Quantcast

യുണൈറ്റഡിന്‍റെ ചരിത്രം തിരുത്തിയ സൈനിങ്ങ് ; സി.ആര്‍ 7 എന്ന ബ്രാന്‍റിന്‍റെ പിറവി

MediaOne Logo

Web Desk

  • Published:

    5 Feb 2025 5:36 PM IST

യുണൈറ്റഡിന്‍റെ ചരിത്രം തിരുത്തിയ സൈനിങ്ങ് ; സി.ആര്‍ 7 എന്ന ബ്രാന്‍റിന്‍റെ പിറവി
X

'വർഷങ്ങൾ എത്രയോ പിന്നിട്ടു.ഓൾഡ് ട്രാഫോഡിന്റെ പടി ചവിട്ടിയെത്തിയ പലരെ കുറിച്ചും ഇതാ പുതിയ ജോർജ് ബെസ്റ്റ് യുണൈറ്റഡ് ജേഴ്സിയില്‍ അവതരിച്ചിരിക്കുന്നു എന്ന് പത്രങ്ങൾ കോളങ്ങളെഴുതി. അതൊന്നും എന്നെ തെല്ലും കുലുക്കിയിട്ടില്ല. എന്നാല്‍ ആദ്യമായിതാ ഒരാളെ എന്റെ പേരിനൊപ്പം ചേർത്തു വക്കുന്നത് ഞാൻ ഒരംഗീകാരമായി കാണുന്നു. ഇത്ര മേൽ ആവേശഭരിതനായിരുന്ന് ഇമയടക്കാതെ ഒരു ഡെബ്യൂ മത്സരം ഞാന്‍ കണ്ടിട്ടില്ല'

2003 ആഗസ്റ്റ് 16. ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോൾട്ടൺ വാണ്ടറേഴ്‌സിനെ പഞ്ഞിക്കിട്ട് കൊണ്ടിരിക്കുകയായിരുന്നു. ഗാലറിയിലന്ന് യുണൈറ്റഡിന്റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച ഇതിഹാസം ജോർജ് ബെസ്റ്റ് ഇരിപ്പുണ്ട്. മൈതാനത്തേക്കാൾ ഗാലറി അന്ന് കണ്ണും നട്ടിരുന്നത് ഡഗ്ഗൗട്ടിലേക്കാണ്. ജോർജ് ബെസ്റ്റും, എറിക് കന്റോണയും, ഡേവിഡ് ബെക്കാമുമൊക്കെ അണിഞ്ഞ് അനശ്വരമാക്കിയ യുണൈറ്റഡിന്റെ ഏഴാം നമ്പർ ജഴ്‌സിയുമിട്ടൊരു പതിനെട്ടുകാരൻ തന്റെ ഊഴവും കാത്ത് ബെഞ്ചിലിരിപ്പുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാന്‍റോസ് അവേറോ.

ഒടുവിൽ 61ാം മിനിറ്റിൽ ഇംഗ്ലീഷ് മിഡ്ഫീൽഡർ നിക്കി ബട്ടിനെ പിൻവലിച്ച ഫെർഗൂസൺ ആ 18 കാരനെ മൈതാനത്തേക്കയച്ചു. ജോർജ് ബെസ്റ്റ് അടക്കം ഗാലറിയിൽ തടിച്ച് കൂടിയ ആയിരങ്ങൾ അയാളെ ഹർഷാരവങ്ങളോടെ വരവേറ്റു. ഫുട്‌ബോൾ ലോകത്തൊരു യുഗം പിറക്കുന്നു. ഒപ്പമൊരു ബ്രാന്റും. മത്സരശേഷം ജോർജ് ബെസ്റ്റ് വല്ലാത വാചാലനാവുന്നുണ്ടായിരുന്നു. തന്റെ പേരിനൊപ്പം ചേർത്ത് പത്രങ്ങൾ എഴുതിപ്പൊലിപ്പിച്ച പലരേയും അയാൾ പലപ്പോഴും പരിഗണിച്ചിരുന്ന് പോലുമില്ല. പക്ഷെ ഒരൊറ്റ സൗഹൃമത്സരം കൊണ്ട് സ്‌പോർട്ടിങ്ങിൽ നിന്ന് ഫെർഗൂസൺ റാഞ്ചിയെടുത്ത റൊണാൾഡോ യുണൈറ്റഡിൽ ഏഴാം നമ്പറിന്‍റെ ലെഗസിയെ കോട്ട കെട്ടിക്കാക്കാൻ എത്തിയതാണെന്ന് ഓൾഡ് ട്രാഫോഡ് ഗാലറിയിലിരുന്ന് അന്നയാള്‍ ആത്മഗതം ചെയ്തു കാണണം.

