Quantcast

'130 കോടി ഡിസ്‌കൗണ്ട്‌ വേണം'; ബി.സി.സി.ഐയോട് സ്റ്റാര്‍ ഇന്ത്യ

2018-2023 കാലയളവിലെ ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അവകാശങ്ങൾ 6138 കോടി രൂപക്കാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    9 Jan 2023 12:06 PM GMT

130 കോടി ഡിസ്‌കൗണ്ട്‌ വേണം; ബി.സി.സി.ഐയോട് സ്റ്റാര്‍ ഇന്ത്യ
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ 130 കോടി രൂപയുടെ ഡിസ്കൌണ്ട് ആവശ്യപ്പെട്ട് സ്റ്റാര്‍ ഇന്ത്യ. രാജ്യത്തിനകത്ത് നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യക്കാണ്. 2018-2023 കാലയളവിലെ ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അവകാശങ്ങൾ 6138 കോടി രൂപക്കാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ആ ഇടപാടിലാണ് സ്റ്റാര്‍ ഇന്ത്യ ഇപ്പോള്‍ 130 കോടി രൂപയുടെ കിഴിവ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് കാരണം സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം ഏറ്റെടുത്ത കാലയളവിലെ ചില മത്സരങ്ങൾ വീണ്ടും പുനഃക്രമീകരിക്കേണ്ടി വന്നിരുന്നു. ഈ വിഷയമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയോട് ഡിസ്കൌണ്ട് ആവശ്യപ്പെട്ടത്. ദീർഘനേരം ഇതുസംബന്ധിച്ച ചർച്ച നടന്നു. പക്ഷേ ബി.സി.സി.ഐ ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സ്റ്റാര്‍ ഇന്ത്യയുടെ നിലവിലെ കരാർ ഈ മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശത്തിനുള്ള ടെന്‍ഡര്‍ ബി.സി.സി.ഐ ഉടനെ ക്ഷണിക്കും. അതേസമയം ഐ.പി.എല്‍ മത്സരങ്ങളുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണവകാശം സ്വന്തമാക്കിയ കമ്പനി കൂടിയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശം 48390 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജഴ്‌സി സ്‌പോൺസർമാരായ ബൈജൂസ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കാനുള്ള തുകയില്‍ 140 കോടി രൂപയുടെ ബാങ്ക് ഗ്യാരന്‍റിയായി നല്‍കാമെന്നും ബാക്കി തുക ഇന്‍സ്റ്റാള്‍മെന്‍റായി കൈമാറാമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. നവംബറിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോൺസർഷിപ്പില്‍ നിന്ന് ഒഴിവാകാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2023 മാര്‍ച്ച് വരെയെങ്കിലും തുടരാന്‍ ബി.സി.സി.ഐ ബൈജൂസിനോട് ആവശ്യപ്പെടുകയായിരുന്നു.

ബൈജൂസിന്‍റെ നിലവിലെ കരാര്‍ 2023 നവംബര്‍ വരെയാണ്. 35 മില്യണ്‍ യു.എസ് ഡോളറിനാണ് ബൈജൂസ് സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ഈ കരാറിലാണ് 140 കോടി ബാങ്ക് ഗ്യാരന്‍റിയായും 160 കോടി രൂപ ഇന്‍സ്റ്റാള്‍മെന്‍റായും നല്‍കാനുള്ള തീരുമാനം ബോര്‍ഡ് എടുക്കണമെന്ന് ബി.സി.സി.ഐയോട് ബൈജൂസ് ആവശ്യപ്പെട്ടത്.

TAGS :

Next Story