Quantcast

റഷ്യയിൽ ലൈവ് സ്ട്രീമിങ് നിർത്തി ടിക്‌ടോക്

ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഞായറാഴ്ച റഷ്യയിലെ പ്രവർത്തനം നിർത്തിവച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 March 2022 10:12 AM GMT

റഷ്യയിൽ ലൈവ് സ്ട്രീമിങ് നിർത്തി ടിക്‌ടോക്
X

യുക്രൈൻ സൈനികനീക്കത്തിനു പിന്നാലെ റഷ്യയ്ക്ക് തിരിച്ചടിയുമായി മറ്റൊരു ആഗോള ടെക് കമ്പനിയും. പ്രമുഖ വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക് റഷ്യയിൽ ലൈവ് സ്ട്രീമിങ് നിർത്തിവച്ചു. പുതിയ കണ്ടെന്റുകൾ പോസ്റ്റ് ചെയ്യുന്നതും നിർത്തിയിട്ടുണ്ട്. റഷ്യയുടെ പുതിയ വ്യാജവാര്‍ത്താ നിയമത്തോടുള്ള പ്രതികരണമായാണ് നടപടിയെന്നാണ് അറിയുന്നത്.

വിനോദത്തിനും സർഗാത്മകതയ്ക്കുമുള്ള പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. മനുഷ്യർ കടുത്ത ദുരന്തവും ഒറ്റപ്പെടലും അഭിമുഖീകരിക്കുന്ന യുദ്ധവേളയിലെല്ലാം ആശ്വാസത്തിന്റെയും മാനുഷികബന്ധത്തിന്റെയും സ്രോതസായിമാറാൻ ഇതിനാകും. എന്നിരുന്നാലും ഞങ്ങളുടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്കാണ് മുന്തിയ പരിഗണന-വിവരം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ ടിക്‌ടോക് കുറിച്ചു.

റഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകി പൂർണമായും സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കാനാകുമെന്ന വിഷയം അതുപ്രകാരം തീരുമാനിക്കുമെന്നും കമ്പനിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം പറഞ്ഞു. വ്യാജവാർത്തകൾ തടയാനുള്ള കമ്പനിയുടെ പ്രത്യേക വിഭാഗത്തിൽ റഷ്യൻ, യുക്രൈൻ അടക്കം 60ലേറെ ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഞായറാഴ്ച റഷ്യയിലെ പ്രവർത്തനം നിർത്തിവച്ചിരുന്നു. റഷ്യയിൽ ആരംഭിക്കാനിരിക്കുന്ന ഭാവിപദ്ധതികളെല്ലാം തൽക്കാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ, യൂടൂബ് എന്നീ ടെക് ഭീമന്മാരെല്ലാം റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

Summary: TikTok has suspended live streaming and the posting of new content to their platform from Russian users as a response to Russia's new 'fake news' law

TAGS :
Next Story