'വംശീയ ചാന്‍റില്‍ എൻസോക്കെതിരെ എന്ത് നടപടിയെടുത്തു?';ഫിഫയോട് വിശദീകരണം തേടി കിക് ഇറ്റ് ഔട്ട്
കഴിഞ്ഞ കോപ്പ അമേരിക്ക കിരീട നേട്ടത്തിന് ശേഷമാണ് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയ വിഷം തുപ്പി അർജന്‍റൈന്‍ താരങ്ങൾ ആഘോഷം നടത്തിയത്

കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയ ചാന്‍റ് മുഴക്കിയ അർജന്‍റൈന്‍ താരം എൻസോ ഫെർണാണ്ടസിനും സഹതാരങ്ങൾക്കുമെതിരെ ഫിഫ എന്ത് നടപടിയെടുത്തു എന്ന ചോദ്യവുമായി കിക്ക് ഇറ്റ് ഔട്ട്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീട നേട്ടത്തിന് ശേഷമാണ് വംശീയ വിഷം തുപ്പി അർജന്‍റൈന്‍ താരങ്ങൾ ആഘോഷം നടത്തിയത്. അന്ന് തന്നെ സംഭവത്തിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാലിതുവരെ താരത്തിനെതിരെ നടപടിയുണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഫുട്‌ബോൾ മൈതാനങ്ങളിലെ വംശീയതക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ കിക്ക് ഇറ്റ് ഔട്ട് ഫിഫയോട് വിശദീകരണം തേടിയത്.
ഫ്രഞ്ച് താരങ്ങളെ അപമാനിച്ച് കൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. എന്‍സോയും സഹതാരങ്ങളും ചേര്‍ന്ന് പാടിയ ചാന്‍റുകളിലെ വരികള്‍ ഇങ്ങനെ.
"കേൾക്കൂ, ലോകമെമ്പാടും പ്രചരിപ്പിക്കൂ.. അവരെല്ലാം അങ്കോളയിൽ നിന്നുള്ളവരാണ്. അവർ ട്രാൻസ്ജൻഡറുകൾക്ക് ഒപ്പം അന്തിയുറങ്ങും. അവരുടെ അമ്മമാര്‍ നൈജീരിയക്കാരാണ്. പിതാക്കന്മാര്‍ കാമറൂൺകാരും. പക്ഷേ പാസ്പോർട്ടിൽ പറയുന്നു അവർ ഫ്രഞ്ചുകാർ ആണെന്ന്".
വീഡിയോ ദൃശ്യങ്ങള്‍ വിവാദമായതോടെ എന്‍സോ ഫെര്‍ണാണ്ടസ് ക്ഷമാപണവുമായി രംഗത്തെത്തി. വിജയാഘോഷങ്ങൾക്കിടെ തങ്ങൾ പാടിയ ചാന്‍റ് ഏറെ പ്രകോപനപരമായിരുന്നു എന്നും അതിൽ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും എൻസോ പറഞ്ഞു.
'കോപ്പ അമേരിക്ക വിജയഘോഷങ്ങൾക്കിടെ എന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ആ വീഡിയോയുടെ പേരിൽ ഞാൻ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ആ ചാന്റുകൾ ഏറെ പ്രകോപനപരമായിരുന്നു. അതിൽ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ല. എല്ലാ വിധ വിവേചനങ്ങൾക്കെതിരെയും ഞാൻ നിലയുറപ്പിക്കുന്നു. ആ വീഡിയോ, ആ നിമിഷം, ആ വാക്കുകൾ, എൻ്റെ വിശ്വാസങ്ങളെയോ എൻ്റെ സ്വഭാവത്തെയോ അതൊന്നും പ്രതിഫലിപ്പിക്കുന്നില്ല'- എന്‍സോ പറഞ്ഞു.
Adjust Story Font
16

