Quantcast

സൈന്യത്തിനൊപ്പം പരിശീലിച്ചതിന് ഇതിനായിരുന്നോ? പാക് ടീമിനെതിരെ തിരിഞ്ഞ് ആരാധകര്‍

ടി20 ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി പാകിസ്താന്‍ സൂപ്പര്‍ 8 കാണാതെ പുറത്തായിരുന്നു

MediaOne Logo

Web Desk

  • Published:

    16 Jun 2024 3:32 AM GMT

സൈന്യത്തിനൊപ്പം പരിശീലിച്ചതിന് ഇതിനായിരുന്നോ? പാക് ടീമിനെതിരെ തിരിഞ്ഞ് ആരാധകര്‍
X

കളിക്കാർക്ക് കഴിയില്ലെന്ന് ഉറപ്പായി... ഇനി ദൈവത്തിനേ ഞങ്ങളെ രക്ഷിക്കാനാവൂ.. ഇന്ത്യക്കും യു.എസ്സിനുമെതിരായ പാകിസ്താന്റെ തോൽവികൾക്ക് ശേഷം മുൻ പാക് നായകൻ മിസ്ബാഉൽ ഹഖ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. ഒടുവിൽ ദൈവവും പാക് പടയെ കൈവിട്ടു. അമേരിക്കക്കെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യയോടും തോറ്റ പാകിസ്താൻ സൂപ്പർ 8 പ്രവേശത്തിന് ഭാഗ്യക്കണക്കുകളും കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അമേരിക്ക അയർലന്റ് മത്സരം മഴയെടുത്തത്തോടെ ബാബർ അസവും സംഘവും നാട്ടിലേക്ക് ടിക്കറ്റെടുത്തു.

ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ടി 20 ലോകകപ്പിൽ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നത്. ഒരു കാലത്ത് ടി20 ക്രിക്കറ്റിലെ വൻതോക്കുകളുമായി അവതരിച്ച് ലോകകപ്പിൽ വരെ മുത്തമിട്ട പാക് പട ഇക്കുറി സൂപ്പർ 8 ൽ കടക്കാതെ പുറത്തായതിൽ ആരാധകർക്ക് അത്ഭുതമൊന്നുമില്ല. ആദ്യമായി ലോകകപ്പിനെത്തുന്ന അമേരിക്കയോട് തോറ്റപ്പോൾ ഏറെക്കുറേ പാകിസ്താന്റെ വിധിയെഴുതപ്പെട്ട് കഴിഞ്ഞിരുന്നു. പിന്നെ ഇന്ത്യക്ക് മുന്നിൽ എക്കാലത്തേയും പോലെ കവാത്ത് മറന്നു. തീയുണ്ടകളുമായി ഇന്ത്യയെ എറിഞ്ഞിട്ടപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ച് രോഹിതും സംഘവും ഞങ്ങളുടെ ആവനാഴിയിലും തീയുണ്ടകളുണ്ടെന്ന് ബാബറിനെ പഠിപ്പിച്ചു.

കഴിഞ്ഞ ഒമ്പത് ലോകകപ്പുകളിലായി അഞ്ച് ക്യാപ്റ്റന്മാരാണ് പാകിസ്താനെ നയിച്ചത്. ശുഐബ് മാലിക്, യൂനിസ് ഖാൻ, ഷാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ്, ബാബർ അസം. ശുഐബ് മാലിക് ടീമിനെ 2007 ലോകകപ്പിന്റെ കലാശപ്പോരിലെത്തിച്ചപ്പോൾ യൂനിസ് ഖാൻ ടീമിനെ 2009 ൽ കിരീടമണിയിച്ചു. ഹഫീസും അഫ്രീദിയും ഓരോ തവണ വീതം ടീമിന് സെമി ടിക്കറ്റെടുത്ത് നല്‍കി. ബാബർ അസം 2021 ൽ സെമിയിലും 2022 ൽ കലാശപ്പോര് വരെയും ടീമിനെ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ വലിയൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി തന്റെ കുപ്പായത്തിൽ തുന്നിച്ചേർത്തിരിക്കുന്നു ബാബർ. ചരിത്രത്തിൽ ആദ്യമായി പാകിസ്താനെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കുന്ന നായകൻ എന്ന റെക്കോർഡാണ് ബാബർ തന്റെ പേരിലെഴുതിച്ചേർത്തത്.

