ഈ ക്രമീകരണങ്ങള്‍ മാറ്റിയില്ലെങ്കില്‍ ഗൂഗിള്‍ ജെമിനി നിങ്ങളുടെ വാട്സ് ആപ്പ് സന്ദേശങ്ങളും വായിക്കും
ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓണായാലും ഓഫായാലും നിങ്ങളുടെ ചാറ്റുകള്‍ 72 മണിക്കൂര്‍ വരെ അക്കൗണ്ടില്‍ സേവ് ചെയ്യപ്പെടും

ഗൂഗിളിന്റെ ഒരു ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടാണ് ജെമിനി. കഴിഞ്ഞയാഴ്ച ജെമിനിയുമായി ബന്ധപ്പെട്ട് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരു മെയില്‍ ലഭിച്ചിരുന്നു. വാട്‌സാപ്പ് മെസേജുകള്‍, ഫോണ്‍ മെസേജ്, എന്നിവ ഉപയോഗിക്കാന്‍ ജെമിനി എങ്ങനെ സഹായകമാകും എന്നതിനെക്കുറിച്ചായിരുന്നു മെയില്‍. ഫോണിലെ ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓഫാക്കിയാലും വാട്‌സാപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ ജെമിനി സഹായിക്കും. ജൂലൈ ഏഴുമുതല്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജെമിനി ലഭ്യമാവുക എന്നും മെയിലില്‍ പറയുന്നു.
'ജെമിനി ആപ്പുകള്‍ ഗൂഗിള്‍ എഐയിലേക്ക് നേരിട്ട് ആക്സസ് നല്‍കുന്നു. ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓണായാലും ഓഫായാലും നിങ്ങളുടെ ചാറ്റുകള്‍ 72 മണിക്കൂര്‍ വരെ അക്കൗണ്ടില്‍ സേവ് ചെയ്യപ്പെടും' എന്നാണ് ഗൂഗിള്‍ വെബ്സൈറ്റില്‍ പറയുന്നത്.
നമ്മുടെ താല്‍പര്യം പരിഗണിക്കാതെ ജെമിനി വാട്ട്സ്ആപ്പ് ചാറ്റുകളുടെ ഉള്ളടക്കങ്ങള്‍, ചില സ്വകാര്യ ഡാറ്റ എന്നിവ ഗൂഗിള്‍ ശേഖരിക്കുമെന്നാണ് ഇതിനര്‍ത്ഥം. എ ഐ ചാറ്റ്ബോട്ടിന് ഇപ്പോള്‍ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും ഉപയോക്താവിന്റെ പേരില്‍ മറുപടികള്‍ അയയ്ക്കാനും ജെമിനി കൂടുതല്‍ ഉപയോഗപ്രദമാക്കുന്നുണ്ടെങ്കിലും, ചില ഉപയോക്താക്കള്‍ക്ക് ഇതിന് താല്‍പര്യമില്ല. സ്വകാര്യ ചാറ്റുകളിലേക്ക് ആക്സസ് നല്‍കാന്‍ ആഗ്രഹിക്കാത്ത ചിലര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.
എന്നാല്‍ ഭയപ്പെടേണ്ട, ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം വളരെ എളുപ്പത്തില്‍ ഓഫ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ഫോണില്‍ ജെമിനി ഓപ്പണ്‍ ചെയ്ത് പ്രൊഫൈല്‍ പിച്ചര്‍ ഐക്കണിന്റെ മുകളിലെ വലതുഭാഗത്തുള്ള ജെമിനി ആപ്പ്‌സ് ആക്റ്റിവിറ്റി ക്ലിക്ക് ചെയ്യുക.
ശേഷം ഒരു പുതിയ പേജ് തുറന്നു വരും. അതില്‍ ഫീച്ചര്‍ വേഗത്തില്‍ ഓഫാക്കാനുള്ള ഓപ്ഷന്‍ കാണാം. എന്നാല്‍ നിങ്ങള്‍ ഫീച്ചര്‍ ഓഫാക്കിയാലും ജെമിനിയുടെ സുരക്ഷ ഉറപ്പാക്കാന്‍ 72 മണിക്കൂര്‍ നേരത്തേക്കുള്ള ഡാറ്റ ജെമിനി ശേഖരിച്ചുവെക്കും.
ചില ആപ്പുകളില്‍ ജെമിനിയുടെ ആക്‌സസ് തടയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജെമിനി ആപ്പിലെ ആപ്പ്‌സ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇവിടെ ഏതൊക്കെ ആപ്പുകളിലേക്കാണ് ജെമിനി കണക്ട് ചെയ്യേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ കഴിയും. കൂടാതെ ഡാറ്റകള്‍ എ ഐ ചാറ്റ്‌ബോട്ട് ട്രാക്ക് ചെയ്യുന്നത് തടയാന്‍ നിങ്ങളുടെ ഫോണിലെ ജെമിനി ആപ്പ് പ്രവര്‍ത്തനരഹിതമാക്കാനും സാധിക്കും.
Adjust Story Font
16

