Quantcast

ടെസ്റ്റ് ചാംപ്യൻഷിപ്പ് കലാശപ്പോരിന് നാളെ തുടക്കം; കോഹ്ലിയോ വില്യംസണോ? ആരുയര്‍ത്തും കന്നിക്കിരീടം?

രണ്ടു വർഷം നീണ്ട പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ അന്തിമ പോരാട്ടത്തിനാണ് നാളെ ഇന്ത്യൻ സമയം വൈകീട്ട് 3.30ന് സൗത്താംപ്ടണില്‍ തുടക്കമാകുന്നത്

MediaOne Logo

Web Desk

  • Published:

    17 Jun 2021 1:55 PM GMT

ടെസ്റ്റ് ചാംപ്യൻഷിപ്പ് കലാശപ്പോരിന് നാളെ തുടക്കം; കോഹ്ലിയോ വില്യംസണോ? ആരുയര്‍ത്തും കന്നിക്കിരീടം?
X

ക്രിക്കറ്റിന്റെ പരമ്പരാഗത, ക്ലാസിക്കൽ രൂപമായ ടെസ്റ്റിന്റെ സർവസൗന്ദര്യങ്ങളും സമ്മേളിക്കുന്ന നിർണായക പോരാട്ടത്തിന് നാളെ ഇംഗ്ലീഷ് മണ്ണിൽ തുടക്കം കുറിക്കുന്നു. രണ്ടു വർഷത്തോളം നീണ്ട പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങളുടെ അന്തിമ പോരാട്ടത്തിനാണ് ഇന്ത്യൻ സമയം വൈകീട്ട് 3.30ന് സൗത്താംപ്ടണിലെ ഏജിയസ് ബൗൾ സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരിൽ കിരീടം മോഹിച്ച് ഇറങ്ങുന്നത് സമകാലിക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ന്യൂസിലൻഡുമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകക്രിക്കറ്റിനെ അടക്കിഭരിക്കുന്ന തരത്തിലുള്ള ഫോമിലാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻപടയുള്ളത്. കഴിഞ്ഞ വർഷം അവസാനത്തിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ പോയി ഇന്ത്യ തകർത്തുകളഞ്ഞത് യുവനിരയുടെ കരുത്തിലായിരുന്നു. തുടർന്ന് നാട്ടിൽ നടന്ന ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും ടീം ഇന്ത്യയ്ക്ക് മിന്നുന്ന വിജയം സ്വന്തമാക്കിക്കൊടുത്തതും ഈ പുതുനിര തന്നെയായിരുന്നു. അതിനാൽ, പരിചയ സമ്പത്തിനൊപ്പം പുതിയ പ്രതീക്ഷകളുയർത്തുന്ന യുവകരുത്തും ചേർത്തായിരിക്കും ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരിനിറങ്ങുക.

ടീമെന്ന നിലയ്ക്ക് ഇന്ത്യ ശക്തവും ഭദ്രവുമാണെങ്കിലും അന്തിമ ഇലവന്റെ കാര്യത്തിൽ നാളെ അവസാന നിമിഷത്തിൽ മാത്രമേ അന്തിമ ചിത്രം പുറത്തുവരാനിടയുള്ളൂ. പരിചയസമ്പന്നനായ ഫുൾടൈം സ്പിന്നറെയോ അല്ലെങ്കിൽ ഓൾറൗണ്ടറെയോ മാറ്റിനിർത്തി സൗത്താംപ്ണിലെ സാഹചര്യത്തിനിണങ്ങുന്ന തരത്തിൽ നാല് സീമർമാരുമായി ഇന്ത്യ ഇറങ്ങുമോ എന്നു തന്നെയാണ് ആരാധകരും കളി നിരീക്ഷകരും ഉറ്റുനോക്കുന്നത്.

എന്നാല്‍, ദിവസങ്ങൾക്കുമുൻപ് ആതിഥേയരായ ഇംഗ്ലണ്ടിനെ തറപറ്റിച്ചാണ് കെയിൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ഇന്ത്യയെ നേരിടാനെത്തുന്നത്. 1-0ത്തിനാണ് കിവീസ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ഒരു പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് കിവീസ് സംഘം ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ കീഴടക്കുന്നത്. വെറുമൊരു 'മുന്നൊരുക്ക മത്സരം' എന്നതിനപ്പുറം വലിയ ആത്മവിശ്വാസവും ടീം കെട്ടുറപ്പുമാണ് ഈ പരമ്പരയിലൂടെ കിവികൾ സ്വന്തമാക്കിയിട്ടുള്ളത്. ആത്മവിശ്വാസത്തിന്റെയും ടീം ഭദ്രതയുടെയും ഉച്ചിയിലുള്ള ഈ ന്യൂസിലൻഡ് നിര ഇന്ത്യയ്ക്കു വെല്ലുവിളിയുയർത്താൻ എന്തുകൊണ്ടും പോന്നതാണ്.

TAGS :

Next Story