'ഒളിഞ്ഞും മറിഞ്ഞും നോക്കേണ്ട, ഇത് വേറെ സ്‌ക്രീൻ': ആ വമ്പൻ അപ്‌ഡേറ്റിന്റെ സൂചന നൽകി സാംസങ്
പൊതുസ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കുമ്പോൾ നേരിടുന്നൊരു പ്രശ്നത്തിനാണ് പുതിയ ഫീച്ചറിലൂടെ സാംസങ് പരിഹാരം കാണുന്നത്.

Representative Image
വാഷിങ്ടണ്‍: സാംസങ് തങ്ങളുടെ അടുത്ത പ്രീമിയം ഫോൺ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുൻപ് തന്നെ, അതിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ടീസറായി വെളിപ്പെടുത്തിയതാണ് ടെക് ലോകത്ത് ചര്‍ച്ചയാകുന്നത്.
'പുതിയൊരു സ്വകാര്യതാ തലം' (a new layer of privacy) എന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ടീസറില്‍, ഗ്യാലക്സി എസ്26 അൾട്രായിൽ (Galaxy S26 Ultra) അരങ്ങേറുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന പ്രധാന ഡിസ്‌പ്ലേ അപ്‌ഗ്രേഡിനെക്കുറിച്ചാണ് പറയുന്നത്. പൊതുസ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കുമ്പോൾ നേരിടുന്നൊരു പ്രശ്നത്തിനാണ് പുതിയ ഫീച്ചറിലൂടെ സാംസങ് പരിഹാരം കാണുന്നത്. അപരിചിതർ ഒളിഞ്ഞുനോക്കുമെന്ന പേടിയില്ലാതെ മെസേജുകൾ പരിശോധിക്കാനും, പാസ്‌വേഡുകൾ ടൈപ്പ് ചെയ്യാനും, സ്വകാര്യ ആപ്പുകൾ തുറക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ തങ്ങൾ അവതരിപ്പിക്കാൻ പോകുകയാണെന്നാണ് സാംസങ് പറയുന്നത്.
എന്നാലത് ഗ്യാലക്സി S26 അൾട്രയിലാണ് വരുന്നതെന്ന് നേരിട്ട് പറയപ്പെടുന്നില്ലെങ്കിലും മോഡലേതാണെന്ന് പറയുന്ന സൂചനകള്‍ ടീസറിലുണ്ട്. മോഡലുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോർട്ടുകളിലെല്ലാം ഈ പ്രൈവസി ഫീച്ചർ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. നേരത്തെ തേർഡ് പാർട്ടി ആപ്ലിക്കേഷനിലൂടെ ഈ ഫീച്ചർ ഫോണുകളിൽ കൊണ്ടുവരാമെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തവും ആകർഷണത കൊടുക്കുന്നതുമാണ് സാംസങിന്റേതെന്നാണ് പറയപ്പെടുന്നത്.
ഡിസ്‌പ്ലേയുമായി തന്നെ ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നതും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതുമാണ് ഫീച്ചറെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താവിന്റെ അരികിൽ നിൽക്കുന്ന ആരെങ്കിലും ഫോണിലേക്ക് നോക്കിയാൽ സ്ക്രീൻ മങ്ങിയതായി കാണപ്പെടും. ഇത് സ്‌ക്രീനിലെ കണ്ടൻ്റുകൾ വായിക്കാൻ അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാകും. എന്നാല്‍ ഈ ഫീച്ചര്‍ വേണ്ടെങ്കില്‍ 'ഡിസേബിള്‍' ചെയ്യാനുമുള്ള ഓപ്ഷനുണ്ട്.
ഫെബ്രുവരിയിലാണ് മോഡല്‍ പുറത്തിറങ്ങുക. ഗ്യാലക്സി S26 സീരീസിൽ ഗ്യാലക്‌സി S26, ഗ്യാലക്‌സി S26+, ഗ്യാലക്‌സി S26 അൾട്രാ എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

