Quantcast

38ലും വറ്റാത്ത വീര്യം; വിരാട് കോഹ്‌ലിയുടെ അസാധാരണ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യങ്ങൾ...

38ലും കോഹ്‌ലി കാണിക്കുന്ന കഠിനാധ്വാനവും ആത്മനിയന്ത്രണവുമാണ് അദ്ദേഹത്തെ യുവതലമുറയ്ക്ക് എക്കാലത്തെയും മികച്ച ഫിറ്റ്‌നസ് റോൾ മോഡലാക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 Nov 2026 9:22 PM IST

38ലും വറ്റാത്ത വീര്യം; വിരാട് കോഹ്‌ലിയുടെ അസാധാരണ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യങ്ങൾ...
X

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ കിം​ഗ്, വിരാട് കോഹ്‌ലി ത​ന്റെ മുപ്പത്തിയെട്ടാം വയസ്സിലേക്കു കടക്കുമ്പോഴും ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ താരങ്ങളിൽ ഒരാളായി തുടരുന്നു. മൈതാനത്ത് ഒരു മടിയും കൂടാതെ ഓടിനടക്കാനും, ക്യാച്ചുകൾ എടുക്കാനും, ഇന്നിങ്സിന്റെ അവസാന ഘട്ടത്തിലും അതേ വേഗത നിലനിർത്താനും അദ്ദേഹത്തെ സഹായിക്കുന്നത് കടുത്ത അച്ചടക്കവും ചിട്ടയായ ഫിറ്റ്‌നസുമാണ്.

ഫിറ്റ്‌നസില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി അദ്ദേഹം കാണുന്നത് യോഗയും മൊബിലിറ്റി വ്യായാമങ്ങളുമാണ്. പുലർച്ചെ 4:45 നും 5:00 മണിക്കും ഇടയിൽ ഉണരുന്ന കോഹ്‌ലി, ഏകദേശം 45 മിനിറ്റോളം യോഗയ്ക്കും സ്ട്രെച്ചിങ്ങിനുമായി മാറ്റിവെക്കുന്നു. ഇത് ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കാനും, മാനസിക സമ്മർദ്ദം കുറയ്ക്കാനും, പേശികളെ ഉണർത്താനും സഹായിക്കുന്നു.

ജിം സെഷനുകൾ വളരെ കൃത്യതയോടെയാണ് കോഹ്‌ലി പ്ലാൻ ചെയ്യുന്നത്. ആഴ്ചയിൽ 5 ദിവസത്തെ ട്രെയിനിംഗും 2 ദിവസത്തെ സജീവമായ വിശ്രമവുമാണ് അദ്ദേഹം പിന്തുടരുന്നത്. ശരീരത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനായി സ്ക്വാട്ടുകൾ, ലഞ്ചസുകൾ ഡെഡ്‌ലിഫ്റ്റുകൾ, ബെഞ്ച് പ്രെസ്സുകൾ തുടങ്ങിയ കോമ്പൗണ്ട് ലിഫ്റ്റുകൾ പരിശീലിക്കും. ക്രിക്കറ്റിലെ വേഗതയും സ്റ്റാമിനയും കൂട്ടാൻ ഹൈ ഇന്റൻസിറ്റി വർക്കൗട്ടുകൾ ചെയ്യുന്നു. സ്പ്രിന്റ് ഇന്റർവെലുകൾ, ബാറ്റിൽ റോപ്സ് എജിലിറ്റി ലാഡറുകൾ, ബോക്സ് ജമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫിറ്റ്‌നസിന്റെ 70 ശതമാനവും ഭക്ഷണക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് കോഹ്‌ലി. ഒരു കാലത്ത് കൊഴുപ്പു കുടിയ ഭക്ഷണങ്ങൾ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, പിന്നീട് തന്റെ ഡയറ്റിൽ വലിയ മാറ്റങ്ങൾ വരുത്തി. എണ്ണയിൽ പൊരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ അദ്ദേഹം പൂർണ്ണമായും ഒഴിവാക്കി. ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങൾക്കാണ് നിലവിൽ അദ്ദേഹം മുൻഗണന നൽകുന്നത്. പച്ചക്കറികളിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ഉറപ്പുവരുത്തുന്നു. പരിപ്പ് വർഗ്ഗങ്ങൾ, ചീര, ടോഫു, സാലഡുകൾ എന്നിവ അദ്ദേഹത്തിന്റെ ഡയറ്റിലെ സ്ഥിരം സാന്നിധ്യമാണ്. ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും അനാവശ്യ കൊഴുപ്പ് ഒഴിവാക്കാനുമാണ് അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുള്ളത്

വ്യായാമം പോലെ തന്നെ ശരീരത്തിന് വിശ്രമവും ആവശ്യമാണെന്നാണ് കോലിയുടെ നിലപാട്. യാതൊരു വിട്ടവീഴ്ചയും ചെയ്യാതെ ദിവസവും കൃത്യം 8 മണിക്കൂർ ഉറക്കം അദ്ദേഹം ഉറപ്പാക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്കും കഠിനമായ മത്സരങ്ങൾക്ക് ശേഷമുള്ള റിക്കവറിക്കും അത്യാവശ്യമാണ്. കഠിനമായ ട്രെയിനിങ് സെഷനുകൾക്കും ടൂർണമെന്റുകൾക്കും ശേഷം ശരീരത്തിലെ വേദന കുറയ്ക്കാനായി ഐസ് ബാത്തുകളും സ്പെഷ്യലിസ്റ്റ് ഫിസിയോ സെഷനുകളും പതിവായി ഉപയോഗിക്കുന്നു.

38-ാം വയസ്സിലും വിരാട് കോലി കാണിക്കുന്ന ഈ കഠിനാധ്വാനവും ആത്മനിയന്ത്രണവുമാണ് അദ്ദേഹത്തെ യുവതലമുറയ്ക്ക് എക്കാലത്തെയും മികച്ച ഫിറ്റ്‌നസ് റോൾ മോഡലാക്കുന്നത്. കായികരംഗത്ത് ദീർഘനാൾ തിളങ്ങിനിൽക്കാൻ കഴിവിനേക്കാൾ ഉപരി അച്ചടക്കമാണ് മുഖ്യം എന്ന് കോലിയുടെ ഈ ദിനചര്യ തെളിയിക്കുന്നു.

TAGS :

Next Story