Quantcast

''നൂറ്റാണ്ടിലെന്നേ ഉണ്ടാകൂ ഇത് പോലെ ഒരെണ്ണം...''; 'സ്കൈ'ക്ക് മാനംമുട്ടെ പ്രശംസ

ടി ട്വൻറി സൈഡിലെ മോസ്റ്റ് ഡെയ്ഞ്ചറസ് ബാറ്റര്‍ ആയി സൂര്യകുമാര്‍ യാദവ് ഇതിനോടകം തന്നെ രൂപാന്തരപ്പെട്ടു കഴിഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-01-09 09:50:19.0

Published:

9 Jan 2023 9:41 AM GMT

നൂറ്റാണ്ടിലെന്നേ ഉണ്ടാകൂ ഇത് പോലെ ഒരെണ്ണം...; സ്കൈക്ക് മാനംമുട്ടെ പ്രശംസ
X

സ്ഥിരത എന്ന വാക്കിന് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പര്യായപദമുണ്ടെങ്കില്‍ അതാണ് സൂര്യകുമാര്‍ യാദവ്. 31-ാം വയസില്‍ ലഭിച്ച രാജ്യാന്തര അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് തൂക്കിയായിരുന്നു സൂര്യകുമാര്‍ യാദവ് തന്‍റെ പേര് ക്രിക്കറ്റിന്‍റെ ചരിത്രപുസ്തകത്തില്‍ അടയാളപ്പെടുത്തിയത്. അരങ്ങേറ്റത്തിന് ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ മുംബൈക്കാരന്. സ്ഥിരതയും നേരിടുന്ന ആദ്യ പന്ത് മുതല്‍ ഹിറ്റ് ചെയ്യാനുള്ള കഴിവുമായി സൂര്യകുമാര്‍ യാദവിനെ വ്യതസ്തനാക്കുന്നത്.

ഇപ്പോഴിതാ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ഇതേ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ്. നിര്‍ണായകമായ അവസാന ടി20 മത്സരത്തില്‍ സെഞ്ച്വറിയോടെയാണ് 'സ്കൈ' ആരാധകരുടെ പ്രതീക്ഷ മാനംമുട്ടെ ഉയര്‍ത്തിയത്. തീപ്പൊരി പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച സൂര്യകുമാറിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും.

ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ കപില്‍ദേവ് തന്നെ ഇപ്പോള്‍ സൂര്യകുമാറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സചിനെയും റിച്ചാർഡ്സിനെയും കോഹ്‌ലിയും പോലെ ഇതിഹാസങ്ങളുടെ കളി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യകുമാറിനെപ്പോലൊരു ബാറ്റർ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ എന്ന് കപിൽ ദേവ് പറഞ്ഞു.

'സൂര്യകുമാറിന്‍റെ ബാറ്റിങ് മികവിനെ വിവരിക്കാൻ എന്‍റെ പക്കല്‍ വാക്കുകളില്ല. സചിന്‍റെയും രോഹിതിന്‍റെയും കോഹ്‌ലിയുടേയും കളി കാണുമ്പോള്‍ ആ പ്രതിഭകളുടെ ഒപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു കളിക്കാരൻ എന്നെങ്കിലും ഉണ്ടാകുമെന്ന് നമുക്ക് തോന്നും.

പ്രതിഭാ ധാരാളിത്തമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ സൂര്യകുമാറിനെപ്പോലെ, അയാള്‍ കളിക്കുന്ന തരത്തിലുള്ള ക്രിക്കറ്റ്, ഫൈൻ ലെഗിനു മുകളിലൂടെയുള്ള സൂര്യയുടെ ഷോട്ട്, മിഡ്-ഓണിനും മിഡ്-വിക്കറ്റിനും മുകളിലൂടെ ഏത് പന്തും സിക്‌സറിന് തൂക്കാനുള്ള കഴിവ്, ഇതെല്ലാം ഏത് ബൗളറെയും ഭയപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ഡിവില്ലിയേഴ്‌സ്, റിച്ചാർഡ്‌സ്, സച്ചിൻ, വിരാട്, റിക്കി പോണ്ടിങ് തുടങ്ങിയ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, എന്നാൽ വളരെ ചുരുക്കും താരങ്ങള്‍ക്ക് മാത്രമേ സൂര്യയെ പോലെ ക്ലീന്‍ ഹിറ്റ് നടത്താനാകൂ. ഹാറ്റ്സ് ഓഫ് സൂര്യകുമാർ യാദവ്... നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് സൂര്യയെപ്പോലെയുള്ള കളിക്കാര്‍ ഉണ്ടാകുന്നത്' - കപിൽ പറഞ്ഞു.

