ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ട്രംപിന്‍റെ നീക്കം പാളി

ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ട്രംപിന്‍റെ നീക്കം പാളി
ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി നിര്‍ത്തലാക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങള്‍ക്കാണ് സെനറ്റില്‍ തിരിച്ചടി നേരിട്ടത്
ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നീക്കം പാളി. ഒബാമ കെയര്‍ പദ്ധതി റദ്ദാക്കാനുള്ള ബില്‍ സെനറ്റില്‍ പാസാക്കുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ അംഗങ്ങള്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നതാണ് ട്രംപിന് സെനറ്റിലെ ഭൂരിപക്ഷം നഷ്ടമാക്കിയത്.
ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി നിര്‍ത്തലാക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങള്‍ക്കാണ് സെനറ്റില്‍ തിരിച്ചടി നേരിട്ടത്. സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ സഭക്ക് മുന്നില്‍ വെച്ച ബില്‍ ഉടന്‍ നിയമമാകില്ലെന്ന് ഉറപ്പായി. സെനറ്റിലെ 100 സീറ്റില്‍ 52ലും റിപ്പബ്ലിക്കന്‍മാരാണുള്ളത്. എന്നാല്‍ റിപ്പബ്ലിക്കന്‍മാരില്‍ 4 പേര്‍ ട്രംപിന്റെ പുതിയ ആരോഗ്യ പരിരക്ഷാ നിയമത്തിനെതിരെ രംഗത്തുവന്നു. ഇതോടെ ബില്‍ സെനറ്റില്‍ വോട്ടിനിടാന്‍ പോലുമാവാത്ത സ്ഥിതിയായി. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു, ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.. നേരിയ ഭൂരിപക്ഷത്തിനായിരുന്നു നേരത്തെ ജനപ്രതിനിധിസഭ ഒബാമ കെയര്‍ പദ്ധതി പിന്‍വലിച്ചത്. സെനറ്റിലും ബില്‍ പാസാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ട്രംപ്. അംഗങ്ങളുടെ തീരുമാനത്തില്‍ നിരാശനാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഒബാമ കെയര്‍ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന തിരഞ്ഞെടുപ്പ് വേദികളിലെ നിലപാട് ട്രംപ് ആവര്‍ത്തിച്ചു. രണ്ട് കോടിപ്പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഒബാമ കെയറിന് അമേരിക്കയില്‍ വലിയ സ്വീകാര്യതയാണുള്ളത്.
Adjust Story Font
16

