Quantcast

ബാങ്കുകളില്‍ എന്തു സംഭവിക്കും? പേടിയുണ്ടേറെ...

MediaOne Logo

Damodaran

  • Published:

    30 April 2018 10:06 AM IST

ബാങ്കുകളില്‍ എന്തു സംഭവിക്കും? പേടിയുണ്ടേറെ...
X

ബാങ്കുകളില്‍ എന്തു സംഭവിക്കും? പേടിയുണ്ടേറെ...

500 ന്റെയും 1000 ന്റെയും നോട്ടുകൾ സെപ്റ്റംബറിലെ കണക്കനുസരിച്ച് 14,95,000 കോടിയാണ്. 15.97ലക്ഷം കോടി സർക്കുലേഷനുള്ള കാശിൽ 14.95 ലക്ഷം കോടിയുടെ നോട്ടുകൾ മരവിപ്പിച്ചാലത്തെ സ്ഥിതി യെന്താകും? താങ്ങാനാവുമോ ആ കറൻസിച്ചുരുക്കം?

കള്ളപ്പണത്തിന് കടിഞ്ഞാണിടാനെന്ന പ്രഖ്യാപനവുമായി 500,1000 രൂപ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സാധാരണ ജനം വലയുമ്പോഴും തീരുമാനത്തെ മുക്തകണ്ഠം പ്രശംസിച്ച് രംഗതെത്തിയിരിക്കുകയാണ് ബാങ്കിംഗ്, സാമ്പത്തിക രംഗത്തെ വിദഗ്ധര്‍. തീരുമാനത്തിന്‍റെ ചൂട് ശരിക്കുമറിഞ്ഞ് അലയുന്ന സാധാരണക്കാരും എല്ലാം രാജ്യ നന്മക്കാണല്ലോ, കള്ളപ്പണം കണ്ടുകെട്ടുമല്ലോ എന്ന് സ്വയം ആശ്വസിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വാദങ്ങളിലെ ചേരാത്ത കണ്ണികള്‍ തുറന്നു കാട്ടി ബെഫി മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ് എകെ രമേശ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ലോകബാങ്കിന്‍റെ കണക്കുകള്‍ പ്രകാരമുള്ള കള്ളപ്പണത്തിന്‍റെ 10 ശതമാനം തടയാന്‍ മാത്രമേ സര്‍ക്കാരിന്‍റെ ഈ നീക്കം കൊണ്ട് കഴിയുകയുള്ളൂ എന്ന് അദ്ദേഹം തന്‍റെ പോസ്റ്റില്‍ കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു, 15.97ലക്ഷം കോടി സർക്കുലേഷനുള്ള കാശിൽ 14.95 ലക്ഷം കോടിയുടെ നോട്ടുകൾ മരവിപ്പിച്ചാലത്തെ സ്ഥിതി യെന്താകും? താങ്ങാനാവുമോ ആ കറൻസിച്ചുരുക്കം? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളും പോസ്റ്റ് ഉന്നയിക്കുന്നുണ്ട്. 'തീ പോയിട്ട് ചൂടുള്ള യാതൊന്നും തൊണ്ടയിലൂടെ ഇറക്കി ശീലമില്ലാത്തവർ മോഡിയെ സ്തുതിക്കുമ്പോൾ ആ കോറസിൽ വത്സന്റെ മകന് ചേരാനാവുമോ? എന്നിട്ടും അവന്റെ ദേശസ്നേഹം അവനോട് പറയുന്നു. നാടിന്റെ കാര്യമല്ലെ?തൽക്കാലം ക്ഷമിക്കാം.എന്റെ സുഹൃത്തുക്കളായ ബാങ്ക് ഉദ്യോഗസ്ഥരുടെ മോഡി സ്നേഹം നമ്മളോട് പറയുന്നു. ഇത് മോഡിയുടെ വിജയം!' - പോസ്റ്റ് അവസാനിക്കുന്നത് ഇപ്രകാരമാണ്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം:

