17 പ്രോ മാക്‌സിലെ പോർട്രെയിറ്റ് നൈറ്റ് മോഡ് എവിടെ? കാണുന്നില്ലെന്ന് ഉപയോക്താക്കൾ
ആപ്പിള്‍ നൈറ്റ് മോഡ് നിറുത്തുകയാണോ എന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്

വാഷിങ്ടൺ: 2025ലെ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളിലെ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് അപ്രത്യക്ഷമായോ? കഴിഞ്ഞ രണ്ടാഴ്ചയായി ആപ്പിൾ ഉപയോക്താക്കൾ ഇക്കാര്യം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്.
മോഡലിന്റെ മുൻ, പിൻ ക്യാമറയിലൊന്നും ഈ ഫീച്ചർ വർക്കാകുന്നില്ല. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ എടുക്കാൻ സഹായിക്കുന്നതാണ് നൈറ്റ് മോഡ്. പോർട്രെയിറ്റ് ആണെങ്കിൽ ഒരു വസ്തുവിൽ മാത്രം ഫോക്കസ് ചെയ്യുകയും ചുറ്റുമുള്ളത് ബ്ലർ ആകുകയും ചെയ്യുന്നതാണ്. ഇതിലെ നൈറ്റ് മോഡാണ് കിട്ടുന്നില്ലെന്ന് പല പ്രോ ഉപയോക്താക്കളും പങ്കുവെക്കുന്നത്. ക്യാമറാ സെന്‍സറും സോഫ്റ്റ്‌വെയറും ഒരേ സമയം പ്രവര്‍ത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്.
അതേസമയം 16 മോഡലിൽ ഈ ഫീച്ചർ കിട്ടുന്നുമുണ്ട്. ഐഫോണിന്റെ 12 മുതല്‍ നൈറ്റ് മോഡ് ഫീച്ചർ ആപ്പിൾ നൽകുന്നുണ്ട്. നൈറ്റ് മോഡ് അപ്രത്യകക്ഷമായതിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. ആപ്പിളും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോഫ്റ്റ് വെയറിലെ പ്രശ്‌നമാകാം ഇതെന്നാണ് പലരും പറയുന്നത്. ഐഒഎസിന്റെ 26.2 റിലീസായാൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും പറയപ്പെടുന്നു. ഈ മാസം അവസാനം സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ഉണ്ടാകും. മോഡൽ ഇറങ്ങി മൂന്ന് മാസത്തിന് ശേഷമാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് ഉപയോക്താക്കൾ തിരിച്ചറിയുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
അതേസമയം ആപ്പിള്‍ നൈറ്റ് മോഡ് നിറുത്തുകയാണോ എന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. എന്നാല്‍, അതിനുള്ള സാധ്യത ഇപ്പോള്‍ കാണാനാകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെയാണ് 2025ൽ ഇറങ്ങിയ മോഡലുകൾ.
Adjust Story Font
16

