ഓൺലൈൻ ഓർഡറുകളിൽ കർശന നിയന്ത്രണവുമായി ആപ്പിൾ; ഒരാൾക്ക് പരമാവധി രണ്ട് ഫോണുകൾ മാത്രം
ഒരു ഉപഭോക്താവിന് ഒരൊറ്റ ഓർഡറിൽ പരമാവധി രണ്ട് ഫോണുകൾ മാത്രമേ വാങ്ങാൻ സാധിക്കൂ എന്ന നിബന്ധനയാണ് കമ്പനി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടപ്പിലാക്കിയിരിക്കുന്നത്

ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെ ഒറ്റത്തവണ രണ്ട് ഐഫോണുകളിൽ കൂടുതൽ വാങ്ങുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ടെക് ഭീമനായ ആപ്പിൾ. ഒരു ഉപഭോക്താവിന് ഒരൊറ്റ ഓർഡറിൽ പരമാവധി രണ്ട് ഫോണുകൾ മാത്രമേ വാങ്ങാൻ സാധിക്കൂ എന്ന നിബന്ധനയാണ് കമ്പനി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടപ്പിലാക്കിയിരിക്കുന്നത്.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ്, ഫോൾഡബിൾ മോഡലായ ഐഫോൺ ഡ്യുവോ എന്നിവ വിപണിയിലെത്തിച്ചതിന് പിന്നാലെ, ഉത്സവ സീസൺ പ്രമാണിച്ച് കുടുംബാംഗങ്ങൾക്കോ മറ്റോ ഒന്നിലധികം ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയന്ത്രണം വലിയ തടസമാകും. നിലവിൽ വിൽപ്പനയിലുള്ള എല്ലാ ഐഫോൺ മോഡലുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഒരേ മോഡലിന്റെ രണ്ട് യൂണിറ്റുകളോ അല്ലെങ്കിൽ രണ്ട് വ്യത്യസ്ത മോഡലുകളോ ഒരുമിച്ച് വാങ്ങാൻ അനുവാദമുണ്ട്. എന്നാൽ കാർട്ടിലേക്ക് മൂന്നാമതൊരു ഫോൺ കൂടി ഉൾപ്പെടുത്താൻ ശ്രമിച്ചാൽ ചെക്ക്ഔട്ട് നടപടികൾ തടസപ്പെടും.
മൂന്ന് ഐഫോൺ 18 പ്രോ മോഡലുകൾ ഒരുമിച്ച് വാങ്ങാൻ ശ്രമിച്ചപ്പോൾ, ഒരു ഉപഭോക്താവിന് പരമാവധി രണ്ട് ഐഫോണുകൾ മാത്രമേ വാങ്ങാനാകൂ എന്നും ചെക്ക്ഔട്ട് ചെയ്യുന്നതിന് മുമ്പ് ഓർഡറിലെ എണ്ണം ക്രമീകരിക്കണമെന്നും ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ മുന്നറിയിപ്പ് സന്ദേശം കാണിച്ചതായാണ് റിപ്പോർട്ട്.
പുതിയ മോഡലുകൾ പുറത്തിറങ്ങിയത് കൊണ്ടുള്ള താൽക്കാലിക നടപടിയല്ല ഇതെന്നും, ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ മുമ്പ് തന്നെ ഈ നിയന്ത്രണം നിലവിലുണ്ടെന്നുമാണ് വിവരം. മോഡലോ സ്റ്റോറേജ് വേരിയന്റോ നിറമോ ഏതുമായിക്കൊള്ളട്ടെ, ഒറ്റ ഇടപാടിൽ ഡിജിറ്റൽ ഷോപ്പിങ് ബാഗിലുള്ള ഐഫോണുകളുടെ ആകെ എണ്ണത്തിനാണ് ഈ പരിധി ബാധകമാക്കിയിരിക്കുന്നത്.
അതേസമയം, കമ്പനിയുടെ ഓഫ്ലൈൻ സ്റ്റോറുകൾക്ക് (റീട്ടെയിൽ ഔട്ട്ലെറ്റുകൾ) ഈ നിയന്ത്രണം ബാധകമല്ലെന്നാണ് വിവരം. ഈ നിബന്ധനയെക്കുറിച്ച് ആപ്പിൾ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ഗ്രേ മാർക്കറ്റ് ഇടനിലക്കാരും റീസെല്ലർമാരും മൊത്തമായി ഫോണുകൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് തടയാനാണ് കമ്പനി ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