'അയാളെ സൈൻ ചെയ്യൂ.. പറ്റാവുന്നയത്രയും വേഗത്തിൽ'- എസ്റ്റാഡിയോ ജോസേ അൽവാൽഡേയിൽ സ്‌പോർട്ടിങ് ലിസ്ബൺ യുണൈറ്റഡിനെ തകർത്ത് തരിപ്പണമാക്കിയ അന്ന് ഡ്രസിങ് റൂമിലിരുന്ന് യുണൈറ്റഡ് ഡിഫന്റർമാർ ഒരേ സ്വരത്തിൽ ഫെർഗൂസണോട് ഇങ്ങനെ പറഞ്ഞു. 12 മില്യൺ യൂറോ അന്നൊരു ചെറിയ തുകയൊന്നുമായിരുന്നില്ല. ഇംഗ്ലീഷിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത ആ 18 കാരനന്ന് ഇംഗ്ലീഷ് മണ്ണിൽ വിമാനമിറങ്ങി. ആൻഡ് ദ റെസ്റ്റ് വാസ് ഹിസ്റ്ററി.

1968, 1999, 2008 ഓൾഡ് ട്രോഫോഡ് ഷെൽഫിലേക്ക് യൂറോപ്പ്യൻ ഫുട്‌ബോളിലെ ഏറ്റവും പ്രസ്റ്റീജ്യസായ കിരീടം ചാമ്പ്യൻസ് ലീഗ് ട്രോഫിയെത്തിയത് മൂന്നേ മൂന്ന് തവണയാണ്. 21ാം നൂറ്റാണ്ടിൽ ഒരൊറ്റത്തവണ മാത്രം. ക്രിസ്റ്റിയാനോ എറ ഓൾഡ് ട്രാഫോഡിൽ അതിന്റെ മൂർധന്യത്തിലെത്തിയ കാലമായിരുന്നു 2008. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ വീഴ്ത്തി ഫെർഗൂസന്റെ കുട്ടികൾ യൂറോപ്പ്യൻ ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് നടന്നു കയറി. 26ാം മിനിറ്റിൽ പീറ്റർ ചെക്കിന്റെ വലയിലേക്ക് ക്രിസ്റ്റിയാനോയുടെ തലയിൽ നിന്നൊരു വെടിയുണ്ട പായുന്നു. പക്ഷെ ഷൂട്ടൗട്ടിൽ ചെക്ക് റോണോക്ക് ചെക്ക് വച്ചു. എന്നാൽ ഗോൾകീപ്പർമാരുടെ പോരിലന്ന് അവസാന ചിരി വാൻഡർസറുടേതായിരുന്നു. നിക്കോളാസ് അനൽക്കയുടെ കിക്ക് തട്ടിയകറ്റി ചെൽസിയുടെ കയ്യിൽ നിന്ന് വാൻഡർസർ അന്ന് മോസ്‌കോയിൽ വിജയം പിടിച്ച് വാങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ് മൈതാനത്ത് വീണു കിടക്കുന്ന റോണോയുടെ മുഖം യുണൈറ്റഡ് ആരാധകരുടെ ഓർമകളുടെ ക്യാൻവാസിലെ മായാ ചിത്രമാണ്. അതിന് ശേഷം ഒരിക്കല്‍ പോലും ആ കിരീടത്തില്‍ റെഡ് ഡെവിള്‍സിന്‍റെ മുത്തം വീണിട്ടില്ല.

