Quantcast

ആദ്യ പത്തിൽ പോലുമില്ലാതെ മെറ്റ; ഇല്ലാതാകുകയാണോ ഫേസ്ബുക്ക്

ആഗോള അതിസമ്പന്നപ്പട്ടികയിൽ ആദ്യ അഞ്ചിലുണ്ടായിരുന്ന സക്കർബർഗ് ഇപ്പോൾ 22-ാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Published:

    2 Oct 2022 7:54 AM GMT

ആദ്യ പത്തിൽ പോലുമില്ലാതെ മെറ്റ; ഇല്ലാതാകുകയാണോ ഫേസ്ബുക്ക്
X

ഫേസ്ബുക്കിന് ഇതെന്തു പറ്റി? കുറച്ചുനാളായി ടെക് ലോകത്ത് ഉയർന്നു കേൾക്കുന്ന ചോദ്യമാണിത്. സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തി രണ്ടു വർഷത്തിനിടെ 10600 ബില്യൺ ഡോളർ (ഏകദേശം 8,50,000 കോടി ഇന്ത്യൻ രൂപ) കുറഞ്ഞതോടെയാണ് ഫേസ്ബുക്കിനെ കുറിച്ചും (ഇപ്പോൾ മെറ്റ) അതിന്റെ ഭാവിയെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായത്. ഇക്കാലയളവിൽ മൊത്തം ആസ്തിയുടെ അമ്പത് ശതമാനമാണ് സക്കർബർഗിന് നഷ്ടമായത്. നേരത്തെ ആഗോള അതിസമ്പന്നപ്പട്ടികയിൽ ആദ്യ അഞ്ചിലുണ്ടായിരുന്ന സക്കർബർഗ് ഇപ്പോൾ 22-ാം സ്ഥാനത്താണ്.

മൂക്കുകുത്തി വീണ് മെറ്റ

2021ലാണ് ഫേസ്ബുക്ക് മെറ്റ പ്ലാറ്റ്‌ഫോംസ് എന്ന പേരിലേക്ക് മാറിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചർ, ഫേസ്ബുക്ക് വാച്ച്, മെറ്റ പോർട്ടൽ എന്നിവയെല്ലാം മെറ്റ പ്ലാറ്റ്‌ഫോംസിന് കീഴിൽ വരുന്ന സേവനങ്ങളാണ്. വെർച്വൽ റിയാലിറ്റിയുടെ അനന്തമായ സാധ്യതകൾ മുമ്പിൽ കണ്ടാണ് സക്കർബർഗ് മെറ്റയ്ക്ക് കീഴിൽ മെറ്റാവേഴ്‌സ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്.

ഇന്റർനെറ്റിന്റെ വരുംതലമുറ സർവീസായ മെറ്റാവേഴ്‌സ് ഫേസ്ബുക്കിന്റെ ഭാവിയിലേക്കുള്ള നിർണായകമായ ചുവടുവയ്പ്പായിരുന്നു. ഇതിനായി സക്കർബർഗ് മുടക്കിയത് ആയിരം കോടി ഡോളറിലേറെയാണ്. ഫേസ്ബുക്കിൽ നിന്നുൾപ്പെടെയുള്ള വരുമാനങ്ങൾ മെറ്റയുടെ ഹാർഡ്‌വെയർ ശക്തിപ്പെടുത്താനായി ചെലവഴിച്ചിട്ടുണ്ട്.