നാളെ ബാങ്കുകളിൽ എന്തു സംഭവിക്കും? പേടിയുണ്ടേറെ.ഇന്ന് 500 ന്റെ നോട്ട് മാറിക്കിട്ടാത്തതു കൊണ്ട് ജനം പാലക്കാട്ടെ പോസ്റ്റോഫീസ് കൈയേറിയെന്നറിഞ്ഞപ്പൊഴേ തുടങ്ങിയതാണ് ഒരാന്തൽ. നാളെ ഇതിനപ്പുറം സംഭവിക്കാതിരിക്കുമോ ബാങ്കുകളിൽ? സമയമുണ്ട്, വെപ്രാളപ്പെടേണ്ട എന്നാരാണ് ജനങ്ങളോട് പറയുക? എങ്ങനെയാണവരെ ഒന്നാശ്വസിപ്പിക്കുക? വെളുത്തിനാം വീട്ടിൽ വത്സന്റെ മകൻ ഇന്നലെ രാത്രി ഞാൻ പറഞ്ഞാണറിഞ്ഞത്, 500 ന്റെ നോട്ട് ഇന്നു മുതൽ എടുക്കാപ്പൈസയായിരിക്കുന്നുവെന്ന്. 500 ന്റെ ഒരു കെട്ട് ബാങ്കിൽ നിന്നും വാങ്ങി വീട്ടിലെത്തിച്ചിട്ട് മണിക്കൂറുകളായില്ല.അതിനിടയിലാണിടിത്തീ പോലെ ഈ വാർത്ത . അടുത്ത ദിവസം വീടിന്റെ വാർപ്പ് പണിയാണ്.കൂലി 800 മുതലാണ്. അതുകൊണ്ടാണ് ഒരു കെട്ട് അഞ്ഞൂറിന്റേതാക്കി വാങ്ങിയത്.വാർപ്പ് പണി മാറ്റി വെക്കേണ്ടി വരും - വിഷമിച്ചു കൊണ്ടാണവൻ പറഞ്ഞത്.
"എന്നാലും കള്ളപ്പണം കണ്ടു കെട്ടുമല്ലാേ."

