Quantcast

സഞ്ജു ടീമിലെത്തുമോ? ഇന്ത്യ-വിന്‍ഡീസ് ഏകദിനം; പ്രതീക്ഷയോടെ ആരാധകര്‍

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ലോകറെക്കോര്‍ഡാണ്. ഒരു ടീമിനെതിരായി തുടര്‍ച്ചയായ 12 പരമ്പര വിജയമെന്ന നേട്ടമാകും ഇന്ത്യ സ്വന്തമാക്കുക.

MediaOne Logo

Web Desk

  • Updated:

    2022-07-22 12:35:52.0

Published:

22 July 2022 12:30 PM GMT

സഞ്ജു ടീമിലെത്തുമോ? ഇന്ത്യ-വിന്‍ഡീസ് ഏകദിനം; പ്രതീക്ഷയോടെ ആരാധകര്‍
X

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. ഡി.ഡി സ്പോര്‍ട്സില്‍ കളി തത്സമയം കാണാം. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന സൂചനയെ പ്രതീക്ഷയോടെയാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്. ഇന്ന് ടീമിലുള്‍പ്പെട്ടാല്‍ സഞ്ജുവിന് തന്‍റെ കരിയറിലെ രണ്ടാം ഏകദിനത്തിനായിരിക്കും അവസരം ലഭിക്കുക. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലേക്ക് പരിഗണിക്കാതെ ഏകദിന പരമ്പരയിലേക്ക് മാത്രമാണ് സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന(2-1)-ടി20(2-1) പരമ്പര ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസാകട്ടെ ബംഗ്ലാദേശിനോടേറ്റ(3-0) കനത്ത പരാജയത്തിന്‍റെ ക്ഷീണവുമായാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. 2006ല്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തില്‍ ഇന്ത്യക്കെതിരെ നേടിയ പരമ്പര വിജയത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരായ ഏകദിന വിജയം ബാലികേറാമലയാണ്. നാണക്കേടിന്‍റെ ചരിത്രം മാറ്റിയെഴുതാനായിരിക്കും നിക്കോളാസ് പൂരന്‍റെയും സംഘത്തിന്‍റെയും ശ്രമം

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രോഹിത്തിന് പുറമേ വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കും വിന്‍ഡീസ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിനിടെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ കോവിഡ് ബാധിച്ച് ടീമിന് പുറത്തായതും രവീന്ദ്ര ജഡേജ പരിക്കിന്‍റെ പിടിയിലായതും ഇന്ത്യയെ അലട്ടുന്നുണ്ട്.

അതേസമയം വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ലോകറെക്കോര്‍ഡാണ്. ഒരു ടീമിനെതിരായി തുടര്‍ച്ചയായി 11 പരമ്പര വിജയമെന്ന പാകിസ്താന്‍റെ ലോക റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ. ഈ പരമ്പര കൂടി ജയിച്ചാല്‍ ഒരു ടീമിനെതിരെ തുടര്‍ച്ചയായി 12 പരമ്പരകള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാകും. പാകിസ്താന്‍ 11 പരമ്പരകള്‍ തുടര്‍ച്ചയായി വിജയിച്ചത് സിംബാബ്വേക്കെതിരെയാണ്.

ഇന്ത്യയുടെ സാധ്യതാ ഇലവൻ

ശിഖർ ധവാൻ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ,പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്



TAGS :

Next Story