ഐഒഎസ് 26 അപ്‌ഡേറ്റ് ചെയ്തവർ പെട്ടോ? 'ബാറ്ററി ചോർച്ച'യെന്ന് വ്യാപക പരാതി
17 പതിപ്പുകളിലെ വിൽപ്പന ആരംഭിക്കാനിരിക്കെയാണ് ആപ്പിളിന് തലവേദനായി ഐഒഎസ് 26ലെ ബാറ്ററി ചോർച്ച

വാഷിങ്ടൺ: ഏറെ പരീക്ഷണങ്ങൾക്കൊടുവിലാണ് ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 26(iOS 26) അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. പുത്തൻ ഫീച്ചറുകളുമായി എത്തിയ അപ്‌ഡേറ്റാണ് ടെക് ലോകത്ത് സംസാര വിഷയമാകുകയാണ്, എന്നാലത് നല്ല കാര്യത്തിനല്ലെന്ന് മാത്രം.
അപ്‌ഡേറ്റിന് ശേഷം ബാറ്ററി വേഗത്തിൽ തീരുന്നുവെന്നാണ് പല ഉപയോക്താക്കളും പങ്കുവെക്കുന്നത് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ജൂണിൽ നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫ്രൻസിലാണ് അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഈ ആഴ്ച മുതലാണ് ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങിയത്. എന്നാൽ അപ്‌ഡേറ്റ് സ്വീകരിച്ചവരിൽ അധികവും കുറ്റം പറയുകയാണിപ്പോൾ.
''58 മിനിറ്റ് മുമ്പാണ് ഫോൺ ഫുൾ ചാർജ് ചെയ്തത്. ഇപ്പോൾ 79 ശതമാനം ചാർജും തീർന്നു, ഐഒഎസ് 26, എന്റെ ഫോണിനെ വെറുമൊരു കട്ടയാക്കി മാറ്റിയിരിക്കുന്നു''- മിഗോ എന്നൊരു യൂസർ നെയിം പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. 'ഐഒഎസ് 26ലേക്കുള്ള അപ്‌ഡേറ്റ് മുതൽ എന്റെ ഫോൺ കത്തിക്കൊണ്ടിരിക്കുന്നുവെന്നാണ്'- മറ്റൊരാള്‍ കുറിച്ചത്. 'സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ കുറച്ച് മാത്രമേ ഫോൺ ഉപയോഗിച്ചുള്ളൂ, ഇപ്പോൾ തന്നെ 50% ആയി കുറഞ്ഞു'- എന്നായിരുന്നു ഒരാളുടെ പരാതി.
ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ 17 മോഡലുകൾ കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. 17, ഐഫോൺ എയർ, പ്രോ, പ്രോ മാക്‌സ് എന്നിങ്ങനയൊണ് മോഡലിന്റെ പേര്. മുൻ മോഡലുകളെ അപേക്ഷിച്ച് പ്രോ, പ്രോ മാക്‌സ് മോഡലുകളിലെ രൂപത്തിൽ തന്നെ ചില മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്. എന്നാൽ ഡിസൈൻ പോരാ എന്ന അഭിപ്രായവും ചിലർ ഉയർത്തിയിരുന്നു. ഇതിന്നിടയിലാണ് പുതിയ അപ്‌ഡേറ്റിലെ ബാറ്ററി ചോർച്ചയും.
അതേസമയം പരാതികളോട് ആപ്പിൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുൻ അപ്‌ഡേറ്റുകളിലും സമാന രീതിയിൽ പരാതിയുണ്ടായിരുന്നു. എന്നാൽ ചില പ്രോസസുകൾ പൂർത്തിയായപ്പോൾ ആ പ്രശ്‌നം അവസാനിച്ചിരുന്നില്ല. എന്നിരുന്നാലും പലരും സംതൃപ്തരായിരുന്നില്ല.
Adjust Story Font
16

