 കോച്ചായി ആയിരുന്നു തുടക്കം. പിന്നീട് എന്‍.സി.എ തലവനായും ഒപ്പം 'ഇന്ത്യ എ' ടീമിന്‍റെ കോച്ചായും ദ്രാവിഡ് തന്‍റ ദൌത്യം മനോഹരമയി മുന്നോട്ട് കൊണ്ടുപോയി. 2018 ല്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകിരീടം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ഈ പരിശീലകനായിരുന്നു.




യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ വിലയിരുത്തുന്നത്. നാലു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാക്കുകയായിരുന്നു ദ്രാവിഡ്. ഈ കാലയളവില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം ലോകത്തെ മറ്റേതൊരു ടീമിനേക്കാളും മല്‍സരങ്ങളാണ് ഓരോ കലണ്ടര്‍ വര്‍ഷവും പൂര്‍ത്തിയാക്കിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് ആയും രാഹുല്‍ ദ്രാവിഡ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2019ല്‍ ആണ് ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുന്നത്. ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് ദ്രാവിഡ് വന്നതിന് പിന്നാലെ എന്‍.സി.എയിലേക്കുള്ള ഫണ്ടിങ്ങും ജൂനിയര്‍ ക്രിക്കറ്റ് ടീമിനായുള്ള പര്യടന പരിപാടികളും ബി.സി.സിഐ വര്‍ധിപ്പിച്ചു.

ഒടുവില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ പരിശീലകസ്ഥാനത്തേക്കും ദ്രാവിഡിനെ നിയമിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐയുടെ ഓഫർ ദ്രാവിഡ് ആദ്യമെല്ലാം പലതവണ നിരസിച്ചതാണ്. രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുന്ന ഘട്ടമായപ്പോഴും അടുത്ത പരിശീലകനായി ദ്രാവിഡ് വരണമെന്നായിരുന്നു പല കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യം. ഇതു പരിഗണിച്ച് ബി.സി.സി.ഐ ദ്രാവിഡിനെ വീണ്ടും വീണ്ടും സമീപിക്കുകയായിരുന്നു. അപ്പോഴും ഓഫര്‍ സ്നേഹത്തോടെ നിരസിക്കുന്നുവെന്നായിരുന്നു ദ്രാവിഡിന്‍റെ മറുപടി.

ഇന്ത്യയുടെ ജൂനിയര്‍ ക്രിക്കറ്റ് ടീമിനായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു ദ്രാവിഡ് സീനിയര്‍ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നത്. പക്ഷേ ബി.സി.സി.ഐ രാഹുല്‍ ദ്രാവിഡ് എന്ന ദ്രോണാചാര്യരെ വിടാന്‍ തയ്യാറായിരുന്നില്ല.

2017ലും ബി.സി.സി.ഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.




2021 ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആന്‍റി ക്ലൈമാക്സ് സംഭവിച്ചത്. അന്നത്തെ ബി.സി.സി.ഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

TAGS :

Next Story