അപ്പോൾ എന്റെ ഫെയ്സ് ബുക്ക് നിറയെ അഭിനന്ദനങ്ങളുടെ കോലാഹലം. മിക്കതും റിട്ടയർ ചെയ്ത ബാങ്കുദ്യോഗസ്ഥർ. കള്ളപ്പണം ഇതാ രായ്ക്കുരാമാനം കണ്ടെത്താൻ പോകുന്നു എന്നായിരുന്നു കോറസ് . അവർക്കാർക്കും വത്സന്റെ മകന്റെ മനസ്സിലെ ആന്തൽ മനസ്സിലാവില്ലല്ലോ. വീടുപണി മുമ്പേ കഴിഞ്ഞു;മക്കളൊക്കെ വിദേശത്തും. പിന്നെ എന്ത് വേവലാതി? മോഡിയെ ഇക്കാര്യത്തിൽ സ്തുതിച്ച നാല് ബാങ്ക് എക്സിക്യൂട്ടീവുകളുടെ കാര്യമാണ് ഞാൻ പറഞ്ഞത്. അവരും വത്സന്റെ മകനെപ്പോലെ തന്നെ പറയുന്നത് കള്ളപ്പണം കണ്ടു കെട്ടുമല്ലോ എന്നാണ്. അവൻ വെറും പത്താം തരവും പ്ലസ് ടൂവും .എന്നാൽ എം.എ. ഇക്കണോമിക്സും സിഎ ഐ ഐ ബി യു മാണ് എന്റെ സുഹൃത്തുക്കളായ രണ്ട് ബാങ്ക് എക്സിക്യൂട്ടീവുകൾ. രണ്ടു കൂട്ടരും ഒരേ പോലെ പറയുന്നു. ഒരുത്തന് അതുവഴി ഏറെ പ്രയാസമുണ്ട്; നഷ്ടമുണ്ട് . മറ്റവർക്കോ, നഷ്ടമൊന്നുമില്ല - അഭിപ്രായം പറയാം
.
എന്തു കൊണ്ടിങ്ങനെ? സാമ്പത്തിക ശാസ്ത്രം പഠിച്ചവനും പഠിക്കാത്തവനും ഒരേ അഭിപ്രായം? മോഡി ധീരമായ നടപടിയെടുത്തു എന്ന് പോസ്റ്റിട്ട ഒരു ബാങ്ക്സുഹൃത്തിനെ ഞാൻ ഫോണിൽ വിളിച്ചു. കാര്യമന്വേഷിച്ചു. കള്ളപ്പണം നാട്ടിൽ എത്രയുണ്ട്? സ്ട്രെയ്റ്റ് ക്വസ്റ്റ്യൻ . ആൾക്കറിയില്ല എന്ന കാര്യം എനിക്ക് മനസ്സിലാക്കാനായി. ബാങ്കറല്ലേ, എം.വൺ എന്നു പറഞ്ഞാൽ മനസ്സിലാവുമെന്നു കരുതി ചോദിച്ചു: ഇപ്പോഴത്തെ എം വൺ എത്രയാ? മണി ഇൻ സർക്കുലേഷന്റെ ചുരുക്കപ്പേരാണ് എം.വൺ. അയാൾക്കറിയില്ല. ഞാൻ പറഞ്ഞു കൊടുത്തു. ഈ മാർച്ചിൽ അത് 15,97,250 കോടിയാണ്. അതിൽ 500 ന്റെയും 1000 ന്റെയും നോട്ടുകൾ സെപ്റ്റംബറിലെ കണക്കനുസരിച്ച് 14,95,000 കോടിയാണ്. 15.97ലക്ഷം കോടി സർക്കുലേഷനുള്ള കാശിൽ 14.95 ലക്ഷം കോടിയുടെ നോട്ടുകൾ മരവിപ്പിച്ചാലത്തെ സ്ഥിതി യെന്താകും? താങ്ങാനാവുമോ ആ കറൻസിച്ചുരുക്കം?
എന്നിട്ടും, സാമ്പത്തിക ശാസ്ത്രം പഠിച്ച, സാമ്പത്തിക മേഖലയിൽ പണിയെടുക്കുന്ന ബാങ്ക് എക്സിക്യൂട്ടീവുകൾ പ്ലസ്ടു ക്കാരനായ വത്സന്റെ മകനെപ്പോലെ ചിന്തിക്കുന്നത് എന്തുകൊണ്ട്? എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

