Quantcast

വായിച്ചുകഴിഞ്ഞ സന്ദേശങ്ങള്‍ 15 മിനിറ്റിൽ താനേ മാഞ്ഞുപോകും, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അറിയാം, എന്താണ് ആഫ്റ്റര്‍ റീഡിങ്?

വാട്സ്ആപ്പിലെത്തിയ സന്ദേശങ്ങൾ ഓപ്പൺ ചെയ്തുകഴിഞ്ഞ് 15 മിനിറ്റിൽ അയച്ചയാളുടെയും സ്വീകർത്താവിന്‍റെയും ഫോണിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന രീതിയിലാണ് 'ആഫ്റ്റർ റീഡിങ്' ഒരുങ്ങുന്നത്

MediaOne Logo
വായിച്ചുകഴിഞ്ഞ സന്ദേശങ്ങള്‍ 15 മിനിറ്റിൽ താനേ മാഞ്ഞുപോകും, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അറിയാം, എന്താണ് ആഫ്റ്റര്‍ റീഡിങ്?
X

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി വായിച്ചുകഴിഞ്ഞ സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുന്ന ഫീച്ചറിനൊരുങ്ങി വാട്‌സ്ആപ്പ്. 'ആഫ്റ്റര്‍ റീഡിങ്' എന്ന് നാമകരണം ചെയ്യപ്പെട്ട ഫീച്ചര്‍ പ്രകാരം, അതീവ സുരക്ഷാ പ്രാധാന്യമുള്ള സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്കിനി ധൈര്യമായി വാട്‌സ്ആപ്പ് വഴി കൈമാറാന്‍ സാധിക്കുമെന്നാണ് ടെക് നിരീക്ഷകരുടെ വിലയിരുത്തല്‍.

പുതിയ ഫീച്ചര്‍ ആക്ടീവേറ്റ് ചെയ്യുന്നതിലൂടെ, വാട്സ്ആപ്പിലെത്തിയ സന്ദേശം ഓപ്പണ്‍ ചെയ്തുകഴിഞ്ഞാല്‍ 15 മിനിറ്റിന്റെ കൗണ്ട് ഡൗണ്‍ സമയം ആരംഭിക്കും. ഈ സമയം പൂര്‍ത്തിയായാലുടന്‍ ഓട്ടോമാറ്റിക്കായി സന്ദേശം അയച്ചയാളുടെയും സ്വീകര്‍ത്താവിന്റെയും ഫോണില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന രീതിയിലാണ് 'ആഫ്റ്റര്‍ റീഡിങ്'. മെസേജ് തുറന്നുനോക്കാത്തപക്ഷം 24 മണിക്കൂര്‍ നേരം ആ സന്ദേശം വാട്‌സ്ആപ്പില്‍ തന്നെയുണ്ടാകും. ശേഷം അപ്രത്യക്ഷമാകുകയും ചെയ്യും.

ഈ ഫീച്ചര്‍ പ്രകാരം, അതീവ സുരക്ഷാപ്രധാന്യമുള്ള സന്ദേശങ്ങളും താല്‍ക്കാലികമായ സന്ദേശങ്ങളും ഉപയോക്താക്കള്‍ക്ക് ധൈര്യമായി പങ്കുവെക്കാനാകുമെന്നാണ് പ്രത്യേകത. നിലവില്‍, 24 മണിക്കൂര്‍, ഏഴ് മണിക്കൂര്‍, അല്ലെങ്കില്‍ 90 ദിവസം എന്നിങ്ങനെയാണ് ഡിസപ്പിയറിങ് മെസ്സേജസ് സംവിധാനമനുസരിച്ച് സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതിനുള്ള സമയം. എന്നാല്‍, പുതിയ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ സന്ദേശങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ഡിലീറ്റ് ചെയ്യാനാകും. ഒടിപി, അഡ്രസ്, വെരിഫിക്കേഷന്‍ കോഡ് അടക്കമുള്ള സുപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇത് കൂടുതല്‍ സൗകര്യമായിരിക്കും.

റീഡ് റെസീപ്റ്റ്‌സ് സെറ്റിങ്‌സ് ഓണ്‍ ചെയ്തുവെച്ചാലും പ്രവര്‍ത്തിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. പ്രൈവസിക്കായി ചില ഉപയോക്താക്കള്‍ ബ്ലൂ ടിക് ഓഫ് ചെയ്തിടാറുണ്ട്. പുതിയ ഫീച്ചറിലൂടെ തുറന്ന് കഴിഞ്ഞ് 15 മിനിറ്റിനകം സന്ദേശം ഡിലീറ്റ് ചെയ്യപ്പെടും. ഫോട്ടോ, വീഡിയോ, വോയിസ് നോട്ട് എന്നിവയുടെ സ്വകാര്യതാ സംരക്ഷണത്തിനായി അടുത്തിടെ 'വ്യൂ വണ്‍സ്' എന്ന പേരില്‍ ഫീച്ചര്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് വാട്‌സ്ആപ്പിന്റെ നീക്കം. പുതിയ ഫീച്ചര്‍ ടെക്സ്റ്റ് സന്ദേശങ്ങളെയും സമയം കഴിഞ്ഞാലുടൻ എടുത്തുകളയും.

വാബീറ്റ ഇന്‍ഫോ ആണ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ കണ്ടെത്തിയത്.

TAGS :
Next Story