Quantcast

കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ്; 23,000 കോടി രൂപയുടെ കരാര്‍

MediaOne Logo

Alwyn K Jose

  • Published:

    31 May 2018 7:15 PM IST

കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ്; 23,000 കോടി രൂപയുടെ കരാര്‍
X

കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ്; 23,000 കോടി രൂപയുടെ കരാര്‍

കടക്കെണിയില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ് അംബാനി. പിണക്കങ്ങള്‍ മറന്ന് ഇന്ത്യന്‍ ബിസിനസ് ഭീമന്‍മാര്‍ കൈകോര്‍ക്കുകയാണ്.

കടക്കെണിയില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ് അംബാനി. പിണക്കങ്ങള്‍ മറന്ന് ഇന്ത്യന്‍ ബിസിനസ് ഭീമന്‍മാര്‍ കൈകോര്‍ക്കുകയാണ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സ്‍പെക്ട്രം, ടവര്‍, വയര്‍ലെസ്, ഒപ്ടിക് ഫൈബര്‍ ആസ്തികള്‍ മുകേഷിന്റെ ജിയോ ഏറ്റെടുക്കാനാണ് തീരുമാനം. പിതാവ് ധീരുഭായ് അംബാനിയുടെ 85 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് സഹോദരനെ കടബാധ്യതയില്‍ നിന്ന് കരകയറ്റാന്‍ മുകേഷ് നിര്‍ണായക തീരുമാനമെടുത്തത്. ഏകദേശം 45,000 കോടി രൂപയുടെ കടബാധ്യതയാണ് അനിലിന്റെ റിയലന്‍സ് കമ്യൂണിക്കേഷന്‍സിനുള്ളത്. 23,000 കോടി രൂപയുടെ കരാറാണ് അനിലുമായുണ്ടാക്കുക.

ടെലികോം മേഖലയ്ക്ക് ഗുണകരമായ തീരുമാനമാണിതെന്ന് ഇന്‍ഡസ്ട്രി ബോഡി സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. 2002 ലാണ് റിലയൻസ് ഇൻഡസ്ട്രീസ് ടെലികോം രംഗത്തേക്ക് കടക്കുന്നത്. കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ 2005 ല്‍ അനിൽ അംബാനിയും മുകേഷ് അംബാനിയും റിലയൻസ് ഗ്രൂപ്പിനെ രണ്ടായി പിളർത്തി വേർപിരിഞ്ഞു. ഓയിൽ, ഗ്യാസ് വിഭാഗം മുകേഷും ടെലികോം, പവർ വിഭാഗം അനിലും ഏറ്റെടുത്തു. എന്നാല്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ആര്‍കോമിന് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ അടിതെറ്റി തുടങ്ങി. ഒടുവില്‍ ജിയോയുടെ കടന്നുവരവോടെ മറ്റു കമ്പനികളെ പോലെ തന്നെ ആര്‍കോം വലിയ തകര്‍ച്ച നേരിട്ടു. കടബാധ്യത അനില്‍ അംബാനിയുടെ നിലയും തെറ്റിച്ചു. ജിയോയ്ക്കാണെങ്കില്‍ വച്ചടിവച്ചടി കയറ്റവുമുണ്ടായി. ഒരൊറ്റ വര്‍ഷം കൊണ്ട് 16 കോടി ഉപഭോക്താക്കളെ ജിയോ കണ്ടെത്തുകയും ചെയ്തു.

ഇതോടെ എയര്‍സെല്ലുമായി സഖ്യമുണ്ടാക്കാന്‍ ആര്‍കോം ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് കടബാധ്യതയില്‍ നിന്ന് രക്ഷതേടി ആസ്തികള്‍ വില്‍ക്കാന്‍ വരെ അനില്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് സഹോദരനെ രക്ഷിക്കാന്‍ മുകേഷിന്റെ രംഗപ്രവേശം. കരാര്‍ പ്രകാരം, 800/900/1800/2100 മെഗാഹെഡ്സ് ബാന്‍ഡുകളിലുള്ള 122.4 മെഗാഹെഡ്സ് 4ജി സ്പെക്ട്രം, 1,78,000 കിലോമീറ്റര്‍ ഫൈബര്‍, 248 മീഡിയ കവറേജ് നോഡുകള്‍, 43,000 ടെലികോം ടവറുകള്‍ എന്നിവയാണ് ജിയോ ഏറ്റെടുക്കുക. 2018 മാര്‍ച്ചിനുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കടം താങ്ങാനാവാതെ വന്നതോടെ കഴിഞ്ഞ മാസം ആര്‍കോം മൊബൈല്‍ ഫോണ്‍ സേവനം അടച്ചുപൂട്ടിയിരുന്നു.

Next Story