'ആവേശം കഴിഞ്ഞു, വാങ്ങാൻ ആളില്ല': 'പൂട്ടാനൊരുങ്ങി' ഐഫോൺ എയർ
ചൈനയിലൊക്കെ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ മോഡലാണിത്

ഐഫോൺ എയർ Photo-apple
വാഷിങ്ടണ്‍: 2025ലെ ഐഫോൺ മോഡലുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഐഫോൺ എയർ ആയിരുന്നു. അവതരണ വേളയിൽ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായാണ് ഐഫോൺ അവതരിപ്പിച്ചത് തന്നെ. എന്നാലിപ്പോള്‍ എയറിനെചുറ്റിപ്പറ്റി കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ഐഫോൺ എയറിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കുകയും ഐഫോൺ 17 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നാണ് വാര്‍ത്തകള്‍.
പ്രതീക്ഷിച്ചതിലും അത്ര ഡിമാന്റ് ഈ എയറിന് കിട്ടുന്നില്ലെന്നും അതിനാലാണ് ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ. ചൈനയിൽ മോഡൽ എത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ആവേശം അവിടംകൊണ്ട് അവസാനിക്കുകയാണ് ചെയ്തത്. ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്നാണ് പറയപ്പെടുന്നത്. ഐഫോണിന്റെ പരമ്പരാഗത മോഡലുകളായ പ്രോ, പ്രോ മാക്‌സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയുടെ ഉത്പാദനം വർധിപ്പിക്കാനുമാണ് കമ്പനി ഇപ്പോൾ ശ്രദ്ധിക്കുന്നത്.
അതേസമയം ഉത്പാദനം തന്നെ നിര്‍ത്തുന്ന ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കഴിഞ്ഞ സെപ്തംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ നവംബര്‍ മുതല്‍ ഉത്പാദന ഓര്‍ഡറുകള്‍ 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നാണ് ഒരു സപ്ലൈ ചെയിന്‍ മാനേജറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഐഫോൺ 17, എയർ, പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളാണ് 2025ൽ പുറത്തിറക്കിയത്. ഇതിൽ എയറായിരുന്നു വേറിട്ട് നിന്നിരുന്നത്. കനം കുറഞ്ഞതാണെങ്കിലും വിലയിലൊന്നും ഒരു വിട്ടുവീഴ്ചക്കും കമ്പനി തയ്യാറായിരുന്നില്ല. ഒരു ലക്ഷത്തിന് മേലെയാണ് ഇന്ത്യയിലെ വില.
Adjust Story Font
16

