Quantcast

സ്വന്തം കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തി വര്‍ഷം ഒരു കോടി ഡോളര്‍ സമ്പാദിക്കുന്ന ആറു വയസുകാരന്‍

MediaOne Logo

Alwyn K Jose

  • Published:

    23 May 2018 1:58 AM IST

സ്വന്തം കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തി വര്‍ഷം ഒരു കോടി ഡോളര്‍ സമ്പാദിക്കുന്ന ആറു വയസുകാരന്‍
X

സ്വന്തം കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തി വര്‍ഷം ഒരു കോടി ഡോളര്‍ സമ്പാദിക്കുന്ന ആറു വയസുകാരന്‍

ആറു വയസുകാരന്‍ റയാന് ഏറ്റവും ഇഷ്ടം അവന്‍റെ കളിപ്പാട്ടങ്ങളെയാണ്.

ആറു വയസുകാരന്‍ റയാന് ഏറ്റവും ഇഷ്ടം അവന്‍റെ കളിപ്പാട്ടങ്ങളെയാണ്. എല്ലാ കുട്ടികള്‍ക്കും അവരുടെ കളിപ്പാട്ടങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടാകും. അതിന് ഇത്ര പറയാനെന്തിരിക്കുന്നു എന്ന് ചിന്തിക്കാന്‍ വരട്ടെ. റയാന്‍ വെറുതെ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുകയും കളിക്കുകയും മാത്രമല്ല ചെയ്യുന്നത്. ഇന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയാണ് കുഞ്ഞു റയാന്‍. യൂട്യൂബിലാണ് റയാന്‍ താരം. 2016-2017 വര്‍ഷത്തില്‍ ഒരു കോടി പത്തു ലക്ഷം ഡോളര്‍ (ഏകദേശം 71 കോടി രൂപ) യൂട്യൂബില്‍ നിന്ന് വരുമാനമുണ്ടാക്കിയ കുഞ്ഞു കോടീശ്വരന്‍.

യൂട്യൂബില്‍ റയാന്‍ ടോയ്‍സ് റിവ്യൂസ് എന്ന ചാനലില്‍ നിന്നാണ് റയാനെ ലോകം അറിയാന്‍ തുടങ്ങിയത്. മാതാപിതാക്കള്‍ വാങ്ങി നല്‍കുന്ന കളിപ്പാട്ടങ്ങള്‍ തുറന്നു പരിശോധിക്കുകയും കളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി യൂട്യൂബ് ചാനലില്‍ അപ്‍ലോഡ് ചെയ്യും. ഇതുവഴിയാണ് കോടികള്‍ റയാന്‍റെ കുടുംബത്തിലേക്ക് ഒഴുകിത്തുടങ്ങിയത്. 2017 ല്‍ യൂട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച സെലിബ്രിറ്റികളില്‍ പ്രധാനിയാണ് റയാന്‍. ഫോബ്സിന്‍റെ വാര്‍ഷിക പട്ടികയില്‍ എട്ടാം സ്ഥാനമാണ് റയാന് ലഭിച്ചത്.

റയാന് മൂന്നു വയസുള്ളപ്പോഴാണ് അവന്‍റെ മാതാപിതാക്കള്‍ക്ക് യൂട്യൂബ് ചാനല്‍ എന്ന ആശയം തലയില്‍ ഉദിക്കുന്നത്. റയാന് വാങ്ങിക്കൊടുക്കാറുള്ള കളിപ്പാട്ടങ്ങള്‍ അവന്‍ കവറില്‍ നിന്ന് ആവേശത്തോടെ പുറത്തെടുക്കുന്നതും പരിശോധിക്കുന്നതും അതിലേറെ ആവേശത്തോടെ കളിക്കുന്നതുമൊക്കെ തങ്ങള്‍ക്കുണ്ടാക്കിയ കൌതുകവും സന്തോഷവും മറ്റുള്ളവര്‍ക്കുമുണ്ടാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് ചാനലിന്‍റെ പിറവി. ഇതോടെ റയാന്‍റെ കളിപ്പാട്ട വീഡിയോകള്‍ അവര്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു തുടങ്ങി.

2015 മാര്‍ച്ചിലാണ് ചാനല്‍ തുടങ്ങിയത്. ജൂലൈയില്‍ അപ്‍ലോഡ് ചെയ്ത റയാന്‍റെ ഒരു വീഡിയോ വൈറലായി. ഭീമന്‍ കളിപ്പാട്ട മുട്ടകളുടെ ഒരു വീഡിയോയായിരുന്നു അത്. പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു. ആ വീഡിയോ മാത്രം 80 കോടിയിലേറെ ആളുകളാണ് റയാന്‍റെ ചാനലില്‍ നിന്ന് കണ്ടത്. റയാന്‍റെ കളിയും കുസൃതിയും കാണാന്‍ ആളുകള്‍ റയാന്‍ ടോയ്‍സ് റിവ്യൂസിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ആ കുടുംബത്തിന്‍റെ നല്ല കാലവും തുടങ്ങി. 2016 ജനുവരിക്ക്​ പത്ത്​ ലക്ഷം സബ്​സ്​ക്രൈബർമാരെ നേടിയ റയാൻ, ഈ വർഷം തുടക്കത്തിൽ 50 ​ലക്ഷവും ഇപ്പോൾ ​ഒരു കോടിയിലധികം ചാനൽ സബ്​സ്​ക്രൈബർമാരെയും സ്വന്തമാക്കി കഴിഞ്ഞു.

Next Story