ഫോണിൽ സ്റ്റോറേജ് ഫുള്ളായോ? ഈ സെറ്റിങ്സ് ഒന്ന് മാറ്റി നോക്കൂ
നിങ്ങളുടെ ഫോണിലെ ഏതാണ്ട് ആറ് ജിബി വരെ സ്റ്റോറേജ് ഇതിലൂടെ ലാഭിക്കാം

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ സ്റ്റോറേജ് പ്രശ്നം നേരിടുന്നവർക്ക് ആശ്വാസമായി പുതിയൊരു കണ്ടെത്തൽ. നിങ്ങളുടെ ഫോണിലെ ഏതാണ്ട് ആറ് ജിബി വരെ സ്റ്റോറേജ് ഉപയോഗിക്കുന്ന ഗൂഗിളിന്റെ 'എഐകോർ' എന്ന സിസ്റ്റം ആപ്പ് ഡിസേബിൾ ചെയ്യുന്നതിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. ആൻഡ്രോയിഡ് 14നോ അതിനുമുകളിലോ പ്രവർത്തിക്കുന്ന മിക്ക ഫോണുകളിലും ഈ ആപ്പ് കാണാൻ സാധിക്കും.
എന്താണ് എഐകോർ?
ഗൂഗിൾ ഉപകരണങ്ങളിൽ ഇന്റർനെറ്റ് സഹായമില്ലാതെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഒരു സിസ്റ്റം ആപ്പാണ് എഐകോർ. ജിബോർഡിലെ ഗ്രാമർ ചെക്കിങ്, വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ളവയിലെ സ്മാർട്ട് റിപ്ലൈ, വോയ്‌സ് റെക്കോർഡറിലെ സമ്മറൈസേഷൻ തുടങ്ങിയവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഈ ആപ്പാണ്. ഫോണിൽ തന്നെ ഡാറ്റ പ്രോസസ് ചെയ്യുന്നതിനാൽ സ്വകാര്യത ഉറപ്പാക്കാം എന്നതാണ് ഇതിന്റെ നേട്ടം. എന്നാൽ ഇതിന്റെ എഐ മോഡലുകൾ വലിയ രീതിയിൽ ഫോൺ സ്റ്റോറേജ് അപഹരിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം.
എങ്ങനെ ഡിസേബിൾ ചെയ്യാം?
എഐകോർ ഒരു സിസ്റ്റം ആപ്പ് ആയതുകൊണ്ട് ഫോൺ റൂട്ട് ചെയ്യാതെ പൂർണമായി അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. എന്നാൽ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഇത് ഡിസേബിൾ ചെയ്ത് സ്റ്റോറേജ് തിരികെ നേടാം:
- ഫോണിലെ സെറ്റിങ്‌സ് ഓപ്പൺ ചെയ്ത് ആപ്പ്സ് തിരഞ്ഞെടുക്കുക.
- മുകളിൽ വലതുഭാഗത്തുള്ള മെനുവിൽ ക്ലിക്ക് ചെയ്ത് ഫിൽറ്റർ ഓപ്ഷനിൽ നിന്ന് 'Show system apps' ഓൺ ആക്കുക.
- ആപ്പുകളുടെ ലിസ്റ്റിൽ നിന്ന് 'AICore' കണ്ടെത്തുക.
- ആപ്പ് ഇൻഫോയിൽ കയറി ആദ്യം 'Force stop' ചെയ്ത ശേഷം 'Disable' ചെയ്യുക.
- വീണ്ടും മുകളിലെ മെനുവിൽ ക്ലിക്ക് ചെയ്ത് 'Uninstall updates' കൊടുക്കുന്നതോടെ ഡൗൺലോഡ് ആയ മോഡലുകൾ ഡിലീറ്റ് ആവുകയും സ്റ്റോറേജ് ഫ്രീ ആവുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ആപ്പ് ഡിസേബിൾ ചെയ്യുന്നത് വഴി ഫോണിന്റെ മറ്റ് പ്രവർത്തനങ്ങളെയോ നിങ്ങൾ ഉപയോഗിക്കുന്ന ചാറ്റ്ജിപിടി, ജെമിനി പോലെയുള്ള മറ്റ് തേർഡ് പാർട്ടി എഐ ആപ്പുകളെയോ യാതൊരു വിധത്തിലും ബാധിക്കില്ല. എങ്കിലും ഫോണിലെ ചില ഡിഫോൾട്ട് എഐ ഫീച്ചറുകൾ പ്രവർത്തിക്കുന്നത് നിലച്ചേക്കാം.
എല്ലാ ഫോണുകളിലും ഈ ആപ്പ് ഒരേ അളവിലല്ല സ്റ്റോറേജ് ഉപയോഗിക്കുന്നത്. ചിലരിൽ ഇത് വളരെ ചെറിയ സൈസ് മാത്രമേ കാണിക്കുന്നുള്ളു എങ്കിലും പിക്സൽ പോലുള്ള ഫോണുകളിൽ ഇത് ആറ് ജിബിക്ക് മുകളിലാണ്. ഫോണിൽ സ്റ്റോറേജ് പ്രശ്നം അനുഭവിക്കുന്നവർക്കും ഈ പറഞ്ഞ എഐ ഫീച്ചറുകൾ ആവശ്യമില്ലാത്തവർക്കും ഈ വഴി പരീക്ഷിക്കാവുന്നതാണ്. ഭാവിയിൽ ഇത് വീണ്ടും ആവശ്യമെങ്കിൽ സെറ്റിങ്സിൽ പോയി ഇനേബിൾ ചെയ്യാനും സാധിക്കും.
Adjust Story Font
16