പക്ഷെ ചാമ്പ്യന്‍സ് ലീഗ് പിന്നെ ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടത് ക്രിസ്റ്റ്യാനോ ലീഗ് എന്ന പേരിലാണ്. യൂറോപ്പിലെ വലിയ വേദികളിലായാള്‍ തൊട്ടടുത്ത വര്‍ഷം മുതല്‍‌ ലോസ് ബ്ലാങ്കോസിന്‍റെ വെള്ളക്കുപ്പായത്തിലാണ് അവതരിച്ച് തുടങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഒരു പതിറ്റാണ്ട് കാലത്തെ കിരീട ദാരിദ്ര്യം അവസാനിപ്പിച്ച് 2014 ല്‍ റയലിന്‍റെ ഐതിഹാസികമായ കംബാക്ക്. പിന്നെ മൂന്ന് കിരീടങ്ങള്‍ കൂടി അയാളുടെ ചിറകേറി ബെര്‍ണബ്യൂ ഷെല്‍ഫിലെത്തി. കിരീടങ്ങള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗിലെ റെക്കോര്‍ഡ് ബുക്കുകള്‍ അയാള്‍ തുടരെ തിരുത്തിയെഴുതിക്കൊണ്ടിരുന്നു.

യൂറോപ്പില്‍ റോണോയുടെ കളിക്കാലങ്ങള്‍ അവസാനിച്ചിട്ടും ഇനിയും തിരുത്തപ്പെടാത്ത റെക്കോര്‍ഡുകള്‍ പലതും അടുത്തൊന്നും ഉടന്‍ തിരുത്തപ്പെടുക പോലുമില്ലെന്ന ഉറപ്പില്‍ അയാളുടേത് മാത്രമായി അവശേഷിക്കുന്നു. ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തേയും വലിയ ടോപ്സസ്കോറര്‍, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ, നോക്കൗട്ടിൽ ഏറ്റവുമധികം ഗോളുകൾ, മൂന്ന് ഫൈനലുകളിൽ സ്‌കോർ ചെയ്ത ഒരേ ഒരാൾ, തുടർച്ചയായി 11 മത്സരങ്ങളിൽ വലകുലുക്കിയ ഒരേ ഒരാള്‍, അങ്ങനെയങ്ങനെ ഇതിഹാസങ്ങള്‍ക്കിടയില്‍ അയാള്‍ ഒരേ ഒരാളായി മാത്രം അനിഷേധ്യമായി അവരോധിക്കപ്പെട്ടു. അതിനിടെ രാജ്യത്തിനായി രണ്ട് അന്താരാഷ്ട്ര കിരീടങ്ങള്‍. യുവന്‍റസിലേക്കും യുണൈറ്റഡിലേക്കും അല്‍ നസറിലേക്കുമുള്ള ചുവടുമാറ്റങ്ങള്‍. സംഭവ ബഹുലമായ കരിയറില്‍ അയാള്‍ ചര്‍ച്ചകളില്‍ നിറയാത്ത ഒരു വര്‍ഷം പോലും കടന്നു പോയിട്ടില്ല.

കഴിഞ്ഞ ദിവസം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ അല്‍ വാസില്‍ പോരാട്ടത്തിന്‍റെ 78 ാം മിനിറ്റ്. വലതുവിങ്ങില്‍ നിന്ന് ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിയ സാദിയോ മാനേയുടെ ക്രോസിനെ ഗോള്‍വലയിലേക്ക് തിരിക്കാന്‍ പറന്നുയരുന്ന ആ മനുഷ്യന്‍റെ പ്രായം 40. വിരമിക്കലിനെ കുറിച്ച് എപ്പോഴാണ് ആലോചിക്കുന്നത് എന്ന ചോദ്യം ഇപ്പോഴും അയാളുടെ കാര്യത്തില്‍ അപ്രസ്കതമാണെന്ന് പറയേണ്ടി വരും. കരിയറില്‍ ആയിരം ഗോളെന്ന നാഴികക്കല്ലാവും ഇനി അയാള്‍ക്ക് മുന്നിലെ അടുത്ത ഫിനിഷിങ് പോയിന്‍റ്. അതിന് ശേഷമോ? അയാള്‍ തന്നെ തീരുമാനിക്കട്ടേ.

TAGS :

Next Story