ശ്രീലങ്കക്കെതിരായ മൂന്നാം ടി20 യിലെ തകർപ്പൻ സെഞ്ച്വറിയോടെ പുതിയ റെക്കോഡ് കൂടി സൂര്യകുമാർ യാദവ് സ്വന്തം പേരിലാക്കി. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗം 1500 റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ നേടിയത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്താൻ 843 പന്തുകൾ മാത്രമാണ് സൂര്യകുമാർ യാദവ് എടുത്തത്. 150 ലേറെ സ്‌ട്രൈക്ക് റേറ്റില്‍ 1500 റണ്‍സ് നേടുന്ന ലോകത്തെ ആദ്യ താരവും സൂര്യകുമാറാണ്. 43 ഇന്നിങ്സുകളില്‍ നിന്നായി 180+ സ്ട്രൈക് റേറ്റിലാണ് സ്കൈയുടെ വെടിക്കെട്ട് പ്രകടനം. ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സൂര്യകുമാര്‍ യാദവ്. 45 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ നിന്ന് 46.41 ശരാശരിയിലാണ് സൂര്യകുമാർ 1578 റൺസ് നേടിയത്. 2022ൽ ഇം​ഗ്ലണ്ടിനെതിരെ നേടിയ 117 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യ മത്സരം കളിച്ച ശേഷം നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്കൊടുവിലാണ് സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. മുപ്പത് വയസ് കഴിഞ്ഞ ശേഷമാണ് സ്കൈക്ക് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് ക്ഷണം കിട്ടിയതെന്ന പ്രത്യേകതയും ഉണ്ട്.

ഒരുപരിധി വരെ സൂര്യകുമാര്‍ യാദവ് ക്രീസിലെത്താന്‍ വൈകുന്നത് ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്സ് റണ്‍നിരക്കിനെ ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. ഇന്ത്യയുടെ ടോട്ടലുകൾ 200 കടക്കാന്‍ യാദവിനെ ഓപ്പണിങ് പൊസിഷനിലേക്ക് പരിഗണിക്കാനും നിര്‍ദേശിക്കുന്നവരേറെയുണ്ട്.

ടി20 ഫോർമാറ്റിനെ കൃത്യമായി ഡീകോഡ് ചെയ്ത ചുരുക്കം ഇന്ത്യൻ പ്ലെയേഴ്സില്‍ പ്രധാനിയാണ് സൂര്യകുമാറെന്നും അടിവരയിട്ട് പറയാം.ഫീൽഡ് പ്ലേസ്മെന്‍റ് മുതല്‍ ഗ്രൗണ്ടിന്‍റ ഡയമെൻഷൻ വരെ അയാള്‍ കൃത്യമായി അളന്നെടുക്കുന്നുണ്ട്, ബൗളറുടെ പേസും സ്വിങും കൃത്യമായി ജഡ്ജ് ചെയ്യാനും 'സ്കൈ'ക്ക് നന്നായി കഴിയുന്നുണ്ട്. മികച്ച റിസ്റ്റ് വർക്കും അദ്ദേഹത്തിന്‍റെ ബാറ്റിങില്‍ എടുത്ത് പറയേണ്ട ഒന്നാണ്. അൺ ഓർത്തോഡോക്സ് ഷോട്ടുകൾക്ക് പുറമെ നല്ല വടിവൊത്ത ഒന്നാന്തരം സ്ട്രോക്കുകളും സൂര്യകുമാറിന്‍റെ ബാറ്റില്‍ നിന്ന് പ്രവഹിക്കുന്നുണ്ട്.

ഇന്നിങ്സിലെ ആദ്യ പന്ത് മുതലേ ബിഗ് ഹിറ്റ് അനായാസമായി സാധ്യമാകുന്ന സൂര്യകുമാര്‍ സേവാഗിനെപ്പോലെ എതിര്‍നിരയില്‍ സര്‍വനാശം വിതക്കാന്‍ കെല്‍പ്പുള്ള ഓപ്പണറായി ഭാവിയില്‍ പരിണമിച്ചാലും അത്ഭുതപ്പെടാനില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഇന്ത്യൻ ടി ട്വൻറി സൈഡിലെ മോസ്റ്റ് ഡെയ്ഞ്ചറസ് ബാറ്റര്‍ ആയി സൂര്യകുമാര്‍ യാദവ് ഇതിനോടകം തന്നെ രൂപാന്തരപ്പെട്ടു കഴിഞ്ഞു.

TAGS :

Next Story