Quantcast

ആദ്യം വർക്ക് ഫ്രം ഹോം നിർദേശം; പുലർച്ചെ 4 മണിക്ക് ഇ-മെയിലിലൂടെ 8,000 ജീവനക്കാരെ പുറത്താക്കി മെറ്റ

വിവിധ ടൈം സോണുകൾക്ക് അനുസരിച്ച് ഘട്ടം ഘട്ടമായാണ് ഇ-മെയിലുകൾ അയക്കുന്നത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-05-20 07:00:40.0

Published:

20 May 2026 12:29 PM IST

ആദ്യം വർക്ക് ഫ്രം ഹോം നിർദേശം; പുലർച്ചെ 4 മണിക്ക് ഇ-മെയിലിലൂടെ 8,000 ജീവനക്കാരെ പുറത്താക്കി മെറ്റ
X

കാലിഫോര്‍ണിയ: ആഗോള ടെക് ഭീമനായ മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടങ്ങി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചതിന് തൊട്ടുപിന്നാലെയാണ് മെറ്റാ കൂട്ടപ്പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നത്. സിംഗപ്പൂരിലെ മെറ്റാ ഹബിലുള്ള ജീവനക്കാർക്ക് ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 4 മണിക്കാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഇ-മെയിൽ ലഭിക്കുന്നത്. വിവിധ ടൈം സോണുകൾക്ക് അനുസരിച്ച് ഘട്ടം ഘട്ടമായാണ് ഇ-മെയിലുകൾ അയക്കുന്നത്.

"ഇന്ന് ഓഫീസിലേക്ക് വരേണ്ട, വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി" എന്ന ലളിതമായൊരു ഔദ്യോഗിക നിർദ്ദേശത്തോടെയായിരുന്നു തുടക്കം. യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ജീവനക്കാർക്ക് ഈ സന്ദേശം ലഭിച്ചു. മീറ്റിങ്ങുകളോ ഓഫീസുകളിലെ പതിവ് ചർച്ചകളോ ഒന്നുമില്ലാതെ, കോറിഡോറുകളിൽ ആശങ്കയുടെ നിഴൽ പോലും വീഴാൻ അനുവദിക്കാതെ തികച്ചും നിശബ്ദമായാണ് കമ്പനി ഈ നീക്കം നടത്തിയത്. തൊട്ടുപിന്നാലെ ജീവനക്കാരുടെ ഇൻബോക്സുകളിലേക്ക് പിരിച്ചുവിടൽ ഇ-മെയിലുകൾ എത്തിത്തുടങ്ങി.

പിരിച്ചുവിടലിന് മുൻപ് മെറ്റയിൽ ഏകദേശം 78,000 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് ഒരൊറ്റ ദിവസം കൊണ്ട് ജോലി നഷ്ടമായി. എന്നാൽ കേവലം ആളുകളെ പുറത്താക്കുക മാത്രമല്ല, കമ്പനിക്കുള്ളിൽ വൻതോതിലുള്ള ഒരു പുനഃസംഘടന കൂടിയാണ് ഇപ്പോൾ നടക്കുന്നത്.

കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ ജനീൽ ഗെയ്ൽ ജീവനക്കാർക്കയച്ച ആഭ്യന്തര മെമ്മോയിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. ഇതനുസരിച്ച് നിലവിലുള്ള 7,000 ജീവനക്കാരെ പുതുതായി രൂപീകരിക്കുന്ന എഐ-നേറ്റീവ് ടീമുകളിലേക്ക് പുനർവിന്യസിക്കും. പ്രധാനമായും എഐയിൽ ഈ വർഷം 125-145 ബില്യൺ ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി മെറ്റാ അറിയിച്ചു. ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കൂടാതെ, നിലവിൽ കമ്പനിയിൽ ഒഴിവുകിടന്നിരുന്ന ഏകദേശം 6,000 തസ്തികകൾ പൂർണമായി റദ്ദാക്കുകയും ചെയ്തു. എഞ്ചിനിയര്‍, പ്രൊഡക്ടീവ് ടീമുകൾക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവരിക. ഈ വര്‍ഷം അവസാനത്തോടെ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകും.

കഴിഞ്ഞ മാസമാണ് മെറ്റയിൽ കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ചുള്ള വാര്‍ത്തകൾ പുറത്തുവന്നത്. ഇത് ജീവനക്കാരുടെ മാനസികനിലയെ സാരമായി ബാധിച്ചിരുന്നു. ചില ജീവനക്കാർ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന സൗജന്യ ലഘുഭക്ഷണങ്ങളും അധിക ലാപ്ടോപ്പ് ചാർജറുകളും ശേഖരിച്ചു വെക്കാൻ തുടങ്ങിയിരുന്നു.

TAGS :
Next Story