Quantcast

ചാറ്റ് ജിപിടി സേര്‍ച്ച് ഹിസ്റ്ററി സ്റ്റോര്‍ ചെയ്യുന്നത് പണിയാകുമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഒരിക്കല്‍ ചാറ്റ് ജിപിടിയുമായി സംഭാഷണത്തിലേര്‍പ്പെട്ടതിന് ശേഷം നമ്മുടെ ഡാറ്റകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന കാര്യം പലര്‍ക്കും അറിയാനിടയില്ല.

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-02-26 08:31:13.0

Published:

26 Feb 2026 1:38 PM IST

ചാറ്റ് ജിപിടി സേര്‍ച്ച് ഹിസ്റ്ററി സ്റ്റോര്‍ ചെയ്യുന്നത് പണിയാകുമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
X

വര്‍ഷത്തില്‍ 180 മില്യണ്‍ യൂസര്‍മാരും മാസംതോറും 600 മില്യണ്‍ ഉപഭോക്താക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി തേടിവരുകയും ചെയ്യുന്ന ചാറ്റ് ജിപിടി നിസ്സാരക്കാരനല്ലെന്ന് അംഗീകരിക്കാന്‍ പുതിയകാലത്ത് ഒരാള്‍ക്കും രണ്ടാമത് ചിന്തിക്കേണ്ടിവരില്ല. വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ എന്നിങ്ങനെ മിക്കവാറുമാളുകളുടേയും നിത്യജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി. തൊട്ടതിനും പിടിച്ചതിനുമെല്ലാം ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഇക്കാലത്ത് പക്ഷെ, ഒരിക്കല്‍ ചാറ്റ് ജിപിടിയുമായി സംഭാഷണത്തിലേര്‍പ്പെട്ടതിന് ശേഷം നമ്മുടെ ഡാറ്റകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന കാര്യം പലര്‍ക്കും അറിയാനിടയില്ല.

ചാറ്റ് ജിപിടിയുമായും മറ്റ് ചാറ്റ് ബോട്ടുകളുമായും ബന്ധപ്പെട്ടുള്ള സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് നേരത്തെയും ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും 2023ലെ ഒരുകൂട്ടം സാംസങ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ അബദ്ധവശാല്‍ ഡീബഗ്ഗിങ് ആവശ്യത്തിനായി ചാറ്റ് ജിപിടിയില്‍ നിന്ന് വിവരങ്ങൾ ചോര്‍ത്തിയതിന് പിന്നാലെ വിഷയം ഗുരുതരസ്വഭാവത്തില്‍ ടെക് നിരീക്ഷകര്‍ക്കിടയില്‍ സജീവമായിരുന്നു. അടുത്ത 20 ദിവസത്തിനിടെ മൂന്ന് തവണ കൂടി ഇത് സംഭവിച്ചതോടെ ആശങ്കയേറുകയും ചെയ്തു. പിന്നാലെ, വിദഗ്ധർ വിഷയത്തില്‍ റിസര്‍ച്ച് നടത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്, ഒരിക്കല്‍ ചാറ്റ് ജിപിടിയുമായി നിങ്ങള്‍ പങ്കുവെക്കുന്ന വിവരം എക്കാലത്തേക്കുമായി അത് സൂക്ഷിച്ചുവെക്കുകയും ഭാവിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യും.

നിങ്ങളുടെ വിവരങ്ങള്‍ ചാറ്റ് ജിപിടി സ്റ്റോര്‍ ചെയ്യുന്നുണ്ടോ?

നിങ്ങളുടെ ഓരോ സംഭാഷണങ്ങളും, പ്രോംപ്റ്റുകളും അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫയലുകളും ഉടനടി ഡിലീറ്റ് ചെയ്യാത്തപക്ഷം ഓപ്പണ്‍ എഐ സര്‍വറുകളില്‍ അനിശ്ചിതകാലത്തേക്ക് സ്‌റ്റോര്‍ ചെയ്യപ്പെടുന്നുണ്ടാകും. പെര്‍മനന്റായി നീക്കം ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോഗപ്പെടുത്തിയാലും 30 ദിവസം ആ രേഖകള്‍ സര്‍വറില്‍ തന്നെ കിടക്കും.

നിയമപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താവിന്റെ വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായി ചാറ്റ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഓപ്പണ്‍ എഐയോട് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അഥവാ, വിരല്‍ത്തുമ്പില്‍ ഡിലീറ്റേഷന്‍ ബട്ടണ്‍ തെളിഞ്ഞുകിടപ്പുണ്ടെങ്കിലും ചില വിവരങ്ങള്‍ സ്ഥായിയായി നിലനില്‍ക്കുമെന്ന് ചുരുക്കം.

എന്തെല്ലാം വിവരങ്ങളാണ് ചാറ്റ് ജിപിടി ശേഖരിച്ചുവെക്കുക?

പ്രധാനമായും രണ്ടുതരത്തിലുള്ള വിവരങ്ങളാണ് ചാറ്റ് ജിപിടി ശേഖരിച്ചുവെക്കുക. നേരിട്ട് ചാറ്റ് ജിപിടിയോട് ചോദിക്കുന്ന കാര്യങ്ങളും ഓട്ടോമാറ്റിക്കായി ചാറ്റ് ജിപിടി ട്രാക്ക് ചെയ്തെടക വിവരങ്ങളും.

