Quantcast

മക്കളുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാം; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നാല് ടൂളുകൾ ഇവയാണ്

മക്കൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോഴും അവരുടെ മാനസികാരോ​ഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ എന്ത് ചെയ്യണമെന്ന് അന്വേഷിക്കുന്ന രക്ഷിതാക്കളാണോ നിങ്ങൾ ? ഈ‌ ടൂളുകൾ നിങ്ങളെ സഹായിക്കും

MediaOne Logo
മക്കളുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാം; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നാല് ടൂളുകൾ ഇവയാണ്
X

മുംബൈ: പുതിയ കാലത്ത് കൗമാരക്കാരായ മക്കളോട് സമൂഹമാധ്യമങ്ങളിൽ നിന്ന് പൂർണമായി വിട്ടു നിൽക്കാൻ നിർദേശിക്കുന്നത് ഒട്ടും പ്രായോ​ഗികമല്ല. മക്കൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോഴും അവരുടെ മാനസികാരോ​ഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ എന്ത് ചെയ്യണമെന്ന് അന്വേഷിക്കുന്ന രക്ഷിതാക്കളാണോ നിങ്ങൾ ? കൗമാരക്കാരുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റ​ഗ്രാം തന്നെ അതിനുള്ള പ്രതിവിധി നിർദേശിക്കുന്നുണ്ട്. ഇനി പറയുന്ന നാല് ഫീച്ചറുകൾ ഉപയോ​ഗിച്ച് കുട്ടികളുടെ ഇൻസ്റ്റ​ഗ്രാം ഉപയോ​ഗം നിയന്ത്രിക്കാൻ സാധിക്കും.

1. ടേക്ക് എ ബ്രേക്ക് (Take a Break)

തുടർച്ചയായി സ്ക്രീനിൽ നോക്കിയിരിക്കുന്ന് മണിക്കൂറുകൾ നഷ്ടപ്പെടുന്നത് നമ്മുടെ മക്കളിൽ പലരും അറിയാറില്ല. അതിന് പരിഹാരമായാണ് 'ടേക്ക് എ ബ്രേക്ക്' ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഒരു നിശ്ചിത സമയം കുട്ടികൾ ഇൻസ്റ്റഗ്രാമിൽ ചിലവഴിച്ചു കഴിഞ്ഞാൽ, ഇടവേള എടുക്കാൻ ഈ ഫീച്ചർ അവരെ ഓർമ്മിപ്പിക്കും. പഠനത്തിനിടയിലും മറ്റും അമിതമായി സമയം കളയുന്നവർക്ക് ഈ ഫീച്ചർ വലിയ സഹായമാണ്.

ഈ ഇടവേളകളിൽ മനസ്സിനെ ഏകാഗ്രമാക്കാനും റീസെറ്റ് ചെയ്യാനുമുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങളും ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്. കൂടാതെ, 'ഡെയ്‌ലി ലിമിറ്റ്' ഫീച്ചറിലൂടെ ഓരോ ദിവസവും എത്ര സമയം ആപ്പ് ഉപയോഗിക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കാനും സാധിക്കും.

2. ക്വയറ്റ് മോഡ് (Quiet Mode)

പഠനസമയത്തോ വിശ്രമവേളകളിലോ ശ്രദ്ധ തിരിയാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് 'ക്വയറ്റ് മോഡ്'. ഈ മോഡ് ഓൺ ചെയ്താൽ 12 മണിക്കൂർ വരെ നോട്ടിഫിക്കേഷനുകൾ വരില്ല. ഈ സമയത്ത് ആരെങ്കിലും മെസ്സേജ് അയച്ചാൽ, താൻ 'ക്വയറ്റ് മോഡിൽ' ആണെന്നും ഇപ്പോൾ ലഭ്യമല്ലെന്നും അറിയിക്കുന്ന ഓട്ടോ റിപ്ലൈ സന്ദേശം സെറ്റ് ചെയ്യാനും സാധിക്കും. രാത്രി വൈകിയും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളോട് ക്വയറ്റ് മോഡ് ഓൺ ചെയ്യാൻ ആപ്പ് തന്നെ ആവശ്യപ്പെടും.

3. നൈറ്റ് നഡ്ജ് (Night Nudge)

രാത്രിയിലെ അമിത ഉപയോഗം കുട്ടികളുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. ഇത് പരിഹരിക്കാനാണ് 'നൈറ്റ് നഡ്ജ്' സംവിധാനം. രാത്രി 10 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ ഒരു കുട്ടി 10 മിനിറ്റിലധികം ഇൻസ്റ്റഗ്രാമിൽ സമയം ചിലവഴിക്കുകയാണെങ്കിൽ, ആപ്പ് ഓരോ 10 മിനിറ്റിലും അവർക്ക് മുന്നറിയിപ്പ് നൽകും. ഉറങ്ങാൻ സമയമായെന്നും ഫോൺ മാറ്റിവെക്കണമെന്നും ഓർമ്മിപ്പിക്കുന്നതിലൂടെ കുട്ടികളിൽ മെച്ചപ്പെട്ട ഉറക്കശീലം വളർത്താൻ സാധിക്കുന്നു.

4. കർശനമായ കണ്ടന്റ് കൺട്രോൾ (Content Controls)

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത്, അനുചിതമായ ഉള്ളടക്കങ്ങൾ അവർ കാണുന്നില്ല എന്ന് ഉറപ്പാക്കാൻ ഇൻസ്റ്റഗ്രാം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കൗമാരക്കാരുടെ അക്കൗണ്ടുകളിൽ ഏറ്റവും കർശനമായ കണ്ടന്റ് കൺട്രോൾ ഫീച്ചറുകൾ സ്വയമേവ സെറ്റ് ചെയ്തിരിക്കും.

ഈ ഫീച്ചറുകൾ ഉപയോഗിച്ചാൽ കുട്ടികളുടെ സ്വാതന്ത്ര്യം ഹനിക്കാതെ തന്നെ അവരുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാനും മാനസികാരോഗ്യം ഉറപ്പാക്കാനും മാതാപിതാക്കൾക്ക് സാധിക്കും.

TAGS :
Next Story