Quantcast

ബ്ലൂടൂത്തിന് എങ്ങനെയാണ് ആ പേര് വന്നത്? ബ്ലൂടൂത്ത് ലോഗോയുടെ അര്‍ഥമെന്ത്?

വ്യത്യസ്ത ഉപകരണങ്ങളെ തമ്മില്‍ ഷോര്‍ട്ട് റേഞ്ച് റേഡിയോ തരംഗങ്ങള്‍ വഴി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ബ്ലൂടൂത്ത്

MediaOne Logo
how bluetooth gets its name
X

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഇന്ന് സര്‍വസാധാരണമായ സാങ്കേതിക വിദ്യയാണ് ബ്ലൂടൂത്ത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ വയര്‍ലെസ്സായി ബന്ധിപ്പിക്കാനും ഡാറ്റ കൈമാറാനുമെല്ലാം ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എന്നാല്‍, ബ്ലൂടൂത്തിന് എങ്ങനെ ആ പേര് വന്നു എന്ന് അറിയാമോ? അതിന് പിന്നില്‍ ഒരു കഥയുണ്ട്.

വ്യത്യസ്ത ഉപകരണങ്ങളെ തമ്മില്‍ ഷോര്‍ട്ട് റേഞ്ച് റേഡിയോ തരംഗങ്ങള്‍ വഴി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യക്ക് ഒരു ഏകീകൃത സ്വഭാവം വേണമെന്ന് പ്രധാന ടെക് കമ്പനികള്‍ക്കിടയില്‍ അഭിപ്രായമുണ്ടായി. അങ്ങനെ 1996ല്‍ ടെക് ഇന്‍ഡസ്ട്രിയിലെ അന്നത്തെ പ്രമുഖരായ ഇന്റെല്‍, എറിക്‌സണ്‍, നോക്കിയ എന്നിവരുടെ മേധാവികള്‍ യോഗം ചേര്‍ന്നു. ആ യോഗത്തില്‍ ഇന്റെലിലെ ജിം കര്‍ദാഷ് 'ബ്ലൂടൂത്ത്' എന്നൊരു പേര് താല്‍ക്കാലികമായി മുന്നോട്ടുവെച്ചു. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'കിങ് ഹരാള്‍ഡ് ബ്ലൂടൂത്ത്' എന്ന വൈക്കിങ് രാജാവിന്റെ പേര് അനുസ്മരിച്ചുകൊണ്ടായിരുന്നു ഇത്. ഡെന്മാര്‍ക്ക്, നോര്‍വേ ഉള്‍പ്പെടെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ ഏകീകരിച്ച രാജാവായിരുന്നു കിങ് ഹരാള്‍ഡ്. ഇതുകൊണ്ടായിരുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെയും മറ്റ് ഉപകരണങ്ങളെയും ഒന്നിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് ജിം കര്‍ദാഷ് 'ബ്ലൂടൂത്ത്' എന്ന പേര് നല്‍കിയത്.

താല്‍ക്കാലികമായി നല്‍കിയതായിരുന്നല്ലോ 'ബ്ലൂടൂത്ത്' എന്ന പേര്. പിന്നീട് സ്ഥിരം ഒരു പേരിടാം എന്ന അഭിപ്രായത്തില്‍ 'റേഡിയോവയര്‍', 'പാന്‍ (പേഴ്‌സണല്‍ ഏരിയ നെറ്റ്‌വര്‍ക്ക്' എന്നീ പേരുകളാണ് പരിഗണിച്ചത്. എന്നാല്‍, ബ്ലൂടൂത്ത് എന്ന പേരിന് അപ്പോഴേക്കും തിരുത്താന്‍ പറ്റാത്ത വിധത്തിലുള്ള പ്രചാരം ലഭിച്ചിരുന്നു. മറ്റ് പേരുകള്‍ക്കാകട്ടെ ചില ട്രേഡ്മാര്‍ക്ക് പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇതോടെ, വിവിധ ഉപകരണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഷോര്‍ട്ട് റേഞ്ച് സാങ്കേതിക വിദ്യക്ക് 'ബ്ലൂടൂത്ത്' എന്ന പേര് തന്നെ തുടരുകയായിരുന്നു.

ബ്ലൂടൂത്തിന്റെ ലോഗോക്ക് പിന്നിലുമുണ്ട് ഈ കൗതുകം. ഹരാള്‍ഡ് ബ്ലൂടൂത്തിന്റെ പേരിലെ ആദ്യാക്ഷരങ്ങളായ Hഉം Bയും പ്രതിനിധീകരിക്കുന്ന പുരാതന നോര്‍സ് റൂണ്‍ ചിഹ്നങ്ങള്‍ ചേര്‍ത്താണ് ബ്ലൂടൂത്ത് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

TAGS :
Next Story