Quantcast

12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിച്ചാൽ നേട്ടം ജിയോയ്ക്ക്

5ജി സേവനമുള്ള ജിയോ ഫോൺ ഈ വർഷം അവസാനം ജിയോ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    15 Aug 2022 2:00 PM GMT

12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിച്ചാൽ നേട്ടം ജിയോയ്ക്ക്
X

കേന്ദ്ര സർക്കാർ 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിച്ചാൽ ഏറ്റവും വലിയ നേട്ടം രാജ്യത്തെ ടെലികോം ഭീമനായ റിലയൻസ് ജിയോയ്ക്ക്. 5ജി ലേലം ജിയോ സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കമെന്നാണ് വിവരം. 5ജി സേവനമുള്ള ജിയോ ഫോൺ ഈ വർഷം അവസാനം ജിയോ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവോ, ഷവോമി, മോട്ടറോള, ഒപ്പോ എന്നീ ചൈനീസ് കമ്പനികൾ 5ജി സേവനം ലഭിക്കുന്ന ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കികഴിഞ്ഞു. എന്നാൽ ചൈനീസ് കമ്പനികളുടെ 12,000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾക്ക് വിലക്കേർപ്പെടുത്തിയാൽ അത് ജിയോയ്ക്കും അവർ മുന്നോട്ടുവയ്ക്കുന്ന ജിയോ ഫോണിനും വമ്പൻ നേട്ടമാണുണ്ടാക്കുക. ഇന്ത്യയിലെ 5ജി സേവന വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ജിയോ ഫോണിനാവും.

ഇന്ത്യയിൽ കാലുറപ്പിച്ച ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾ നിലവിൽ 10,000 മുതൽ 15,000 രൂപ വരെയുള്ള കുറഞ്ഞ വിലയ്ക്കുള്ള ഫോണുകളുടെ വിപണിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. കൗണ്ടർപോയിന്റ് റിസർച്ച് മാർക്കറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 2022ന്റെ ആദ്യ പാദത്തിൽ ചൈനീസ് ബ്രാൻഡുകൾ ഇന്ത്യയിലെ ആഭ്യന്തര സ്മാർട്ട്ഫോൺ വിപണിയുടെ 74% വിഹിതവും കൈവശപ്പെടുത്തി. ഇതിൽ 23 ശതമാനം വിഹിതവുമായി ഷവോമിയാണ് മുന്നിൽ. വിവോ 15 ശതമാനം, ഒപ്പോ ഒമ്പത് ശതമാനം എന്നിങ്ങനെയാണ് മറ്റു ചൈനീസ് കമ്പനികളുടെ സ്ഥാനം.

ഈ വർഷം ജൂൺ പാദത്തിൽ, ആഭ്യന്തര സ്മാർട്ട്ഫോൺ വിപണിയിലെ നാലിൽ മൂന്ന് വിൽപ്പനയും 150 ഡോളറിൽ(11,944 ഇന്ത്യൻ രൂപ) താഴെയുള്ള മൊബൈൽ ഫോണുകളാണ്. ഈ വിൽപ്പനയുടെ 80 ശതമാനവും ചൈനീസ് സ്മാർട്ട്ഫോണുകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, ആഭ്യന്തര സ്മാർട്ട്ഫോൺ വിപണിയിൽ നടപ്പ് സാമ്പത്തിക വർഷം രണ്ട് ശതമാനം വളർച്ചയുണ്ടായി. ജൂൺ പാദത്തിൽ ഷവോമി എട്ട് ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ, സാംസങ് 6.9 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചതായി കാനലിസ് റിപ്പോർട്ട് പറയുന്നു.

പുതുതായി ഇറങ്ങിയ ചൈനീസ് സ്മാർട്ട് ഫോണുകളുടെ വില മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് കുറവാണ്. ഉദാഹരണത്തിന്, വിവോ ഇസഡ്6 5ഏ 22,590 രൂപയ്ക്കും, വിവോ വി22 പ്രോ 21,858 രൂപയ്ക്കും, ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി 18,999 രൂപയ്ക്കും, ഷവോമി എംഐ 11ജെ 21,779 രൂപയ്ക്കും, ഷവോമി എംഐ 11ജെ 21,779 രൂപയ്ക്കും, ഷവോമി റെഡ്മി നോട്ട് 10ടി 10,749 രൂപയ്ക്കും ഷവോമി റെഡ്മി നോട്ട് 11ടി 5ജി 15,499 രൂപയ്ക്കും ലഭിക്കും.

അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസും ഏകദേശം 6,500 കോടി രൂപയുടെ നികുതി വെട്ടിപ്പിൽ വിവോയുടെ ഓഫീസിൽ നടന്ന ഇ.ഡി റെയ്ഡുമൊക്കെ ചൈനീസ് സ്മാർട്ട്ഫോണുകൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതു കൂടാതെ കസ്റ്റംസ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഒപ്പോയ്‌ക്കെതിരെ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ മെയിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം ഷവോമി ഇന്ത്യയിൽ നിന്നും 5551 കോടി രൂപ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

ചൈനീസ് സ്മാർട്ട് ഫോണുകൾക്ക് തിരിച്ചടിയുണ്ടായാൽ ഇന്ത്യയിൽ ജിയോ ഫോൺ 5ജിയിലൂടെ പ്രഖ്യാപിത ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ് ജിയോ. 9000- 10000 രൂപ നിരക്കിലുള്ള ഫോണുകളും ഇറക്കാൻ ജിയോയ്ക്ക് ആവുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1600ഃ720 പിക്‌സൽ റെസലൂഷൻ, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 ഫൈവ് ജി പ്രൊസസർ എന്നിവയാണ് ഫീച്ചറുകൾ. 4 ജിബി റാം, 32 ജിബി യൂസർ- എക്‌സ്പാൻഡബിൾ സ്റ്റോറേജ്, ഡ്യുവൽ ക്യാമറ എന്നിവയുമുണ്ടാവും.

അപ്‌ഗ്രേഡ് ചെയ്ത ഫീച്ചറുകളുടെ അകമ്പടിയോടെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ കഴിയുന്നു എന്നാണ് ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾ ഇന്ത്യൻ വിപണിയിൽ മേധാവിത്വം നേടാൻ പ്രധാന കാരണം. ഇതേ രീതി പിന്തുടർന്ന് ടെലികമ്യൂണിക്കേഷൻ വിപണി കൈപ്പിടിയിലൊതുക്കാനാണ് ജിയോയും ശ്രമിക്കുന്നത്.

TAGS :
Next Story