Quantcast

മസ്കിന് കീഴില്‍ ട്വിറ്ററിന്‍റെ ഭാവിയെന്ത്? അറിയില്ലെന്ന് സി.ഇ.ഒ പരാഗ് അഗര്‍വാള്‍

പിരിച്ചുവിടുമോ, ട്രംപ് തിരിച്ചെത്തുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ജീവനക്കാര്‍ പരാഗ് അഗര്‍വാളിനോട് ചോദിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-04-26 03:07:34.0

Published:

26 April 2022 3:03 AM GMT

മസ്കിന് കീഴില്‍ ട്വിറ്ററിന്‍റെ ഭാവിയെന്ത്? അറിയില്ലെന്ന് സി.ഇ.ഒ പരാഗ് അഗര്‍വാള്‍
X

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്‍റെ ഭാവി എന്തായിരിക്കുമെന്ന് അറിയില്ലെന്ന് സി.ഇ.ഒ പരാഗ് അഗര്‍വാള്‍. ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന ഇലോണ്‍ മസ്കിന്‍റെ വാഗ്ദാനം ബോര്‍ഡ് അംഗീകരിച്ചതിനു പിന്നാലെയാണ് സി.ഇ.ഒയുടെ പ്രതികരണം. ട്വിറ്റര്‍ ജീവനക്കാരോടാണ് പരാഗ് അഗര്‍വാള്‍ ഇങ്ങനെ പറഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്ററില്‍ മസ്‌കിന്‍റെ ഭാവിപദ്ധതികൾ, പിരിച്ചുവിടലിന് സാധ്യതയുണ്ടോ, ഇങ്ങനെയൊരു ഡീലില്‍ ട്വിറ്റര്‍ ബോര്‍ഡ് എത്താന്‍ കാരണം എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ജീവനക്കാര്‍ പരാഗ് അഗര്‍വാളിനോട് ഉന്നയിച്ചത്. ഇവയില്‍ ഇലോണ്‍ മസ്ക് മറുപടി പറയേണ്ട ചോദ്യങ്ങൾ സി.ഇ.ഒ മാറ്റിവച്ചു. ഇലോണ്‍ മസ്ക് പിന്നീട് ജീവനക്കാരുമായി സംവദിക്കുമെന്നും കമ്പനി അറിയിച്ചു.

ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വേദിയാകണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് ഇലോണ്‍ മസ്‌ക് പറയുകയുണ്ടായി. ഇക്കാര്യം പരാമര്‍ശിച്ച്, കഴിഞ്ഞ വർഷം ട്വിറ്ററിൽ നിന്ന് സ്ഥിരമായി സസ്‌പെൻഡ് ചെയ്യപ്പെട്ട യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വിറ്ററില്‍ തിരിച്ചുവരുമോ എന്ന ചോദ്യം ജീവനക്കാര്‍ ചോദിച്ചു-

"ഡീൽ അവസാനിച്ചുകഴിഞ്ഞാൽ, ട്വിറ്റര്‍ ഏത് ദിശയില്‍ പോകുമെന്ന് നമുക്ക് അറിയില്ല"- ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിന് പരാഗ് അഗര്‍വാള്‍ മറുപടി നല്‍കി. ഇലോണുമായി സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ഈ ചോദ്യം ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടലിന് പദ്ധതിയില്ലെന്നും സി.ഇ.ഒ ജീവനക്കാരോട് പറഞ്ഞു.

'അഭിപ്രായ സ്വാതന്ത്ര്യം വേണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലാവണം'

ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോൺ മസ്കിന്റെ വാഗ്ദാനം ട്വിറ്റർ ബോർഡ് അംഗീകരിക്കുകയായിരുന്നു. ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണ്‍ ഡോളറിനാണ് കരാർ. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഈ മാസം ആദ്യം മസ്ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക.

തന്‍റെ വിമർശകരും ട്വിറ്ററിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്ക് പ്രഖ്യാപിച്ചു. മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിക്കാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള മാറ്റങ്ങള്‍ വരുത്താൻ ശ്രമിക്കുമെന്നും ഏറ്റെടുക്കലിന് ശേഷം മസ്‌ക് അറിയിച്ചു. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റ്ഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ടെസ്‍ല, സ്പേസ് എക്സ് കമ്പനികളുടെ സി.ഇ.ഒയാണ് ഇലോൺ മസ്ക്. ഫോബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.

മസ്ക് ഒറ്റയ്ക്ക് ട്വിറ്റര്‍ സ്വന്തമാക്കാതിരിക്കാന്‍ ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ പോയിസൺ പിൽ എന്ന തന്ത്രം നടപ്പാക്കാൻ നേരത്തെ ട്വിറ്റർ തീരുമാനിച്ചിരുന്നു. കമ്പനിയിലെ മസ്കിന്റെ ഓഹരി വിഹിതം കുറച്ച് ഏറ്റെടുക്കൽ ചെലവേറിയതാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മസ്ക് ഉയർന്ന തുക വാഗ്ദാനം ചെയ്തതിനാൽ നിക്ഷേപകരുടെ സമ്മർദം ശക്തമായി. മോഹവിലയിട്ട മക്സിന്‍റെ ഓഫറിന്‍റെ തടവിലല്ല ട്വിറ്ററെന്ന് സി.ഇ.ഒ പരാഗ് അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിക്ഷേപകരുടെ സമ്മര്‍ദം ശക്തമായതോടെ ബോര്‍ഡ് ചര്‍ച്ച ചെയ്ത് മസ്കിന്‍റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു.


TAGS :
Next Story