എന്നാൽ വിപണിയിൽനിന്ന് ശുഭകരമായ വാർത്തകളല്ല മെറ്റയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപണി മൂല്യം വ്യാഴാഴ്ച 366.61 ബില്യൺ ഡോളറിലേക്ക് താഴ്ന്നതോടെ ലോകത്തെ ഏറ്റവും മൂല്യമേറിയ ആദ്യത്തെ പത്തു കമ്പനികളുടെ പട്ടികയിൽനിന്ന് മെറ്റ പുറത്തായി. യുഎസ് എണ്ണക്കമ്പനി എക്‌സോൺ മൊബിൽ കോർപറേഷനും താഴെ പന്ത്രണ്ടാമതാണ് ഇപ്പോൾ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ സ്ഥാനം. 2.29 ട്രില്യൺ യുഎസ് ഡോളറിന്റെ വിപണി മൂല്യത്തോടെ ആപ്പിളാണ് പട്ടികയിൽ ഒന്നാമത്.

2021 സെപ്തംബർ ഒന്നിനാണ് മെറ്റയ്ക്ക് ഏറ്റവും കൂടുതൽ മൂല്യമുണ്ടായിരുന്നത്- 1.07 ട്രില്യൺ യുഎസ് ഡോളർ. 2022ന്റെ തുടക്കത്തിൽ മാത്രം 59 ശതമാനത്തിന്റെ വീഴ്ചയാണ് മെറ്റയുടെ ഓഹരിയിലുണ്ടായിട്ടുള്ളത്. ഇതേ വേളയിൽ ആഗോള എണ്ണവിലയുടെ ചുവടുപിടിച്ച് തൊട്ടുതാഴെയുള്ള കമ്പനി എക്‌സോൺ മൊബിലിന്റെ ഓഹരി 39 ശതമാനമാണ് വർധിച്ചത്.

ബജറ്റ് വെട്ടിക്കുറയ്ക്കുന്നു, ആദ്യമായി

വിപണിയിലെ തിരിച്ചടികൾക്ക് പിന്നാലെ, സിലിക്കൺ വാലിയിലെ കമ്പനി ആസ്ഥാനത്ത് ജീവനക്കാരുടെ നിയമനം വെട്ടിക്കുറിക്കാൻ ഒരുങ്ങുകയാണ് മെറ്റ. ചരിത്രത്തിൽ ആദ്യമായാണ് മെറ്റ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. 'നിശ്ചയമില്ലാത്ത സൂക്ഷ്മസാമ്പത്തിക സാഹചര്യങ്ങളാണ്' മാറ്റങ്ങൾ കൊണ്ടുവരാൻ നിർബന്ധിച്ചതെന്ന് സക്കർബർഗ് തൊഴിലാളികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

ഈ വർഷം എഞ്ചിനീയർമാരെ ഏറ്റെടുക്കാനുള്ള പദ്ധതിയിൽ 30 ശതമാനത്തിന്റെ കുറവാണ് മെറ്റ വരുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. വളർച്ച കൈവരിക്കുന്നത് അടക്കമുള്ള, വിവിധ ടീമുകൾക്കുള്ള ബജറ്റും കുറച്ചതായി ബ്ലൂംബർഗ് പറയുന്നു.

ജൂൺ മുപ്പതിലെ കണക്കു പ്രകാരം മെറ്റയ്ക്ക് 83,500 ജീവനക്കാരാണ് ഉള്ളത്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പദത്തിൽ 5,700 പേർ കൂടി കമ്പനിയിൽ ചേർന്നു. കമ്പനിയുടെ വരുമാനത്തിൽ കുറവുണ്ടായതായി ജീവനക്കാരുമായുള്ള പ്രതിവാര സംവാദത്തിൽ സക്കർബർഗ് വ്യക്തമാക്കിയിരുന്നു. '18 വർഷത്തെ കമ്പനിയുടെ ചരിത്രത്തിൽ നമ്മൾ ഓരോ വർഷവും അടിസ്ഥാനപരമായി വളർച്ച കൈവരിക്കുകയായിരുന്നു. എന്നാൽ ഈയിടെയായി, നമ്മുടെ വരുമാനത്തിൽ ആദ്യമായി നേരിയ കുറവുണ്ടായി' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കൂടുമാറുന്ന ഉപഭോക്താക്കൾ

