Quantcast

ആരാധനാലയ സംരക്ഷണ നിയമത്തിലും കൈവയ്ക്കുന്നു; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രിംകോടതി

1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യാതെ അതാതു മതവിഭാഗങ്ങളുടെ കൈവശം സംരക്ഷിച്ചു നിർത്തണമെന്ന നിയമത്തിലാണ് കോടതിയുടെ ഇടപെടൽ

MediaOne Logo

  • Published:

    12 March 2021 4:40 PM IST

ആരാധനാലയ സംരക്ഷണ നിയമത്തിലും കൈവയ്ക്കുന്നു; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രിംകോടതി
X

ന്യൂഡൽഹി: ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്രസർക്കാറിന് നോട്ടീസയച്ച് സുപ്രിംകോടതി. 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യാതെ അതാതു മതവിഭാഗങ്ങളുടെ കൈവശം സംരക്ഷിച്ചു നിർത്തണമെന്ന നിയമത്തിലാണ് കോടതിയുടെ ഇടപെടൽ.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവർ അടങ്ങുന്ന ബഞ്ചാണ് കേന്ദ്ര ആഭ്യന്തര, നിയമ, സാംസ്‌കാരിക മന്ത്രാലയങ്ങൾക്ക് നോട്ടീസ് അയച്ചത്. 1991ൽ പാസാക്കിയ ആരാധനാലയ (സ്‌പെഷ്യൽ പ്രൊവിഷൻ) ആക്ടിലെ വകുപ്പ് രണ്ട്, മൂന്ന്, നാല് വകുപ്പുകൾ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

'കൃഷ്ണ ദേവന്റെ ജന്മസ്ഥലം തിരിച്ചുകിട്ടാനായി നൂറ്റാണ്ടുകളായി ഹിന്ദുക്കൾ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇതിനായി സമാധാനപരമായ സമരവും നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ അയോധ്യയിലെ രാമന്റെ ജന്മസ്ഥലം മാത്രമാണ് കേന്ദ്രം നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മഥുരയിലെ കൃഷ്ണ ജന്മസ്ഥലത്തിന് ഒഴിവില്ല. രണ്ടും മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്'- ഹർജിയിൽ പറയുന്നു.

ആരാധനാലയങ്ങളിൽ നേരത്തെ നടന്ന കടന്നു കയറ്റങ്ങൾക്ക് പരിരക്ഷ നൽകുന്നതാണ് നിയമം. ഇത് മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും ഹർജിക്കാർ ആരോപിച്ചു.

നേരത്തെ, യുപി മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് നില നിൽക്കുന്ന സ്ഥലം കൃഷ്ണജന്മഭൂമിയാണെന്നും പള്ളി പൊളിച്ചു നീക്കണമെന്നും സംഘ്പരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം സിവിൽ കോടതി തള്ളുകയായിരുന്നു. 1991ലെ നിയമം അനുസരിച്ചായിരുന്നു കോടതി വിധി.

സുപ്രിംകോടതി ഇടപെടലിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. 'അയോധ്യയിലെ വിധിക്ക് ശേഷം മറ്റു മസ്ജിദുകളുടെ കാര്യത്തിൽ ഭയം വേണ്ട എന്നാണ് പറഞ്ഞിരുന്നത്. ഈ നിയമമായിരുന്നു കാരണം. കോടതിയിൽ സർക്കാറിന്റെ നിലപാട് ഇക്കാര്യത്തിൽ എന്താകും?' - അദ്ദേഹം ചോദിച്ചു.

TAGS :

Next Story