Quantcast

സ്വന്തം സമൂഹ മാധ്യമം നിർമിക്കുന്നില്ല; ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്ടർ ബോർഡിലേക്ക്

കമ്പനിയുടെ ഒമ്പത് ശതമാനം ഓഹരി നേടിയാണ് ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഡയറക്ടറാകുന്നത്

MediaOne Logo

Web Desk

  • Updated:

    2022-04-05 15:01:19.0

Published:

5 April 2022 2:56 PM GMT

സ്വന്തം സമൂഹ മാധ്യമം നിർമിക്കുന്നില്ല; ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്ടർ ബോർഡിലേക്ക്
X

പുതിയ സമൂഹ മാധ്യമം നിർമിക്കുന്നതിനെ കുറിച്ച്‌ ചർച്ച നടത്തിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഡയറക്ടർ ബോർഡിൽ ചേരുന്നു. കമ്പനിയുടെ ഒമ്പത് ശതമാനം ഓഹരി നേടിയാണ് ഡയറക്ടറാകുന്നത്. 2024 ൽ നടക്കുന്ന ഓഹരിയുടമകളുടെ വാർഷിക മീറ്റിംഗ് വരെയാണ് കാലാവധി.


ബോർഡ് മെംബറായതിനാൽ ബാക്കിയുള്ള 14.9 ശതമാനം ഓഹരി തനിച്ചോ കൂട്ടമായോ 90 ദിവസത്തേക്ക് കൈവശപ്പെടുത്താനാകില്ല. മസ്‌ക് എത്തുന്ന വിവരം ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക് ഡോർസിയും പങ്കുവെച്ചു. ഇപ്പോഴത്തെ സിഇഒ പരാഗ് അഗ്രവാളും മസ്‌കും ചേർന്ന് ഹൃദയങ്ങൾ കീഴടക്കുമെന്നും അവർ മികച്ച ടീമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണോയെന്ന് ചോദിച്ച് മസ്‌ക് ട്വിറ്ററിൽ പോൾ നടത്തിയിരുന്നു.



ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിലെ സ്വാതന്ത്ര്യത്തെ കുറിച്ച് ഇദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. സ്വതന്ത്ര സമൂഹ മാധ്യമത്തെ കുറിച്ച് ഗൗരവപൂർവം ആലോചിക്കുന്നുവെന്നും അന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു. 'ഉപഭോക്താക്കൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്ന, അത് സുപ്രധാനമായി കാണുന്ന, ഓപ്പൺ സോഴ്സ് അൽഗോരിതമുള്ള, നിഗൂഢ അജണ്ടകളില്ലാത്ത പുതിയ സമൂഹ മാധ്യമം സ്ഥാപിക്കാമോ ഇലോൺ മസ്‌ക്? അത്തരമൊന്ന് വേണമെന്ന് ഞാൻ കരുതുന്നു' എന്ന പ്രണായ് പാത്തോൾ എന്ന ട്വിറ്റർ ഉപഭോക്താവിന്റെ കുറിപ്പിന് മറുപടി നൽകവേയായിരുന്നു മസ്‌കിന്റെ പ്രതികരണം.



ട്വിറ്ററിൽ സജീവമായ ഇലോൺ മസ്‌ക് ഇതിന് മുമ്പും സമൂഹ മാധ്യമത്തെ വിമർശിച്ചിട്ടുണ്ടായിരുന്നു. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നായിരുന്നു വിമർശനം. ഇതിന് തൊട്ടുമുമ്പുള്ള ദിവസം 'ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ വകവെക്കുന്നുണ്ടോയെന്ന ചോദ്യം ഉയർത്തി അദ്ദേഹം പോൾ നടത്തിയിരുന്നു. ഇതിന് 70 ശതമാനം പേരും ഇല്ലയെന്നായിരുന്നു മറുപടി നൽകിയിരുന്നത്. 'ഈ പോളിന്റെ അനന്തരഫലം ഗൗരവതരമാണെന്നും ശ്രദ്ധിച്ച് വോട്ടു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Elon Musk joins Twitter board of directors

TAGS :
Next Story