സ്വന്തം പേരിൽ ഡ്രോൺ കാമറയുമായി ധോണി; കിടിലൻ ഫീച്ചറുകൾ
ഗരുഡ എയറോസ്‌പേസാണ് 'ഡ്രോണി' നിർമിക്കുന്നത്

ചെന്നൈ: ഹെലികോപ്ടർ ഷോട്ടിനു പേരുകേട്ടയാളാണ് മുൻ ക്രിക്കറ്ററും ഇന്ത്യയുടെ ഇതിഹാസ നായകനുമായ എം.എസ് ധോണി. ഇപ്പോൾ അത്യാധുനിക ഫീച്ചറുകളോടെ സ്വന്തമായൊരു ഡ്രോൺ കാമറ അവതരിപ്പിച്ചിരിക്കുകയാണ് താരം. 'ഡ്രോണി' എന്ന പേരിലാണ് കാമറ പുറത്തിറക്കിയിരിക്കുന്നത്.
ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലാണ് ധോണി കാമറ അനാവരണം ചെയ്തത്. അത്യാധുനിക ഫീച്ചറുകളാണ് ഡ്രോണിയിലുള്ളത്. 20 മെഗാ പിക്‌സൽ കാമറ, മൂന്ന് കി.മീറ്റർ വരെ ദൂരക്കാഴ്ചയുള്ള വിഷ്വൽ ലൈൻ ഓഫ് സൈറ്റ്(വി.എൽ.ഒ.എസ്), വിഘാതങ്ങൾ തടയാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുണ്ടാകും. ഡ്രോൺ ഉപയോഗിച്ച് ഒരു ദിവസം 30 ഏക്കർ ഭൂമി വരെ കീടനാശിനി തളിക്കാനാകും. രണ്ടു ലക്ഷം രൂപയ്ക്കടുത്താണ് ഡ്രോണിയുടെ വില കണക്കാക്കുന്നത്.
ഡ്രോൺ രംഗത്തെ പ്രമുഖരായ ഗരുഡ എയറോസ്‌പേസാണ് ധോണിക്കു വേണ്ടി കാമറ നിർമിക്കുന്നത്. ഏക്കർ കണക്കിനു പ്രദേശങ്ങളിൽ കീടനാശിനി തളിക്കൽ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കടക്കം ഉപയോഗപ്രദമായിരിക്കും പുതിയ കാമറ. കീടനാശിനി തളിക്കൽ, സോളാർ പാനലുകൾ വൃത്തിയാക്കൽ, സർവേ, പാക്കേജ് വിതരണം, പൊതുവിജ്ഞാപനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന ഡ്രോൺ കാമറകൾ നിർമിക്കുന്ന കമ്പനിയാണ് ഗരുഡ എയറോസ്‌പേസ്. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ധോണി.
ഡ്രോണി ഈ വർഷം അവസാനത്തിൽ മാർക്കറ്റിലെത്തും. തദ്ദേശീയമായി വികസിപ്പിക്കുന്ന കാമറ വിവിധ തരത്തിലുള്ള നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്ന് ഗരുഡ സി.ഇ.ഒയും സഹസ്ഥാപകനുമായ അഗ്നീശ്വർ ജയപ്രകാശ് ലോഞ്ചിങ് ചടങ്ങിൽ പറഞ്ഞു. കാർഷിക ആവശ്യം മുൻനിർത്തി നിർമിച്ച കിസാൻ ഡ്രോണുകളും ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.
Summary: MS Dhoni launches made-in-India drone 'Droni' from Garuda Aerospace
Adjust Story Font
16

