'സ്വര്‍ണം വിറ്റാണ് ഭാര്യക്കായി 18 പ്രോ വാങ്ങുന്നത്': ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ നീണ്ട നിര
മുൻ വർഷങ്ങളിലേതുപോലെ തന്നെ വൻ ജനത്തിരക്കാണ് രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ

ന്യൂഡല്‍ഹി: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. മുൻ വർഷങ്ങളിലേതുപോലെ തന്നെ വൻ ജനത്തിരക്കാണ് രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ. പുലർച്ചെ മുതൽ തന്നെ ഫോൺ സ്വന്തമാക്കാനായി ആളുകളുടെ നീണ്ട നിരയാണ് എങ്ങും.
ഡൽഹി നോയിഡയിലുള്ള ഡിഎൽഎഫ് മോൾ ഓഫ് ഇന്ത്യയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ രാവിലെ 8 മണിക്ക് സ്റ്റോർ തുറക്കുന്നതിന് മുൻപ് തന്നെ ആളുകളുടെ നീണ്ട വരിയാണെന്ന് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിൽ ഒന്നാമതായി നിന്ന ഡൽഹി സ്വദേശിയായ യുവാവ് വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യക്കായി ഐഫോൺ 18 പ്രോ (ബർഗണ്ടി കളർ) വാങ്ങാനാണ് താൻ എത്തിയതെന്നും ഇതിനായി കൈവശമുണ്ടായിരുന്ന സ്വർണം വിൽക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
'' മുൻപ് കൈയിൽ പണമില്ലായിരുന്നു, ഇപ്പോൾ പണമുണ്ട്. ഭാവിയിൽ പണം ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയില്ല, അതിനാൽ ഇന്നത്തെ ജീവിതം ആസ്വദിക്കുന്നു"- എന്നായിരുന്നു ഇയാളുടെ പ്രതികരണം.
മറ്റൊരു ഉപഭോക്താവായ പഞ്ചാബ് സ്വദേശി ഗുർദിത സിംഗ് തന്റെ നിശ്ചയിച്ച ഉറപ്പിച്ച പെൺകുട്ടിക്കായി ഐഫോൺ 18 പ്രോ വാങ്ങാനാണ് സുഹൃത്തിനൊപ്പം നോയിഡയിൽ എത്തിയത്. പുലർച്ചെ 6 മണി മുതൽ ഇവർ സ്റ്റോറിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. ഭാര്യയാകാൻ പോകുന്നയാൾക്ക് സമ്മാനമായി നൽകുന്ന ഐഫോൺ 18 പ്രോയ്ക്ക് പുറമെ തനിക്കായി ഐഫോൺ 18 പ്രോ മാക്സ് മോഡലും ഇയാൾ സ്വന്തമാക്കി. രണ്ട് ഫോണുകൾക്കുമായി 3.5 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായി ഗുർദിത വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള ആപ്പിൾ ഔദ്യോഗിക സ്റ്റോറുകളിലും മറ്റ് പ്രമുഖ റീട്ടെയിൽ ശൃംഖലകളിലും പുതിയ ഐഫോണുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ വിപണിയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 മുതലും, വലിയ ഡിസ്‌പ്ലേയും മികച്ച ബാറ്ററിയുമുള്ള ഐഫോൺ 18 പ്രോ മാക്സിന് 1,79,900 മുതലുമാണ് വില വരുന്നത്. ആപ്പിളിന്റെ ഫോള്‍ഡബിള്‍ വിസ്മയം ഡ്യുവോ കുറച്ച് കഴിഞ്ഞെ എത്തൂ.
Adjust Story Font
16

