ഫോണിലെ സ്റ്റോറേജ് അടിക്കടി നിറയുന്നുണ്ടോ? വില്ലൻ വാട്സ്ആപ്പിൽ മറഞ്ഞിരിക്കുന്ന ഈ സെറ്റിങ്സാവാം; പരിഹാരം ഇങ്ങനെ...
ഗാലറിയിലെ സ്പേസ് സംരക്ഷിക്കുന്നതിനായി ഡിലീറ്റ് ബട്ടണിൽ വിരലമർത്തി മടുത്തിരിക്കുകയാണെങ്കിൽ, പരിഭ്രമിക്കേണ്ട. നിസാരമായ ചില ടിപ്സുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഫോണിലെ സ്റ്റോറേജ് നിറയുന്നതായി തോന്നാറുണ്ടോ? ഇടയ്ക്കിടെ ഫയൽ മാനേജറിൽ ചെന്ന് അനാവശ്യ ഫയലുകൾ കളഞ്ഞിട്ടും ഫലം കാണുന്നില്ലേ? ഉപയോഗശൂന്യമെന്ന് കരുതി ശ്രമങ്ങൾ അവസാനിപ്പിക്കാൻ വരട്ടെ. പ്രശ്നം വാട്സ്ആപ്പിൽ നിങ്ങളറിയാതെ ഓൺ ചെയ്തുവെച്ച ഓട്ടോ ഡൗൺലോഡ് ഫീച്ചറായിരിക്കാം. സെറ്റിങ്സുകൾ കൃത്യമായി അഡ്ജസ്റ്റ് ചെയ്യുന്നതിലൂടെ അനാവശ്യ ഫോട്ടോകളും വിഡിയോകളും ഒഴിവാക്കുകയും, ഗാലറി അലങ്കോലപ്പെടുത്താതെ കാത്തുസൂക്ഷിക്കാനും സാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ടെക് നിരീക്ഷകർ.
ഓട്ടോ ഡൗൺലോഡ് ഫീച്ചർ ഓൺ ചെയ്തുവെച്ചിട്ടുണ്ടെങ്കിൽ നിങ്ങളറിയാതെ വാട്സ്ആപ്പിലെത്തുന്ന ഫോട്ടോകളും വിഡിയോകളും താനേ ഗാലറിയിൽ സേവ് ചെയ്യപ്പെടും. ഗാലറിയിലെ സ്പേസ് സംരക്ഷിക്കുന്നതിനായി ഡിലീറ്റ് ബട്ടണിൽ വിരലമർത്തി മടുത്തിരിക്കുകയാണെങ്കിൽ, പരിഭ്രമിക്കേണ്ട. നിസാരമായ ചില ടിപ്സുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും.
ഫോണിൽ ഓട്ടോ ഡൗൺലോഡ് ഫീച്ചർ എങ്ങനെ ഓഫ് ചെയ്യാം?
- ഫോണിൽ വാട്സ്ആപ്പ് തുറന്ന് 'സ്റ്റോറേജ് ആൻഡ് ഡാറ്റ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- താഴേക്ക് സ്ക്രോൾ ചെയ്താൽ 'മീഡിയ ഓട്ടോ ഡൗൺലോഡ്' സെക്ഷൻ കാണും. ഇതിൽ ക്ലിക്ക് ചെയ്യാം.
- 'മൊബൈൽ ഡാറ്റ' എന്നതിന് കീഴിലുള്ള എല്ലാ മീഡിയ ടൈപ്പുകളും അൺചെക്ക് (Deselect) ചെയ്യുക.
- 'വൈഫൈ' എന്നതിന് കീഴിലുള്ള എല്ലാ മീഡിയ ടൈപ്പുകളും അൺചെക്ക് (Deselect) ചെയ്യുക.
- 'റോമിങ്' എന്നതിന് കീഴിലുള്ള എല്ലാ മീഡിയ ടൈപ്പുകളും അൺചെക്ക് (Deselect) ചെയ്യുക.
വാട്സ്ആപ്പ് വെബിൽ ഇങ്ങനെ ഓഫ് ചെയ്തിടാം
വാട്സ്ആപ്പ് പ്രൊഫൈലിൽ ക്ലിക് ചെയ്തതിന് ശേഷം 'ചാറ്റ്സ്' സെക്ഷനിലെത്തുക. അവിടെ മീഡിയ-ഓട്ടോ ഡൗൺലോഡെന്ന ഓപ്ഷൻ കാണാനാകും. അവിടെ നിങ്ങൾക്കാവശ്യമില്ലെന്ന് തോന്നുന്ന മീഡിയ ടൈപ്പുകൾ ഒഴിവാക്കാനുള്ള ഓപ്ഷനുകൾ കാണാനാകും.
ഇതിനിത്രമാത്രം പ്രാധാന്യമോ?
വാട്സ്ആപ് അടക്കമുള്ള ആപ്പുകൾ നിങ്ങളുടെ അനുമതിയില്ലാതെ വിഡിയോകളും ഫോട്ടോകളും ഡൗൺലോഡ് ചെയ്യുന്നത് ഫോൺ സ്റ്റോറേജ് അടിക്കടി നിറയാനിടയാക്കും. ഒരുപരിധിക്കപ്പുറം ഇവ വന്നടിയുന്നത് തിരിഞ്ഞുനോക്കാൻ സമയം തികയാത്തത്രയും വലിയ ഉപദ്രവമായി പിന്നീട് തോന്നുകയും ചെയ്യും.
കൂടാതെ, ഈ ഫീച്ചർ നിങ്ങളുടെ മൊബൈൽ ഡാറ്റ വളരെ വേഗത്തിൽ തീർത്തു കളയുകയും ചെയ്യും. പ്രത്യേകിച്ച്, ഉയർന്ന ക്വാളിറ്റിയുള്ള ഫോട്ടോകളും വിഡിയോകളും ഡൗൺലോഡ് ചെയ്യപ്പെടുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ ലിമിറ്റ് വളരെ പെട്ടെന്ന് തീർന്നുപോകാൻ ഇത് കാരണമായേക്കും. പലപ്പോഴും ഇന്റർനെറ്റിന് വേഗതക്കുറവ് അനുഭവപ്പെടാനും ഇത് ഇടയാക്കും.
Adjust Story Font
16

