അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? പാസ്‌വേഡ് മാത്രം മാറ്റിയാൽ പോര; ഈ വലിയ അബദ്ധങ്ങൾ ഒഴിവാക്കൂ
പാസ്‌വേഡ് മാറ്റുന്നതോടെ എല്ലാം സുരക്ഷിതമായി എന്ന് കരുതുന്നത് തികച്ചും തെറ്റാണ്

സോഷ്യൽ മീഡിയ അക്കൗണ്ടോ ബാങ്ക് വിവരങ്ങളോ ഇമെയിലോ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിയുന്ന നിമിഷം ആരും പരിഭ്രാന്തരാകും. ഉടൻ തന്നെ പാസ്‌വേഡ് മാറ്റി പ്രശ്നം പരിഹരിച്ചെന്ന് കരുതി സമാധാനിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം ഉപയോക്താക്കൾ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണിത്. ഹാക്കിങ് എന്നത് നിങ്ങളുടെ പൂർണമായ ഡാറ്റാ ചോർച്ചയായതിനാൽ കേവലം പാസ്‌വേഡ് മാറ്റിയത് കൊണ്ടുമാത്രമായില്ല.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
പാസ്‌വേഡ് മാറ്റുന്നതിൽ മാത്രം ഒതുങ്ങരുത്
പാസ്‌വേഡ് മാറ്റുന്നതോടെ എല്ലാം സുരക്ഷിതമായി എന്ന് കരുതുന്നത് തികച്ചും തെറ്റാണ്. നിങ്ങൾ പാസ്‌വേഡ് മാറ്റുന്നതിന് മുമ്പ് തന്നെ ഹാക്കർ നിങ്ങളുടെ റിക്കവറി ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, അക്കൗണ്ട് ആക്സസ് ചെയ്യാനുള്ള മറ്റ് സെറ്റിങ്സുകൾ എന്നിവ മാറ്റിയിട്ടുണ്ടാകാം.
വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ കയറിയതിന് ശേഷം, മുൻവാതിലിന്റെ പൂട്ട് മാത്രം മാറ്റിയിട്ട് കാര്യമില്ലല്ലോ? വീടിനുള്ളിൽ എവിടെയൊക്കെ അവർ കയറിയിട്ടുണ്ടെന്നും, ഇനിയും അകത്തുകയറാൻ പഴുതുകൾ ബാക്കിവെച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ പുതിയ പാസ്‌വേഡ് നൽകി ലോഗിൻ ചെയ്ത ശേഷം അക്കൗണ്ട് സെറ്റിങ്സിൽ സംശയാസ്പദമായ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.
മറ്റ് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുക
നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് ഇമെയിൽ. ഒരു ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ, അതിലൂടെ നിങ്ങളുടെ ഓൺലൈൻ ഷോപ്പിങ്, ബാങ്കിങ്, ക്ലൗഡ് സ്റ്റോറേജ് തുടങ്ങി മറ്റ് പല അക്കൗണ്ടുകളിലേക്കും ഹാക്കർമാർക്ക് എളുപ്പത്തിൽ കടക്കാൻ സാധിക്കും. ഒരേ പാസ്‌വേഡ് തന്നെ പലയിടത്തും ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ അപകടം ഇരട്ടിയാകും.
അതുകൊണ്ട് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിനൊപ്പം, മറ്റ് പ്രധാന അക്കൗണ്ടുകളുടെ പാസ്‌വേഡുകളും മാറ്റാൻ മറക്കരുത്. കൂടാതെ, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ അഥവാ ടൂ-സ്റ്റെപ്പ് വെരിഫിക്കേഷൻ എല്ലാ അക്കൗണ്ടുകൾക്കും നിർബന്ധമായും ഓൺ ആക്കി വെക്കുക.
സാമ്പത്തിക തട്ടിപ്പുകളും ഐഡന്റിറ്റി മോഷണവും ശ്രദ്ധിക്കുക
ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് പലപ്പോഴും വലിയ സാമ്പത്തിക തട്ടിപ്പുകൾക്ക് തുടക്കമാകാം. നിങ്ങളുടെ അക്കൗണ്ടിൽ സേവ് ചെയ്തിട്ടുള്ള കാർഡ് വിവരങ്ങൾ ഉപയോഗിച്ച് അനാവശ്യ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്തുക. കൂടാതെ, നിങ്ങളുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടാനും ഹാക്കർമാർ ശ്രമിച്ചേക്കാം.
സൈബർ ആക്രമണം നേരിട്ടാൽ എന്തുചെയ്യണം?
ഓൺലൈൻ തട്ടിപ്പുകൾക്കോ സൈബർ ആക്രമണങ്ങൾക്കോ ഇരയായാൽ ഒട്ടും വൈകാതെ തന്നെ താഴെ പറയുന്ന നടപടികൾ സ്വീകരിക്കുക:
- കേന്ദ്ര സർക്കാരിന്റെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലായ cybercrime.gov.in വഴി ഉടൻ പരാതി രജിസ്റ്റർ ചെയ്യുക.
- അല്ലെങ്കിൽ 1930 എന്ന ടോൾ ഫ്രീ സൈബർ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുക.
- അക്കൗണ്ട് തിരിച്ചുകിട്ടിയാൽ പാസ്‌വേഡ് മാത്രം മാറ്റി ലോഗ് ഔട്ട് ചെയ്യുന്നതിന് പകരം, സംശയാസ്പദമായ എല്ലാ ഡിവൈസുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുകയും സുരക്ഷാ സെറ്റിങ്സുകൾ കർശനമാക്കുകയും ചെയ്യുക.
Adjust Story Font
16

