Quantcast

തനിപകർപ്പല്ലേ? മെറ്റയുടെ ത്രെഡ്‌സിലില്ലാത്ത പത്ത് ട്വിറ്റർ ഫീച്ചറുകൾ...

ഇൻസ്റ്റഗ്രാം ടീമാണ് ത്രെഡ്‌സ്‌ ഡിസൈൻ ചെയ്തതും വികസിപ്പിച്ചതും

MediaOne Logo

Web Desk

  • Published:

    10 July 2023 7:10 AM GMT

10 Twitter Features Not in Metas Threads
X

ഇലോൺ മസ്‌കിന്റെ ട്വിറ്ററിന് വെല്ലുവിളിയായാണ് മാർക്ക് സക്കർബർഗിന്റെ മെറ്റ ത്രെഡ്‌സെന്ന പുതിയ മൈക്രോ ബ്ലോഗിങ് അപ്ലിക്കേഷൻ അവതരിപ്പിച്ചത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ 100 മില്യൺ ഉപഭോക്താക്കളാണ് ത്രെഡ്‌സിൽ ചേർന്നത്. ഇൻസ്റ്റഗ്രാം ടീമാണ് ത്രെഡ്‌സ്‌ ഡിസൈൻ ചെയ്തതും വികസിപ്പിച്ചതും.

ട്വിറ്ററിനെ അനുസ്മരിപ്പിക്കുന്നതാണ്‌ ത്രെഡ്‌സിന്റെ പല ഫീച്ചറുകളും. ത്രെഡ്സിലൂടെ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന് ട്വിറ്റർ വക്കീൽ നോട്ടിസ് അയക്കുന്നത് വരെ കാര്യങ്ങളെത്തിയിരുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും ജനപ്രിയ മൈക്രോ ബ്ലോഗിങ് ട്വിറ്ററിൽ ലഭ്യമായ പല കാര്യങ്ങളും ത്രെഡ്‌സിലില്ലെന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. ഇൻഡ്യൻ എക്‌സ്പ്രസ്.കോം പങ്കുവെച്ച അവ ഏതൊക്കെയെന്ന് നോക്കാം:

ഹാഷ്ടാഗുകളില്ല

ട്വിറ്ററിലെ ട്രെൻഡിംഗ് വിഷയങ്ങൾ കണ്ടെത്താനുള്ള ഉപാധിയാണ് ഹാഷ്ടാഗുകൾ. സുപ്രധാനമായ മൈക്രോ ബ്ലോഗിങ് ഫീച്ചറായ ഈ സൗകര്യം നിലവിൽ ത്രെഡ്‌സിലില്ല. എന്നാൽ മെറ്റയുടെ തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വർഷങ്ങളായി ഈ സൗകര്യമുണ്ട്. ത്രെഡ്‌സിലും സമീപ ഭാവിയിൽ ഹാഷ്ടാഗെത്തിയേക്കും.

വെബ് വേർഷനില്ല

വെബ് ബ്രൗസർ വഴിയും ട്വിറ്റർ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ത്രെഡ്‌സ് ഇപ്പോൾ ആപ്പ് വഴി മാത്രമേ ലഭിക്കൂ. ത്രെഡ്‌സ്.നെറ്റ് എന്ന പേരിലുള്ള വെബ്‌സൈറ്റുണ്ട്. എന്നാൽ അത് ത്രെഡിന്റെ ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമേ തരുന്നുള്ളൂ.

പോസ്റ്റുകൾ എഡിറ്റ് ചെയ്യാനാകില്ല

പ്രീമിയം ഉപഭോക്താക്കൾക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ട്വിറ്റർ ഈയടുത്ത് നൽകിയിരുന്നു. എന്നാൽ ത്രെഡ്‌സിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ പിന്നീട് എഡിറ്റ് ചെയ്യാനാകില്ല. അങ്ങനെ തിരുത്തേണ്ടി വന്നാൽ ഡിലീറ്റ് ചെയ്യുകയോ നിവൃത്തിയുള്ളൂ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഈ ഫീച്ചറുണ്ടായിരിക്കേ ത്രെഡ്‌സിലുമെത്തും.

ഡയറക്ട് മെസേജ് സൗകര്യമില്ല

ത്രെഡിൽ ഡയറക്ട് മെസേജിംഗ് സൗകര്യം നിലവിലില്ല. സുരക്ഷ വർധിപ്പിക്കാനായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഈയടുത്ത് ഉൾപ്പെടുത്തിയിരുന്നു.

എഐ ജനറേറ്റഡ് ആൾട്ട് ടെക്‌സ്റ്റ്

ആൾട്ട് ടെക്‌സ്റ്റ് അല്ലെങ്കിൽ ആൾട്ടർനേറ്റീവ് ടെക്‌സ്റ്റ് ചിത്രത്തിനോ വീഡിയോക്കോയുള്ള വിവരണമാണ്. മിക്ക സമൂഹ മാധ്യമങ്ങളും ആൾട്ട് ടെക്‌സ്റ്റ് ഇഷ്ടാനുസരണം ചെയ്യാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ത്രെഡിൽ ഈ സൗകര്യമില്ല. കംപ്യൂട്ടർ നിർമിത ആൾട്ടർനേറ്റീവ് ടെക്‌സ്റ്റുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. സ്‌ക്രീൻ റീഡിംഗ് നടത്തുന്നവർക്ക് ഇത് ലഭ്യത കുറയ്ക്കും.

