Quantcast

കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍ കുറയ്ക്കണോ? വഴിയുണ്ട്

കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനായി മൊബൈല്‍ ചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ എന്നാണോ, മടിക്കേണ്ട ഫോണ്‍ കൊടുത്തോളൂ എന്നാല്‍ കുട്ടികള്‍ എന്തൊക്കെ ചെയ്യണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം

MediaOne Logo

അക്ഷയ് പേരാവൂർ

  • Updated:

    2021-07-19 06:51:51.0

Published:

19 July 2021 6:40 AM GMT

കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍ കുറയ്ക്കണോ? വഴിയുണ്ട്
X

കുട്ടികള്‍ മൊബൈല്‍ ഫോണ്‍-ടാബ് ലെറ്റ് ഉപയോഗിക്കുന്നത് കൂടുതലാണോ?. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം ഉപകരണങ്ങളുടെ അമിത ആസക്തി കുട്ടികളെ ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ബാധിക്കാം. കുട്ടിയുടെ കരച്ചിലിനോ വാശിക്കോ വഴങ്ങി ഫോണ്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. എന്താണ് ചെയ്യാന്‍ സാധിക്കുക, കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനായി മൊബൈല്‍ ചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ, എപ്പോഴും അവരുടെ കൂടെയിരിക്കാന്‍ കഴിയില്ലല്ലോ എന്നൊക്കെ ചോദിക്കുന്ന രക്ഷിതാക്കളും നമുക്കിടയിലുണ്ട്.

എന്നാല്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരിക്കും മറുപടി. അത് സാധ്യമാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം ഉപകരണങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നതാണ് സത്യം.

കോവിഡിന്റെ വരവോടെ കൂട്ടികളുടെ പഠനം ഓണ്‍ലൈനായി. ഇതോടെ കുട്ടികളുടെ മൊബൈല്‍ ഉപയോഗവും വര്‍ധിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതുതന്നെയാണ്. കൗതുകത്തിനായി ഉപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളും പേജുകളും ഗ്രൂപ്പുകളുമെല്ലാം കുട്ടികളെ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. പൂര്‍ണമായും കുട്ടികളെ ഇത്തരം ഉപകരണങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിന് പകരം ഉപയോഗം നിയന്ത്രിച്ചുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് കൂടുതല്‍ ഉത്തമം.

കുട്ടികള്‍ മൊബൈല്‍ ഫോണില്‍ എന്താണ് ചെയ്യുന്നത് എന്ന് കാണാന്‍ സാധിച്ചില്ലെങ്കിലും അവരുടെ ഫോണ്‍-ടാബ് ഉപയോഗം നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. അതിന് പല അപ്ലിക്കേഷനുകളും നിലവിലുണ്ടെങ്കിലും കൂടുതല്‍ സുരക്ഷിതം 'ഗൂഗിള്‍ ഫാമിലി ലിങ്ക്' എന്ന ആപ്ലിക്കേഷനാണ്. ഗൂഗിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച സംവിധാനമാണെങ്കിലും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത് സമീപകാലത്താണ്.


ഫാമിലി ലിങ്ക് ആപ്പ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് ആദ്യഘട്ടം. 'ഫാമിലി ലിങ്ക് ഫോര്‍ പാരന്റ്‌സ്' എന്ന അപ്ലിക്കേഷന്‍ രക്ഷിതാക്കളുടെ ഫോണിലും 'ഫാമിലി ലിങ്ക് ഫോര്‍ ചില്‍ഡ്രണ്‍' എന്ന അപ്ലിക്കേഷന്‍ കുട്ടികളുടെ ഫോണിലുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.


രക്ഷിതാക്കള്‍ക്ക് എന്തൊക്കെ നിയന്ത്രിക്കാം?

  • കുട്ടികളുടെ ഫോണില്‍ എന്തൊക്കെ ആപ്ലിക്കേഷനാണുള്ളത്, ഓരോ ആപ്ലിക്കേഷനും കുട്ടികള്‍ എത്ര സമയം ഉപയോഗിക്കുന്നുണ്ട് എന്നും രക്ഷിതാക്കള്‍ക്ക് കാണാം. ആപ്ലിക്കേഷനുകളുടെ നിയന്ത്രണം രക്ഷിതാക്കള്‍ക്കായിരിക്കും. ഇതുവഴി ഏതൊക്കെ ആപ്ലിക്കേഷന്‍, എത്ര സമയം ഉപയോഗിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം.

  • കുട്ടികള്‍ ഏതൊക്കെ സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. കുട്ടികളുടെ ഫോണ്‍ ഓണ്‍ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.

  • കുട്ടികളുടെ ഫോണിരിക്കുന്ന ലൊക്കേഷന്‍ രക്ഷിതാക്കള്‍ക്ക് കാണാന്‍ സാധിക്കും.

  • കുട്ടികള്‍ എത്രസമയം ഫോണ്‍ ഉപയോഗിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. ഏതൊക്കെ സമയം മുതല്‍ ഏതൊക്കെ സമയം വരെ.

  • കുട്ടികള്‍ അവരുടെ ഫോണിലോ ടാബിലോ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ രക്ഷിതാവിന്റെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വരും. അനാവശ്യ ആപ്പുകളാണെങ്കില്‍ അനുമതി നല്‍കാതിരിക്കാന്‍ സാധിക്കും.


TAGS :
Next Story