Quantcast

എഐ മത്സരം കടുക്കും; ക്ലോഡ് ഹൈക്കു 5.5 പുറത്തിറക്കി ആന്ത്രോപിക്

വേഗത, കുറഞ്ഞ ചെലവ്, മികച്ച പ്രകടനം എന്നിവ ലക്ഷ്യമിട്ടുള്ള മോഡലാണ് ഹൈക്കു 5.5 എന്ന് ആന്ത്രോപിക്

MediaOne Logo

Web Desk

  • Published:

    8 Oct 2026 3:19 PM IST

Anthropic unveils Haiku 5.5
X

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരം ശക്തമാക്കി ആന്ത്രോപിക് പുതിയ എഐ മോഡല്‍ ക്ലോഡ് ഹൈക്കു 5.5 പുറത്തിറക്കി. ഓപ്പസിനും സോണറ്റിനും ശേഷം ക്ലോഡ് 5.5 ശ്രേണിയിലെ മൂന്നാമത്തെ മോഡലാണിത്. വേഗത, കുറഞ്ഞ ചെലവ്, മികച്ച പ്രകടനം എന്നിവ ലക്ഷ്യമിട്ടുള്ള മോഡലാണ് ഹൈക്കു 5.5 എന്ന് ആന്ത്രോപിക് അറിയിച്ചു.

ഉയര്‍ന്ന അളവിലുള്ളതും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുമായ ജോലികള്‍ക്ക് വേണ്ടിയാണ് മോഡല്‍ പ്രധാനമായും രൂപകല്‍പന ചെയ്തിരിക്കുന്നത്. സംഗ്രഹം തയ്യാറാക്കല്‍, ഡാറ്റ ചുരുക്കല്‍, ഡാറ്റാബേസ് വിശകലനങ്ങള്‍, വിവരങ്ങളുടെ വര്‍ഗീകരണം തുടങ്ങിയ ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ക്ക് ഹൈക്കു 5.5 അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. ലൈവ് കസ്റ്റമര്‍ സപ്പോര്‍ട്ട്, ബ്രൗസര്‍ ഉപയോഗം തുടങ്ങിയ വേഗത പ്രധാനമായ ജോലികളിലും മോഡല്‍ ഉപയോഗിക്കാം.

പ്രകടന പരിശോധനകളില്‍ എതിരാളികളായ ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി 6 ലൂണയെ മറികടന്ന് മികച്ച സ്‌കോര്‍ ഹൈക്കു 5.5 നേടിയതായി ആന്ത്രോപിക് അവകാശപ്പെട്ടു. ഹൈക്കു 5.5ന്റെ പ്രധാന ആകര്‍ഷണം വിലയാണ്. മുന്‍ മോഡലായ ഹൈക്കു 4.5നെ അപേക്ഷിച്ച് ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവ് ശരാശരി 75 ശതമാനം കുറവാണെന്ന് ആന്ത്രോപിക് പറയുന്നു.

ഒരു മാസത്തിനിടെ ക്ലോഡ് 5.5 ശ്രേണിയില്‍ ആന്ത്രോപിക് പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണിത്. ഓപ്പസ് 5.5, സോണറ്റ് 5.5 എന്നിവയ്ക്ക് പിന്നാലെയാണ് ഹൈക്കു 5.5 എത്തുന്നത്. ഓഹരിവിപണയിലേക്കുള്ള പ്രവേശനത്തിന് (ഐപിഒ) മുന്നോടിയായി ഉല്‍പന്ന നിര വിപുലീകരിക്കുന്നതും ചെലവ് കുറഞ്ഞ എഐ സേവനങ്ങളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതുമാണ് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :
Next Story