Quantcast

ദേവ്ദത്ത് പടിക്കലിനെ എന്താണ് ചെയ്യേണ്ടത്? ഉത്തരമില്ലാതെ രാജസ്ഥാൻ റോയൽസ്‌

ഫീൽഡിങ് നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ബാറ്റിങിന് എത്തുന്ന പടിക്കൽ തുഴയുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-04-06 06:54:56.0

Published:

6 April 2023 6:36 AM GMT

Devdutt Padikkal, Rajasthan Royals
X

ദേവ്ദത്ത് പടിക്കല്‍

ജയ്പൂർ: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ കത്തിക്കയറിയ ദേവ്ദത്ത് പടിക്കലിനെ ആരും മറന്നിട്ടില്ല. പടിക്കലിനെ താരമാക്കിയതും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടവനാക്കിയതും ഒരൊറ്റ സീസണിലെ പ്രകടനമായിരുന്നു. 2019ലാണ് പടിക്കൽ ബാംഗ്ലൂരിലെത്തുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കായിരുന്നു താരത്തിന്റെ ബാംഗ്ലൂർ പ്രവേശം. ആ സീസണിൽ ബെഞ്ചിലിരുന്നു കളി കണ്ടെങ്കിലും 2020ൽ കഥ മാറി. കിട്ടിയ അവസരം ഈ ഇടംകയ്യൻ ബാറ്റർ മുതലെടുത്തു.

സീസൺ അവസാനിച്ചപ്പോൾ 15 മത്സരങ്ങളിൽ നിന്ന് 473 റൺസും എമർജിങ് പ്ലെയർ അവാർഡും താരം സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്ലിയും ഡിവില്ലിയേഴ്‌സും മാക്‌സ്‌വെലുമെല്ലാമുള്ള വൻതാരനിരക്കൊപ്പം പൊരുതിയായിരുന്നു പടിക്കൽ പടി ചവിട്ടിക്കയറിയത്. 2021ലും ഫോം തുടർന്നു. ഒരു സെഞ്ച്വറിയുൾപ്പെടെ 411 റൺസാണ് പടിക്കൽ ചേർത്തത്. അവിടെയെല്ലാം പടിക്കൽ തിളങ്ങിയത് ഓപ്പണറുടെ റോളിലായിരുന്നു. താരത്തിന്റെ മൂല്യം കുത്തനെ ഉയരുകയും ചെയ്തു. എന്നാൽ വൻവിലകൊടുത്ത് രാജസ്ഥാൻ പടിക്കലിനെ സ്വന്തമാക്കിയതോടെയാണ് കഷ്ടകാലം ആരംഭിക്കുന്നത്.

ഓപ്പണറുടെ റോളിൽ ബട്‌ലർക്ക് കൂട്ടായി യശ്വസി ജയ്‌സ്വാൾ ഉറപ്പായതോടെ മധ്യനിരയിലായി പടിക്കലിന്റെ സ്ഥാനം. ഇപ്പോൾ ഫോം നിലനിർത്താൻ തപ്പിത്തടയുകയാണ് പടിക്കൽ. കഴിഞ്ഞ സീസണിൽ ബാറ്റിങിന് ഒരു കൃത്യസ്ഥാനം പടിക്കലിന് കൊടുത്തിരുന്നില്ല. മൂന്നാമനായും നാലാമനായും ഒക്കെ താരത്തെ കണ്ടു. 17 മത്സരങ്ങളിൽ നിന്നായി 376 റൺസുമായാണ് 2021 പടിക്കൽ അവസാനിപ്പിച്ചത്, ആവറേജ് 22.12! എന്നിരുന്നാലും താരത്തെ രാജസ്ഥാൻ നിലനിർത്തി. മികച്ച ഫോമിലുള്ള യശ്വസി ജയ്‌സ്വാളിനെ മാറ്റി ഓപ്പണറുടെ റോളിലേക്ക് പടിക്കലിനെ ഇതുവരെ പരിഗണിച്ചിട്ടില്ല.

രാജസ്ഥാന്റെ രണ്ട് മത്സരങ്ങളിലും മൂന്നാമനായാണ് പടിക്കൽ ഇറങ്ങിയത്. ഫീൽഡിങ് നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ബാറ്റിങിന് എത്തുന്ന താരത്തിന് ഒന്നും ചെയ്യാനാകുന്നില്ല. സൺറൈസൈഴ്‌സിനെതിരായ ആദ്യ മത്സരത്തിൽ പതിമൂന്നാം ഓവറിലാണ് പടിക്കൽ ബാറ്റിങിന് എത്തിയത്. ഉംറാൻ മാലികിന്റെ പന്തിൽ സ്റ്റമ്പ് തെറിച്ച് പുറത്താകുകയും ചെയ്തു, സമ്പാദ്യം വെറും രണ്ട് റൺസ്. പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിലും പടിക്കലിന്റെ ഫോം ദയനീയമായിരുന്നു. 21 പന്തിൽ നേടിയത് 26 റൺസ്. ഡോട്ട് ബോളുകൾ ഏറെ. എടുക്കേണ്ട റൺസും പന്തും തമ്മിലെ അകലം വർധിക്കുമ്പോൾ ഡോട്ട്‌ബോളുകൾ വരുന്നത് ചേസിങിനെ കാര്യമായിട്ട് തന്നെ ബാധിക്കും.

മിഡിൽ ഓവറുകളിൽ താരത്തിന് കാര്യമായി പന്ത് കണക്ട് ചെയ്യാനാകുന്നുമില്ല. ഏതായാലും താരത്തിനെതിരെ രാജസ്ഥാൻ ആരാധകർ രംഗത്ത് എത്തിക്കഴിഞ്ഞു. ഓരോ മത്സര വിജയവും നിർണായകമായതിനാൽ പടിക്കലിനെ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തണമെന്നാണ് ആരാധകർ പറയുന്നത്. പഞ്ചാബിനെതിരായ തോല്‍വിക്ക് കാരണം പടിക്കലെന്നും കുറ്റപ്പെടുത്തുന്നു. അതേസമയം ഇംപാക്ട് പ്ലെയറായി താരത്തെ പരിഗണിക്കണമെന്ന് പറയുന്നവരും കുറവല്ല. അല്ലെങ്കിൽ ഓപ്പണിങ് സ്ലോട്ടിലേക്ക് കൊണ്ടുവരണം. നിലവിൽ രാജസ്ഥാനിൽ അങ്ങനെയൊരു സാഹചര്യമില്ല. എന്തായാലും വരും മത്സരങ്ങളില്‍ സഞ്ജുവിന്റെ തീരുമാനം എന്താകും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

TAGS :

Next Story