വത്സന്റെ മകന് ആധി മഴ വന്ന് സിമൻറ് നനഞ്ഞു പോവുമല്ലോ എന്ന്. 4 സെന്റ് ഭൂമി വാങ്ങാൻ ഭാര്യയുടെ കെട്ടുതാലിയും തൂക്കി വിറ്റ്, പിറ്റേന്നത്തെ രജിസ്ട്രേഷനും കാത്തു നിന്ന കിഴക്കേവീട്ടിൽ മാമുക്കോയയുടെ ആധി ഇനിയെപ്പോഴാ രജിസ്ട്രേഷൻ നടക്കുക എന്നാണ്. എന്നാലൊട്ടും വേവലാതിയില്ലാത്ത ബാങ്ക് ഉദ്യോഗസ്ഥർ കിട്ടിയ തഞ്ചത്തിന് മോഡിയെ സ്തുതിക്കുകയാണ്‌. അതിലൊരാളോട് ഞാൻ ചോദിച്ചു. " ഇപ്പോഴത്തെ ഈ നടപടി വഴി എത്ര കള്ളപ്പണം കണ്ടുകെട്ടും?" അയാൾക്കറിയില്ല എന്ന് എനിക്കറിയാമെന്ന് അയാൾക്കറിയാമായിരുന്നു. ആൾ ഉഴപ്പാൻ തുടങ്ങുമ്പോൾ ഞാൻ കണക്ക് ബോധിപ്പിച്ചു. ഇന്ത്യൻ ജി.ഡി.പിയുടെ 23.2 ശതമാനമാണ് കള്ള പ്പണം എന്നാണ് ലോകബാങ്ക് 2007ൽ പറഞ്ഞത്. ഇപ്പോഴത് വർദ്ധിച്ച് 25 ശതമാനമെങ്കിലും ആയിട്ടുണ്ടാവും. 2015ലെ GDP 126,50,000 കോടി ഇപ്പോൾ 130 ലക്ഷം കോടിയെങ്കിലും ആയിട്ടുണ്ടാവും. അതിന്റെ 25 ശതമാനമാണ് കള്ളപ്പണമെങ്കിൽ, അത് 32.5 ലക്ഷം കോടിവരും. ഇത്തിരി കൂട്ടി കണക്കാക്കിയാൽ 35 ലക്ഷം കോടി. 500 ന്റെയും ആയിരത്തിന്റെയും നോട്ടുകൾ യഥാർമം 1650 കോടിയും 670 കോടിയുമാണ് പ്രചാരത്തിൽ .എണ്ണത്തിന്റെ കാര്യമാണിത്. ഉറുപ്പികയാക്കി ക്കണക്കാക്കിയാൽ 8, 25,000 കോടിയും 6,70,000 കോടിയും വരും സംഖ്യ. രണ്ടും കൂട്ടിയാൽ 14,95,000 കോടി വരും. 15 ലക്ഷം കോടി എന്ന് എളുപ്പത്തിന് കണക്കാക്കാം. അതിന്റെ 25 ശതമാനമാണ് കള്ളപ്പണമെങ്കിൽ, അത് 3,75,000 കോടി വരും. ഈ 3,75,000 കോടി കള്ളപ്പണവും തടയാനായാൽ അത് ചെറിയ കാര്യമാണോ എന്നാണ് ബാങ്ക് സുഹൃത്ത് ചോദിച്ചത്.

നിലവിലുള്ള കള്ളപ്പണം 35 ലക്ഷം കോടിയാണെന്ന ലോകബാങ്ക് കണക്ക് നമ്മുടെ മുന്നിലുണ്ട്. അതിന്റെ എത്ര ശതമാനം വരും ഈ 3,75,000 കോടി? ഞാൻ കണക്കു കൂട്ടി നോക്കി. 10.71 ശതമാനം. കള്ളപ്പണത്തിന്റെ 10 ശതമാനം പിടിച്ചെടുക്കാനാണോ വത്സന്റെ മകനെ പോലുള്ളവർ ഇങ്ങനെ തീ തിന്നുന്നത്? തീ പോയിട്ട് ചൂടുള്ള യാതൊന്നും തൊണ്ടയിലൂടെ ഇറക്കി ശീലമില്ലാത്തവർ മോഡിയെ സ്തുതിക്കുമ്പോൾ ആ കോറസിൽ വത്സന്റെ മകന് ചേരാനാവുമോ? എന്നിട്ടും അവന്റെ ദേശസ്നേഹം അവനോട് പറയുന്നു. നാടിന്റെ കാര്യമല്ലെ?തൽക്കാലം ക്ഷമിക്കാം.
എന്റെ സുഹൃത്തുക്കളായ ബാങ്ക് ഉദ്യോഗസ്ഥരുടെ മോഡി സ്നേഹം നമ്മളോട് പറയുന്നു. ഇത് മോഡിയുടെ വിജയം!

നാളെ ബാങ്കുകളിൽ എന്തു സംഭവിക്കും? പേടിയുണ്ടേറെ. ഇന്ന് 500 ന്റെ നോട്ട് മാറിക്കിട്ടാത്തതു കൊണ്ട് ജനം പാലക്കാട്ടെ പോസ്റ്റ...

Posted by Ramesh Ak on Wednesday, November 9, 2016
Next Story