ടി20 ലോകകപ്പ് ആരംഭിക്കും മുമ്പേ പാക് ടീമിലെ പടലപ്പിണക്കങ്ങളും തമ്മിലടികളുമൊക്കെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. ലോകകപ്പിലെ തോൽവികൾക്ക് പിറകേ അത് മറനീക്കി പുറത്ത് വന്നു. ലോകകപ്പിന് തൊട്ട് മുമ്പ് ഷഹീൻ ഷാ അഫ്രിദിയെ തിടുക്കപ്പെട്ട് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി വീണ്ടും ബാബറിനെ പ്രതിഷ്ടിച്ചത് മുൻ താരങ്ങളെയടക്കം ചൊടിപ്പിച്ചു. ബാബറിന് കീഴിൽ ടീം ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങിയപ്പോൾ വിമർശകർ ബാബറിനെ ഒറ്റക്കാണ് പ്രതിക്കൂട്ടിൽ നിർത്തിയത്. കളിക്കാർ തമ്മിൽ ഒത്തിണക്കമില്ലെന്നും ബാബറും അഫ്രീദിയും തമ്മിൽ മിണ്ടാറേയില്ലെന്നും പറഞ്ഞത് ഇതിഹാസ താരം വസീം അക്രമാണ്.

ബാബറിനെതിരെ ഗുരുതരാരോപണങ്ങളുമായി മുൻ താരം അഹ്‌മദ് ഷഹ്‌സാദ് രംഗത്തെത്തി. ബാബർ തന്റെ ഇഷ്ടക്കാരെ ടീമിൽ കുത്തിനിറക്കുന്നുവെന്ന് പറഞ്ഞ ഷഹസാദ് പാക് ടീമിൽ നിരവധി ഗ്യാങ്ങുകളുണ്ടെന്ന് വെളിപ്പെടുത്തി. ബാബർ വെറുമൊരു സോഷ്യൽ മീഡിയാ കിങ് മാത്രമാണെന്ന് ഷഹസാദ് തുറന്നടിച്ചു. പാകിസ്താൻ പുറത്തായതിന് പിന്നാലെ ഷഹസാദ് ബാബറിനെതിരെ വീണ്ടും രൂക്ഷവിമർശനങ്ങളുയർത്തി.

'കഴിഞ്ഞ അഞ്ച് വർഷമായി അഞ്ച് താരങ്ങൾ പാക് ടീമിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. ബാബർ അസം, ഷഹീൻ അഫ്രീദി, ഫകർ സമാൻ, മുഹമ്മദ് രിസ്വാൻ, ഹാരിസ് റഊഫ്... ഇവരുടെ ഫോം മാനേജ്‌മെന്റിന് പ്രശ്‌നമേയല്ല. തോൽക്കുമ്പോഴൊക്കെ ഞങ്ങൾ പിഴവുകളിൽ നിന്ന് പാഠം പഠിക്കും എന്നിക്കൂട്ടര്‍ ആവർത്തിച്ച് പറയുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവർ പഠിച്ചതെന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. കാനഡക്കെതിരെ മികച്ച റൺ റേറ്റിൽ ജയിച്ചാലേ ടീമിന് സാധ്യതകളുണ്ടായിരുന്നുള്ളൂ. ആ മത്സരത്തിൽ ബാബറും രിസ്വാനും വേഗം കുറഞ്ഞ ഇന്നിങ്‌സുകളാണ് പുറത്തെടുത്തത്. വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി ഇവർ പാക് ക്രിക്കറ്റിനെ നശിപ്പിച്ച് കളഞ്ഞു. ടീമിൽ കുറേ സോഷ്യൽ മീഡിയാ കിങ്ങുകളുണ്ട്. നാലോ അഞ്ചോ വർഷം ഇക്കൂട്ടർ തെറ്റു തിരുത്തും എന്ന് പറയുന്നു എന്നല്ലാതെ ടീമിന് നേട്ടങ്ങളൊന്നുമുണ്ടാക്കി തന്നിട്ടില്ല. ടീമില്‍ രാഷ്ട്രീയം കളിക്കുകയാണിവര്‍'- ഷഹസാദ് പറഞ്ഞു.