ചാറ്റ് ജിപിടിയോട് നിങ്ങളാവശ്യപ്പെടുന്ന ഉത്തരങ്ങളും വിവരങ്ങളും ചോദ്യങ്ങളുമെല്ലാം സ്‌റ്റോര്‍ ചെയ്യപ്പെടുന്നുണ്ടാകും. വിവിധ ആവശ്യങ്ങള്‍ക്കായി അപ്‌ലോഡ് ചെയ്യുന്ന ഫയലുകളും ഫോട്ടോകളും അവയില്‍പ്പെടും. നിങ്ങള്‍ പരിചയപ്പെടുത്തുന്ന മുറയ്ക്ക് വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിങ്ങളുടെ പ്രൊഫൈലും സിസ്റ്റം അണിയറയില്‍ തയ്യാറാക്കുന്നുണ്ടാവും.

നിങ്ങളുടെ ഐപി അഡ്രസ്, ബ്രൗസര്‍ ടൈപ്പ്, ഡിവൈസ് വിവരങ്ങള്‍, ചാറ്റിന്റെ സ്വഭാവം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് ചാറ്റ് ജിപിടി ഉപഭോക്താവിന്റെ ഡാറ്റകള്‍ ജനറേറ്റ് ചെയ്‌തെടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ജനറേറ്റ് ചെയ്‌തെടുക്കുന്ന വിവരങ്ങളിലൂടെ എപ്പോള്‍, എവിടെനിന്ന്, എങ്ങനെ ചാറ്റ് ജിപിടിയെ നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് സിസ്റ്റത്തിന് മനസിലാക്കാനാകും.

പ്രധാനമായും,

  • ഉപഭോക്താവിന്റെ പ്രോംപ്റ്റുകളും പ്രതികരണങ്ങളും
  • അപ്‌ലോഡ് ചെയ്ത ഫയലുകളും ഇമേജുകളും
  • പങ്കുവെച്ച വ്യക്തിഗത വിവരങ്ങള്‍
  • ഐപി അഡ്രസ്, ബ്രൗസര്‍ ടൈപ്പ്, ഡിവൈസ് ഡീറ്റയില്‍സ്
  • ലൊക്കേഷന്‍ ഡാറ്റ
  • ഉപഭോക്താവിന്റെ പാറ്റേണ്‍
  • ഓപറേറ്റര്‍ മോഡില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകളും ബ്രൗസിങ് ഹിസ്റ്ററിയും

ചാറ്റ് ജിപിടി എത്ര നാള്‍ ഡാറ്റകള്‍ സൂക്ഷിക്കും?

സാധാരണഗതിയില്‍, ചാറ്റ് ജിപിടി അനിശ്ചിതകാലത്തേക്കാണ് വിവരങ്ങള്‍ ശേഖരിച്ചുവെക്കുക. സംഭാഷണങ്ങള്‍ക്ക് പിന്നാലെ നീക്കം ചെയ്താലും ഉടനടിയൊന്നും സിസ്റ്റത്തില്‍ നിന്ന് അവ അപ്രത്യക്ഷമാവുകയില്ല. സ്റ്റാന്‍ഡേര്‍ഡ് ചാറ്റില്‍ പെര്‍മനന്റ് ഡിലീറ്റിന് മുന്‍പേ 30 ദിവസം സമയപരിധി ചാറ്റ് ജിപിടി നിശ്ചയിക്കാറുണ്ട്. ഓപ്പര്‍ മോഡിലാണെങ്കില്‍ 90 ദിവസവും. എങ്കിലും, നിയമപരമായ കാരണങ്ങളില്‍ ചില വിവരങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ഓപ്പണ്‍ എഐയോട് കോടതി കര്‍ശനമായി നിര്‍ദേശം നല്‍കിയിരുന്നു. അഥവാ, വിവരങ്ങള്‍ ഡിലീറ്റ് ചെയ്താലും ചില വിവരങ്ങള്‍ നീക്കം ചെയ്യുന്നത് നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് ചുരുക്കം.

എങ്ങനെ പരിഹരിക്കാം?

സംഭാഷണങ്ങള്‍ സ്ഥിരമായി ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് സെറ്റിങ്‌സ് മാനേജ് ചെയ്യുന്നതിലൂടെയും ചാറ്റ് ജിപിടിയിലെ ഈ പ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കാനാകും. ചില പ്രൈവസി ടൂള്‍സ് ചാറ്റ് ജിപിടി അനുവദിക്കുന്നുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങള്‍ പരമാവധി പങ്കുവക്കാതിരിക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധം.

പ്രധാനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം,

  • ടെംബററി ചാറ്റ് ഉപയോഗിക്കുന്നതിലൂടെ പെര്‍മനന്റ് ഹിസ്റ്ററി ശേഖരിച്ചുവെക്കുന്നത് തടയാനാകും.
  • വ്യക്തിഗത ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുക. അതുവഴി നിങ്ങളുടെ അക്കൗണ്ട് സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കാനാകും.
  • ഏതെല്ലാം വിവരങ്ങളാണ് സ്റ്റോര്‍ ചെയ്യപ്പെടുന്നതെന്നും എവിടെയെല്ലാമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവുകയെന്നും അറിയുന്നതിനായി അക്കൗണ്ട് സെറ്റിങ്‌സില്‍ കരുതലാകാം.
  • ആവശ്യം കഴിഞ്ഞാല്‍ അപ്‌ലോഡ് ചെയ്ത ഫയലുകളും ഇമേജുകളും നീക്കം ചെയ്യാം.
  • വിലാസം, ഫോണ്‍ നമ്പറുകള്‍, ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ എന്നിവ പങ്കുവെക്കാതിരിക്കാം.
TAGS :
Next Story