Quantcast

അക്കൗണ്ടിൽ നിന്ന് പണം പോയാലും വന്നാലും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

നിങ്ങളുടെ അക്കൗണ്ടില്‍ കയറിയ പണം തിരികെ നല്‍കേണ്ടതുണ്ടെന്നാണ് നിയമം. ആരെങ്കിലും തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 406 പ്രകാരം ബാങ്കിന് കേസ് കൊടുക്കാനാകും

MediaOne Logo

Web Desk

  • Updated:

    2025-12-11 09:32:16.0

Published:

11 Dec 2025 3:01 PM IST

അക്കൗണ്ടിൽ നിന്ന് പണം പോയാലും വന്നാലും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
X

ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ ഫോണെടുത്ത് നോക്കുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ 5 ലക്ഷം ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് കണ്ടാലോ? സ്വാഭാവികമായും ഏതൊരാളും അത്തരം സാഹചര്യങ്ങളില്‍ സന്തോഷംകൊണ്ട് മതിമറന്ന് പോകാനാണ് സാധ്യത. അധികമാളുകളും തങ്ങളുടെ ഭാഗ്യത്തെ അതിരറ്റ് സ്തുതിക്കും. അക്കൗണ്ടില്‍ കയറിയ പണത്തെ കുറിച്ച് ബാങ്ക് ഒന്നും പറയാതിരുന്നത് കൊണ്ടുതന്നെ അത് നമ്മുടേതാണെന്ന് വളരയെളുപ്പത്തില്‍ നാം ചിന്തിക്കുകയും ചെയ്യും.

എന്നാല്‍, ഇത്തരത്തില്‍ വീണുകിട്ടുന്ന പണം സ്വന്തമെന്ന് കരുതി എടുത്തുപയോഗിക്കുന്നതില്‍ പന്തികേട് ഒന്നും തോന്നാതിരിക്കാറുണ്ടോ? ആരെങ്കിലും തെറ്റിധാരണയിലൂടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കരുതി അതൊരിക്കലും നിങ്ങളുടേതാകുന്നില്ല. അതെങ്ങാനും ഉപയോഗിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ ഒട്ടും വൈകാതെ ഗുരുതരമായ നിയമക്കുരുക്കിലേക്ക് ചെന്ന് ചാടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എങ്ങനെയാണ് തെറ്റിധാരണയിലൂടെ നമ്മുടെ അക്കൗണ്ടില്‍ കയറിയ പണം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നത്? ബാങ്കിന് പിഴച്ചത് കാരണം ആ പണം സ്വന്തമാക്കുന്നതില്‍ തെറ്റില്ലെന്നാണ് അധികപേരും തെറ്റിധരിച്ചിരിക്കുന്നത്.

എന്നാല്‍, അത്തരത്തില്‍ നിങ്ങളുടെ അക്കൗണ്ടില്‍ കയറിയ പണം തിരികെ നല്‍കേണ്ടതുണ്ടെന്നാണ് നിയമം. ആരെങ്കിലും തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 406 പ്രകാരം ബാങ്കിന് കേസ് കൊടുക്കാനാകും.

കേസില്‍ പ്രതിയാവുകയാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണത്. അഥവാ, അക്കൗണ്ടില്‍ ക്രെഡിറ്റായ നിങ്ങളുടേതല്ലാത്ത പണം ചിലവഴിക്കുകയാണെങ്കില്‍ അത് ജയിലിലേക്ക് കൊണ്ടെത്തിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ചുരുക്കം.

പണം കൈമാറിയതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യമായാല്‍ ബാങ്ക് ആദ്യം തെറ്റിധരിക്കപ്പെട്ട അക്കൗണ്ട് ഉടമയുമായി ബന്ധപ്പെട്ട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടും. അയാള്‍ നിരസിക്കുകയാണെങ്കില്‍ ബാങ്ക് നേരെ പൊലീസില്‍ പരാതിപ്പെടും. തുടര്‍ന്ന്, കോടതിയിലെത്തുന്നതോടെ നിങ്ങളുടെ അക്കൗണ്ടില്‍ കയറിയ പണത്തിന് തുല്യമൂല്യമുള്ള വീടോ കാറോ ബാങ്ക് ബാലന്‍സോ കൈമാറാന്‍ കോടതി ആവശ്യപ്പെടും. അഥവാ, നിങ്ങളിലേക്ക് വഴിമാറിവന്ന തുക മുഴുവന്‍ ബാങ്ക് തിരിച്ചെടുക്കും.

ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം

പണം കൈമാറുകയോ ചെലവഴിക്കാതിരിക്കുകയോ ചെയ്യുകയെന്നതാണ് പ്രാഥമികമായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം.

ഉടനടി ബാങ്കിനെ വിവരമറിയിക്കുക. അടിയന്തരമായി ബാങ്കിലേക്ക് ചെല്ലുക. നിങ്ങളുടെ പണം തന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായിട്ടുണ്ടെന്ന് മെയില്‍ വഴിയോ എഴുതിനല്‍കുകയോ ചെയ്യുക.

രേഖകള്‍ കയ്യില്‍ കരുതുക. ബാങ്കിന് നിങ്ങള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്ന തെളിവുകള്‍ കയ്യില്‍ കരുതാന്‍ മറക്കാതിരിക്കുക.

ഈ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധയുണ്ടെങ്കില്‍ നിയമപരമായ എല്ലാ കുഴപ്പങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പോറലേല്‍ക്കാതെ തടിയൂരാനാകും.

പണം കൈമാറുമ്പോള്‍ അക്കൗണ്ട് നമ്പര്‍ തെറ്റിയവരുണ്ടോ?

അക്കൗണ്ട് നമ്പര്‍ മാറിപ്പോകുകയോ തെറ്റായ യുപിഐ കാരണമായോ പണം കൈമാറുമ്പോള്‍ അബദ്ധം പിണയുന്നവര്‍ ധാരളമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ടത്, നേരെ ബാങ്കിലേക്ക് പോകുക. കസ്റ്റമര്‍ കെയറുമായി സംസാരിച്ച് ട്രാന്‍സാക്ഷന്‍ രസീത് കൈപ്പറ്റുക. ഇമെയില്‍ വഴി പരാതി നല്‍കുകയും ചെയ്യാം.

റിസര്‍വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം 48 മണിക്കൂറിനുള്ളില്‍ പരാതി സ്വീകരിച്ച് അവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് നയം. നിങ്ങളുടെ അതേ ബാങ്കിലേക്ക് തന്നെയാണ് പണം കൈമാറിയതെങ്കില്‍ വേഗത്തില്‍ തിരിച്ചുകിട്ടാനുള്ള സാധ്യതയേറെയാണ്. മറ്റൊരു ബാങ്കാണെന്നുണ്ടെങ്കില്‍ 7 മുതല്‍ 15 വരെ ദിവസങ്ങളെടുക്കും.

അബദ്ധത്തില്‍ നിങ്ങള്‍ അയച്ച പണം തിരികെനല്‍കാന്‍ അപരന്‍ തല്‍പ്പരനാകുന്നില്ലെങ്കില്‍ ഐപിസി 406 പ്രകാരം നിങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്.

TAGS :
Next Story