എം.ഐ എ2 സ്‍മാര്‍ട്ട് ഫോണിന്റെ വില കുത്തനെ വെട്ടിക്കുറിച്ച് ഷവോമി
ഇരട്ട സിം സജ്ജീകരിച്ചിരിക്കുന്ന ഈ മോഡലില്‍ പ്യുവർ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത്.

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ കുതിപ്പു തുടരുന്ന ചൈനീസ് കമ്പനിയായ ഷവോമി, ഒട്ടേറെ സവിശേഷതകളുമായി വിപണിയില്‍ എത്തിച്ച എം.ഐ എ2 സ്‍മാര്‍ട്ട് ഫോണിന്റെ വില കുത്തനെ വെട്ടിക്കുറിച്ചു. കