Quantcast

പെന്റഗണുമായി കരാര്‍; 25 ലക്ഷത്തിലധികം ഉപഭോക്താക്കൾ ചാറ്റ് ജിപിടി ബഹിഷ്കരിക്കുന്നു

ആപ്പ് സ്‌റ്റോറുകളിലെ റേറ്റിങ് കുറയ്ക്കാനും ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ക്യാമ്പയിനുകള്‍ സജീവമാണ്

MediaOne Logo
പെന്റഗണുമായി കരാര്‍; 25 ലക്ഷത്തിലധികം ഉപഭോക്താക്കൾ ചാറ്റ് ജിപിടി ബഹിഷ്കരിക്കുന്നു
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പണ്‍ എഐ കരാറില്‍ ഒപ്പുവച്ചതിനെതിരേ വ്യാപക പ്രതിഷേധം. കരാര്‍ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ഉപഭോക്താക്കൾ ചാറ്റ് ജിപിടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സിന്റെ രഹസ്യ ശൃംഖലകളില്‍ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കരാറിലാണ് കമ്പനി ഒപ്പുവച്ചത്. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയില്‍ ചാറ്റ് ജിപിടി ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 29.5 ശതമാനം വര്‍ധനവുണ്ടായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'ക്വിറ്റ് ചാറ്റ് ജിപിടി' എന്ന പേരില്‍ വിവിധ വെബ്‌സൈറ്റുകള്‍ വഴി സംഘടിത പ്രചാരണങ്ങളും നടക്കുന്നു. ആപ്പ് സ്‌റ്റോറുകളിലെ റേറ്റിങ് കുറയ്ക്കാനും ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ക്യാമ്പയിനുകള്‍ ആഹ്വാനം ചെയ്യുന്നു. ചാറ്റ് ജിപിടിയുടെ എതിരാളിയായ ആന്ത്രോപിക് പെന്റഗണുമായുള്ള കരാറിന് വിസമ്മതിച്ചതിന് പിന്നാലെയാണ് ഓപ്പൺ എഐ, യു.എസുമായി കരാറുണ്ടാക്കിയത്.

യുഎസ് ഇമിഗ്രേഷൻ വിഭാഗം വ്യക്തികളെ നിരീക്ഷിക്കുന്നതിനും മറ്റും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കരുതപ്പെടുന്നു.

ആന്ത്രോപിക്കിന്റെ എ.ഐ മോഡലുകൾ അനിയന്ത്രിതമായി ഉപയോഗപ്പെടുത്താൻ സാധിക്കണം എന്നായിരുന്നു പെന്റഗണിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര നിരീക്ഷണത്തിനുവേണ്ടി തങ്ങളുടെ എഐ മോഡൽ ഉപയോഗിക്കാനാണ് യുഎസ് ഭരണകൂടത്തിന്റെ പദ്ധതിയെന്നും അത് തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും വ്യക്തമാക്കി ആന്ത്രോപിക് കരാറിൽനിന്ന് പിന്മാറുകയായിരുന്നു.

അതേസമയം കാര്യങ്ങള്‍ കൈവിടുകയാണെന്ന് തോന്നിയതോടെ വിശദീകരണവുമായി സിഇഒ സാം ആള്‍ട്ട്മാന്‍ രംഗത്ത് എത്തി. തങ്ങളുടെ ആദ്യ കരാർ വളരെ വേഗത്തിൽ ഉണ്ടാക്കിയതാണെന്നും കമ്പനി അത്ര ധൃതി കാണിക്കരുതായിരുന്നുവെന്നും സാം ആൾട്ട്മാൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

TAGS :
Next Story