നേരത്തേ ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പുകൾക്കായി സൈന്യത്തോടൊപ്പം പാക് ടീം പരിശീലനത്തിൽ ഏർപ്പെട്ടത് വലിയ വാർത്തയായിരുന്നു. പാക് താരങ്ങൾക്ക് തീരെ ഫിറ്റ്‌നസില്ലെന്ന പരാതികൾ ഉയർന്നതിന് പിന്നാലെയാണ് സൈന്യത്തിനൊപ്പം പരിശീലനം നടത്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. പത്തിലേറെ ദിവസം നീണ്ടു നിന്ന കഠിന പരിശീലനത്തിലാണ് താരങ്ങൾ ഏർപ്പെട്ടത്. പി.സി.ബിയുടെ പുതിയ ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടേതായിരുന്നു ഈ ഐഡിയ. പാകിസ്താൻ സൂപ്പർ ലീഗിൽ മത്സരങ്ങൾ കാണാനെത്തിയപ്പോൾ പാക് താരങ്ങളുടെ പടുകൂറ്റൻ സിക്‌സുകൾ തനിക്ക് കാണാനായില്ലെന്നും വിദേശകളിക്കാരുടെ നിലവാരത്തിലേക്ക് ഫിറ്റ്‌നസ് ഉയർത്താനാണ് സൈന്യത്തിനൊപ്പം പരിശീലനത്തിന് പദ്ധതിയിട്ടത് എന്നുമായിരുന്നുയിരുന്നു അന്ന് നഖ്വി പറഞ്ഞത്. ഗ്രൂപ്പ് ഘട്ടം കാണാതെ പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്തായതോടെ നഖ്വിയെ ആരാധകർ എയറിലാക്കി. സൈന്യത്തിനൊപ്പം പരിശീലനം നടത്തിയതിന്റെ പവറാണിപ്പോൾ ക്രിക്കറ്റ് ലോകം കണ്ടതെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

പാകിസ്താന്‍റെ പ്രകടനത്തില്‍ ആരാധകര്‍ ഏറെ നിരാശയിലാണ്. ഇന്ത്യാ പാക് മത്സരത്തില്‍ ചരിത്രം ആവര്‍ത്തിച്ച പാക് ടീം തങ്ങളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചതെന്ന് ആരാധകര്‍ തുറന്നടിച്ചു. 3000 യുഎസ് ഡോളറായിരുന്നു ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റ് വില. പാകിസ്താന്റെ റുപ്പിയുടെ മൂല്യം കണക്കാക്കിയാൽ 8 ലക്ഷത്തിലധികം വരും. കൈയ്യിൽ പണമില്ലാതിരുന്ന ഒരു പാക് ആരാധകൻ സ്റ്റേഡിയത്തിലെത്താൻ തന്റെ ട്രാക്ടർ തന്നെ വിറ്റു. ഒടുവില്‍ പാകിസ്താന്‍ തോല്‍വി കണ്ട് മടങ്ങാനായിരുന്നു വിധി. പാക് ടീമിനെ പിന്തുണച്ച് മടുത്തെന്ന രീതിയിലുള്ള ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട് . ഏതായാലും ഇക്കുറി പാക് ടീമില്‍ വലിയ അഴിച്ചു പണികള്‍ നടക്കുമെന്നുറപ്പ്. പല വലിയ തലകളും തെറിക്കുമെന്നാണ് ആരാധകരും ക്രിക്കറ്റ് വിശാരദരുമൊക്കെ വിലയിരുത്തുന്നത്.

TAGS :

Next Story