ട്രെൻഡിംഗ് ടോപിക്‌സില്ല

ട്വിറ്ററിൽ പുതിയ വാർത്തകൾ കണ്ടെത്താൻ സഹായിക്കുന്ന സവിശേഷതയാണ് ട്രെൻഡിംഗ് ടോപിക്‌സ്. എന്നാൽ ത്രെഡ്‌സിൽ സെക്ഷനില്ല. ത്രെഡ് ഹാർഡ് ന്യൂസിന് വേണ്ടിയുള്ളതല്ലെന്നാണ് ഇൻസ്റ്റഗ്രാം സിഇഒയായ ആദം മൂസ്സെരി പറയുന്നത്. എങ്കിലും ട്രെൻഡിംഗ് ടോപിക്‌സ് ഉടൻ വന്നേക്കും.

പരസ്യമില്ല

ഉപഭോക്താക്കൾക്ക് ഇഷ്ടമായോക്കാവുന്ന സൗകര്യമാണ് പരസ്യമില്ലാതിരിക്കുന്നത്. ട്വിറ്ററിൽ പരസ്യവർഷമുണ്ടാകുമ്പോൾ ത്രെഡ്‌സിൽ ആ ബുദ്ധിമുട്ടില്ല. ഒരു ബില്യൺ ഉപഭോക്താക്കൾ ഉണ്ടാകുന്നത് വരെ പരസ്യങ്ങളുണ്ടാകില്ലെന്ന് സക്കർബർഗ് സൂചന നൽകിയിരുന്നു.

ഫോളോവിംഗ് ഫീഡില്ല

ട്വിറ്ററിൽ ഫോർ യൂ, ഫോളോവിംഗ് ഫീഡ് എന്നിവ നമുക്ക് വേണ്ടത് നിർദേശിക്കുമെങ്കിൽ ത്രെഡ്‌സിൽ ആ സൗകര്യമില്ല.

ക്രൊണോളജിക്കൽ ഫീഡില്ല

ക്രൊണോളജിക്കൽ ഫീഡ് സൗകര്യം ട്വിറ്ററിലുണ്ട്. ത്രെഡ്‌സിൽ ഇപ്പോൾ റാൻഡം ഫീഡാണ് ലഭിക്കുന്നത്.

.....................

ട്വിറ്റർ കേസിന് പോകുന്നു

ത്രെഡ്സ്' ആപ്പ് ലോഞ്ച് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴേക്കും കോടിയിലേറെ പേർ സൈൻ അപ്പ് ചെയ്തിരുന്നു. ത്രെഡ്സിലൂടെ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ച് മാർക്ക് സക്കർബർഗിന് അലെക്സ് സ്പിറോ വഴിയാണ് ട്വിറ്റർ സി.ഇ.ഒ മസ്‌ക് നോട്ടിസ് നൽകിയത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ട്വിറ്റർ കർശനമായി നടപ്പാക്കാൻ പോകുകയാണ് പുറത്തുവന്ന നോട്ടിസിൽ പറയുന്നു.

ട്വിറ്ററിന്റെ വ്യാപാരരഹസ്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതീവ രഹസ്യാത്മകമായ വിവരങ്ങൾ ത്രെഡ്സിലൂടെ ചോർത്തിയതായും ആരോപണമുണ്ട്. തങ്ങളുടെ ഡിസൈനും ഘടനയും പ്രവർത്തനരീതിയിലുമെല്ലാം അപ്പാടെ പകർത്തിയിരിക്കുകയാണ് ത്രെഡ്സിലെന്നാണ് ട്വിറ്റർ ഉയർത്തുന്ന പ്രധാന ആരോപണം.

ട്വിറ്റർ ജീവനക്കാരായിരുന്ന നിരവധി പേരെ ത്രെഡ്സ് കമ്പനിയിലെടുത്തിട്ടുണ്ടെന്നും നോട്ടിസിൽ സൂചിപ്പിക്കുന്നുണ്ട്. ട്വിറ്ററിൻെര വ്യാപാരരഹസ്യവും അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങളുമെല്ലാം അറിയുന്നവരാണ് ഇവർ. കമ്പനിയുടെ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരിൽ പലരും തിരിച്ചുനൽകിയിട്ടില്ല. ഇതേ ആളുകളെയാണ് ബോധപൂർവം ത്രെഡ്സ് വികസിപ്പിക്കാൻ മെറ്റ ഏൽപിച്ചിരിക്കുന്നത്. ഇവരാണ് വെറും മാസങ്ങൾക്കുള്ളിൽ ട്വിറ്ററിന്റെ 'ഈച്ചക്കോപ്പി' പോലെ ത്രെഡ്സ് തട്ടിക്കൂട്ടിയിരിക്കുന്നതെന്നും ട്വിറ്ററിന്റെ വ്യാപാരരഹസ്യം വ്യവസ്ഥാപിതവും ബോധപൂർവവും നിയമവിരുദ്ധവുമായി ദുരുപയോഗപ്പെടുത്തപ്പെട്ടിരിക്കുകയാണെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി.

കത്ത് മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. മത്സരമൊക്കെയാകാം, വഞ്ചന അരുതെന്ന കുറിപ്പുമായാണ് കത്തിന്റെ പകർപ്പ് മസ്‌ക് പോസ്റ്റ് ചെയ്തത്. ട്വിറ്ററിന്റെ കത്തിനെക്കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

10 Twitter Features Not in Meta's Threads

TAGS :
Next Story