'ഇത് ചതി, വാട്‌സ്ആപ്പ് ചാറ്റുകളൊക്കെ മെറ്റ കാണുന്നു, ചോർത്തുന്നു': കോടതിയെ സമീപിച്ച് ഉപയോക്താക്കൾ
ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരാതിക്കാർ.

വാഷിങ്ടണ്‍: 'എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ' സംവിധാനം നിലനിൽക്കെത്തന്നെ വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ ചോര്‍ത്തുന്നുവെന്നാരോപിച്ച് മാതൃകമ്പനിയായ മെറ്റക്കെതിരെ കോടതിയില്‍ ഹരജി. ഒരു കൂട്ടം അന്താരാഷ്ട്ര ഉപയോക്താക്കളാണ് സാൻ ഫ്രാൻസിസ്കോ കോടതിയിൽ ഹരജി ഫയല്‍ ചെയ്തത്.
ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരാതിക്കാർ. ജനുവരി 23നാണ് ഈ കേസ് ഫയൽ ചെയ്തത്. വാട്സ്ആപ്പിന്റേത് തട്ടിപ്പാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം ആരോപണങ്ങൾ തെറ്റാണെന്നും അസംബന്ധമാണെന്നും മെറ്റ വ്യക്തമാക്കി.
വാട്സാപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (end-to-end encryption) രൂപകൽപ്പന ചെയ്തിരിക്കുന്നത് സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം വായിക്കാൻ കഴിയുന്ന രീതിയിലാണ്. ഇതിന്റെ എൻക്രിപ്ഷൻ കീകൾ (encryption keys) ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ തന്നെ സൂക്ഷിക്കപ്പെടുന്നതിനാൽ മെറ്റയ്ക്ക് (Meta) പോലും ഈ സന്ദേശങ്ങൾ ഡീക്രിപ്റ്റ് ചെയ്യാനോ വായിക്കാനോ കഴിയില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്നാല്‍ ഡിലീറ്റ് ചെയ്തെന്ന് കരുതുന്ന സന്ദേശങ്ങൾ വരെ മെറ്റ വായിക്കുകയും ചോര്‍ത്തുകയും ചെയ്യുന്നുവെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. അതേസമയം ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാങ്കേതിക തെളിവുകൾ ഹർജിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വാട്സ്ആപ്പിനെതിരെയുള്ള പരാതി ഉപയോഗപ്പെടുത്തുകയാണ് ഇലോണ്‍ മസ്ക്. വാട്സ്ആപ്പ് സുരക്ഷിതമല്ലെന്ന് ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു. അദ്ദേഹം നേരത്തെയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാട്സ്ആപ്പിലെ സിഗ്നൽ പോലും സംശയാസ്പദമാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ഉപയോക്താക്കളോട് എക്സ് ചാറ്റ് (X Chat) ഉപയോഗിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് എക്സ് ചാറ്റ് ലോഞ്ച് ചെയ്തത്. സുരക്ഷിതമായി മെസേജുകൾ അയക്കാനാകുമെന്നാണ് മസ്ക് അവകാശപ്പെടുന്നത്.
WhatsApp is not secure. Even Signal is questionable.
— Elon Musk (@elonmusk) January 27, 2026
Use 𝕏 Chat. https://t.co/MWXCOmkbTD
Adjust Story Font
16

