Quantcast

ഒരാൾക്ക് എത്ര സിം കാർഡ് ഉപയോഗിക്കാം? പരിധി വിട്ടാൽ അകത്താകും

നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ബാങ്ക്, സര്‍ക്കാര്‍ സേവനങ്ങള്‍, ആധാര്‍ വഴി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളുടെ വെരിഫിക്കേഷന്‍ പ്രയാസമാകും

MediaOne Logo
ഒരാൾക്ക് എത്ര സിം കാർഡ് ഉപയോഗിക്കാം? പരിധി വിട്ടാൽ അകത്താകും
X

ലോകമെമ്പാടുമുള്ള കാര്യങ്ങള്‍ ഞൊടിയിടയില്‍ വിരല്‍ത്തുമ്പിലെത്തുന്ന പുതിയ കാലത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വിവരസമ്പാദനത്തിനും മറ്റുപല കാര്യങ്ങള്‍ക്കുമായി വലിയ രീതിയില്‍ സഹായകമാകാറുണ്ട്. സ്‌കൂളുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിങ്ങനെ മിക്കവാറും സ്ഥലങ്ങളിലും മൊബൈല്‍ ഫോണില്ലാത്ത സാഹചര്യം ചിന്തിക്കാന്‍ പോലുമാകാത്ത നിലയിലേക്കെത്തിയിരിക്കുന്നു പുതിയ കാലം.

എന്നാല്‍, നിരവധി ഉപകാരങ്ങളുണ്ടെന്നത് പോലെ തന്നെ ഗൗരവത്തില്‍ ശ്രദ്ധിക്കേണ്ടതാണ് ഇതുവഴിയുണ്ടാകുന്ന സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും. അതില്‍ വളരെ പ്രധാനമാണ് സിം കാര്‍ഡിന്റെ ദുരുപയോഗം വഴിയുണ്ടാകുന്ന ആശങ്കകള്‍. ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുകയും വ്യാജ ഐഡി ചമഞ്ഞ് ആളുകളെ തട്ടിപ്പിനിരയാക്കുകയും ചെയ്ത സംഭവങ്ങള്‍ സമീപകാലത്ത് നിരവധിയാണ്.

ഒരാള്‍ക്ക് എത്ര സിംകാര്‍ഡുകള്‍ വരെ ഉപയോഗിക്കാം?

ഇന്ത്യന്‍ ടെലികോം റഗുലേഷന്‍സ് പ്രകാരം, ഒരു വ്യക്തിക്ക് ഉപയോഗത്തിനായി കൈവശം വെക്കാനാവുന്നത് 9 സിം കാര്‍ഡുകളാണ്. ഇതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതോ വ്യാജ ഐഡി നിര്‍മിക്കുന്നതോ കുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നാണ് നിയമം. എന്നാല്‍, ജമ്മു കശ്മീര്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ആറ് സിം കാര്‍ഡുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ എന്താണ് പ്രശ്‌നം?

സാമ്പത്തികമായ പ്രശ്‌നം, ഫിഷിങ്ങ്(സ്വകാര്യ വിവരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം), സൈബര്‍ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തുമ്പോള്‍ സ്വന്തം വ്യക്തിത്വം മറച്ചുവെക്കുന്നതിനായി കുറ്റവാളികള്‍ പലപ്പോഴും ധാരാളം സിം കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. അനുവദനീയമായതിലും കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശം വെക്കുന്നത് വഴി പൊലീസ് അന്വേഷണം ഇത്തരക്കാരിലേക്കും വരാനുള്ള സാധ്യതയേറെയാണ്. സാഹചര്യത്തിന്റെ ഗുരുതരസ്വഭാവം അനുസരിച്ച് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് പ്രകാരം പിഴ ചുമത്താനോ തടവിലാക്കാനോ പൊലീസിന് സാധിക്കും.

കൂടാതെ, നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ബാങ്ക്, സര്‍ക്കാര്‍ സേവനങ്ങള്‍, ആധാര്‍ വഴി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളുടെ വെരിഫിക്കേഷന്‍ പ്രയാസമാകും.

പരിഹാരമുണ്ടോ?

  • ആക്ടീവ് സിം കാര്‍ഡ് ഏതെന്ന് പരിശോധിക്കാം.

https://www.jio.com/numbercheck, airtel.in എന്നീ സൈറ്റുകളിലൂടെ നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ എത്രയുണ്ടെന്നറിയാം.

  • അനധികൃത സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാം

ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ നിങ്ങളുടെ പേരിലുള്ളതായി കാണാനാകും. ടെലികോം ഓപ്പറേറ്ററെ സമീപിക്കുകയാണെങ്കില്‍ ഇത് പരിഹരിക്കാനാകും.

  • നിങ്ങളുടെ ഐഡി സുരക്ഷിതമാക്കാം

ആധാര്‍ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ അജ്ഞാതരുമായി പങ്കുവെക്കാതിരിക്കുക. പുതിയ സിം കാര്‍ഡ് ലഭിക്കുന്നതിനായി നിങ്ങളുടെ വിവരങ്ങള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ലോക്കല്‍ പൊലീസിലോ സൈബര്‍ ക്രൈം സെല്ലിലോ അറിയിക്കുക.

TAGS :
Next Story