അമ്മാവന്മാരുടെ സോഷ്യൽ മീഡിയ എന്നൊരു 'ചീത്തപ്പേരുണ്ട്' ഫേസ്ബുക്കിന്. യുവതലമുറ ഫേസ്ബുക്കിനെ കൈയൊഴിഞ്ഞു എന്ന പഠനങ്ങൾ ഏറെ പുറത്തുവന്നതാണ്. ഏറ്റവും പുതിയ പാദത്തിൽ ദിനംപ്രതിയുള്ള സജീവ ഉപയോക്താക്കളുടെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വരുമാനം 29 ബില്യൺ ആയി കുറഞ്ഞു. മുൻ വർഷം ഇതേകാലയളവിലെ 27 ബില്യൺ ഡോളറായിരുന്നു വരുമാനം. 30.15 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്.

പണികൊടുത്തത് ആപ്പിൾ

ആപ്പിൾ ഐഒഎസിന്റെ സ്വകാര്യതാ നയത്തിലെ മാറ്റമാണ് ഫേസ്ബുക്കിന്റെ വരുമാനത്തെ ബാധിച്ചത്. ആപ്പിളിന്റെ പുതിയ ഓപറേറ്റിങ് സിസ്റ്റത്തില്‍ ഉപയോക്താവ് ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത് എന്നറിയാൻ സാധിക്കുക. ഇതോടെ, സെർച്ച് ഹിസ്റ്ററിയും വ്യക്തിഗത സ്വഭാവവും പരിഗണിച്ച് പരസ്യങ്ങൾ നൽകിയിരുന്ന ഫേസ്ബുക്കിനും ഗൂഗ്‌ളിനും അത്തരത്തില്‍ പരസ്യം ചെയ്യാന്‍ കഴിയാതെയായി.

ആപ്പിൾ ഡിവൈസിലെ ഐഡന്റിഫിക്കേഷൻ ഫോർ അഡ്വൈടേഴ്‌സ് (ഐഡിഎഫ്എ) ഉപയോഗിച്ചാണ് ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ ഉപയോക്താക്കൾ അറിയാതെ വിവരങ്ങൾ ശേഖരിച്ചിരുന്നത്. ആപ്പിളിന്റെ പുതിയ ഒഎസ് പ്രകാരം, ഐഡിഎഫ്എ വഴി ഉപഭോക്താവിന്റെ വിവരം ശേഖരിക്കാൻ മുതിർന്നാൽ അവർക്ക് നോട്ടിഫിക്കേഷൻ വരും. ഇതനുവദിച്ചാൽ മാത്രമേ ഫേസ്ബുക്കിന് ഈ ഡിവൈസുകളിലെ വിവരങ്ങള്‍‍ ലഭ്യമാകൂ.

തങ്ങളുടെ ആപ്പ് ട്രാക്കിങ് ട്രാൻസ്പാരൻസി (എടിടി) നയം തെറ്റിച്ചു എന്നാരോപിച്ച് ആപ്പിൾ കഴിഞ്ഞയാഴ്ച ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ആളുകൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ കണ്ടെത്താൻ ഐഫോണിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ മെറ്റ പ്രത്യേകം ജാവാസ്‌ക്രിപ്റ്റ് കോഡുകൾ സന്നിവേശിപ്പിച്ചിട്ടുണ്ട് എന്നാണ് ആപ്പിളിന്റെ ആരോപണം.

ആപ്പിളിന്റെ സ്വകാര്യതാ നയത്തിലെ മാറ്റത്തിലൂടെ 12.8 ബില്യൺ യുഎസ് ഡോളറാണ് മെറ്റയ്ക്ക് നഷ്ടമായതെന്ന് ഫോബ്‌സ് റിപ്പോർട്ടു ചെയ്യുന്നു. സ്വകാര്യതാ നയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് ആപ്പിളിന്റേത്. ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കമ്പനി സിഇഒ ടിം കുക്ക് പറയുന്നു.

TAGS :
Next Story