Quantcast

ഐഫോണിന് ഇന്ത്യയില്‍ വിലക്ക് വന്നേക്കും; കാരണമിതാണ്...

സ്‍പാം കോളുകളും സന്ദേശങ്ങളും തടയുന്നതിന് ട്രായിയുടെ ഡി.എന്‍.ഡി ആപ്പിന്‍റെ സേവനം ഐഫോണുകളില്‍ ലഭ്യമാക്കണമെന്നായിരുന്നു നിര്‍ദേശം. 

MediaOne Logo

Web Desk

  • Published:

    21 July 2018 10:50 AM GMT

ഐഫോണിന് ഇന്ത്യയില്‍ വിലക്ക് വന്നേക്കും; കാരണമിതാണ്...
X

ലോകോത്തര സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്‍റെ ഐഫോണിന് ഇന്ത്യയില്‍ വിലക്ക് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യുടെ നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് വിലക്ക് വരാനുള്ള സാധ്യതയേറിയത്. സ്‍പാം കോളുകളും സന്ദേശങ്ങളും തടയുന്നതിന് ട്രായിയുടെ ഡി.എന്‍.ഡി ആപ്പിന്‍റെ സേവനം ഐഫോണുകളില്‍ ലഭ്യമാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിന് ആപ്പിള്‍ ചുവപ്പ് കൊടിയാണ് കാണിച്ചത്.

തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. എയര്‍ടെല്‍, വൊഡാഫോണ്‍, ജിയോ പോലുള്ള ടെലികോം കമ്പനികളോട് ഐഫോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ട്രായ് ആവശ്യപ്പെടും. അങ്ങനെ വന്നാല്‍ ഐഫോണുകളില്‍ പിന്നീട് ടെലികോം കമ്പനികളുടെ സേവനം ലഭ്യമാകില്ല. ട്രായ് നിര്‍മിച്ചെടുത്ത ആപ്പായിരുന്നു ഡി.എന്‍.ഡി. പുതിയ അപ്ഡേഷനും ഇതിന് വന്നു കഴിഞ്ഞു. എന്നാല്‍ ഈ ആപ്പിന് ഐ.ഒ.എസ് ആപ്പ് സ്റ്റോറില്‍ ഇടം കൊടുക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു. ഡി.എന്‍.ഡി ആപ്പ് ഐഫോണില്‍ ഇസ്റ്റാള്‍ ചെയ്താല്‍ ഉപഭോക്താവിന്‍റെ സ്വകാര്യത പണയപ്പെടും എന്നാണ് ആപ്പിളിന്‍റെ വാദം. ഉപഭോക്താവിന്‍റെ ഫോണിലേക്ക് വരുന്ന കോളുകളും മെസേജുകളും ട്രായിക്ക് നിരീക്ഷിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഉപഭോക്താവിന്‍റെ സ്വകാര്യതക്ക് ഭംഗം വരുന്ന ആപ്പിന് ഇടം കൊടുക്കാനാകില്ലെന്ന് ആപ്പിള്‍ തീര്‍ത്തുപറയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേസമയം, ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളായ ഗൂഗിള്‍ ഇതിനോടകം ഡി.എന്‍.ഡി ആപ്പിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡി.എന്‍.ഡി ആപ്പ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാനാകും. എന്നാല്‍ ഈ ആപ്പിന്‍റെ റേറ്റിങ് പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താവിന്‍റെ സ്വകാര്യ ഡാറ്റകളിലേക്ക് പ്രവേശനം നല്‍കുന്ന തരത്തിലാണ് ആപ്പിന്‍റെ മാര്‍ഗനിര്‍ദേശരേഖകള്‍. ആറു മാസമാണ് ട്രായ് ഐഫോണിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ ഡി.എന്‍.ഡി ആപ്പ് ഉപഭോക്താവിന് ലഭ്യമാക്കിയില്ലെങ്കില്‍ ഇതിന് ശേഷം രാജ്യത്തെ മുഴുവന്‍ ഐഫോണുകള്‍ക്കും 3ജി, 4ജി അടക്കമുള്ള സേവനങ്ങള്‍ നിഷേധിക്കപെടും.

TAGS :
Next Story