പ്രോക്കും പ്രോ മാക്‌സിനും പിന്നാലെ ഐഫോൺ 18നും; വില കേട്ടാല്‍ ഞെട്ടേണ്ടിവരും!
18 പ്രോ, പ്രോ മാക്സ് മോഡലുകളാണ് സെപ്തംബര്‍ ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചത്

ന്യൂഡല്‍ഹി: ആപ്പിളിന്റെ 18 സീരിസിലെ ബേസ് മോഡലായ ഐഫോണ്‍ 18ന്റെ വിലയുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നു. ഒരു ലക്ഷത്തിനടുത്തായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 പ്രോ, പ്രോ മാക്സ് മോഡലുകളാണ് സെപ്തംബര്‍ ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ബേസ് മോഡലുകള്‍ പിന്നീട് അവതരിപ്പിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരുന്നത്.
ഈ വർഷം ഐഫോൺ 17 ഉൾപ്പെടെയുള്ള പല ആപ്പിൾ ഉൽപ്പന്നങ്ങളുടെയും വില കമ്പനി വർധിപ്പിച്ചിരുന്നു. ഐഫോൺ 17 ഇന്ത്യയിൽ 79,900 രൂപയ്ക്കാണ് അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഇതിന്റെ വില 99,900 രൂപയായി ഉയർന്നു (20,000 രൂപയുടെ വർധന). ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സെയിലുകളുടെയും ബാങ്ക് ഓഫറുകളുടെയും ഭാഗമായി കുറഞ്ഞ വിലയിൽ ലഭ്യമായിരുന്നെങ്കിലും, ഔദ്യോഗിക വില ഒരു ലക്ഷത്തിന് അടുത്താണ്. പ്രോ മോഡലുകളുടെ വിലയും ആപ്പിൾ വർധിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബേസ് മോഡലായ 18ന്റെ വിലയും ഒരു ലക്ഷം രൂപയോട് അടുത്ത് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതേസമയം, വില കൂടിയത് കാരണം പ്രോ മോഡലുകള്‍ക്ക് ഡിമാന്റ് കുറഞ്ഞത് ആപ്പിളിന്റെ മനസിലുണ്ട്. അതിനാൽ സ്റ്റാൻഡേർഡ് മോഡലിന്റെ വിലയും ഒരു ലക്ഷം കടന്നാല്‍ തിരിച്ചടിയാകുമോ എന്ന് കമ്പനി ഭയപ്പെടുന്നു.
17നെ തട്ടിച്ച് നോക്കുകയാണെങ്കില്‍ പുറമെ നിന്നുള്ള രൂപഭാവങ്ങളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഫോണിനുള്ളിൽ ശക്തമായ അപ്‌ഗ്രേഡുകളാണ് 18ല്‍ ആപ്പിൾ ഒരുക്കുന്നത്.
പുതിയ A20 ചിപ്പ് തന്നെയായിരിക്കും ഹൈലൈറ്റ്. ഇത് ഫോണിന്റെ വേഗത വർധിപ്പിക്കുകയും ബാറ്ററി ഉപഭോഗം കുറയ്ക്കുകയും ചെയ്യും. 9GB അല്ലെങ്കിൽ 12GB റാം ഉണ്ടായേക്കും. ആപ്പിൾ ഇന്റലിജൻസിന്റെ ചില സവിശേഷതകൾ സുഗമമായി പ്രവർത്തിക്കാൻ കുറഞ്ഞത് 12GB റാം ആവശ്യമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ 12GB റാം തന്നെ പ്രതീക്ഷിക്കാം. ഫോണിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുമ്പോൾ മാത്രമേ വിലയും മറ്റ് കൃത്യമായ വിവരങ്ങളും ആപ്പിള്‍ പുറത്തുവിടൂ. എന്നിരുന്നാലും വില കുറയാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16

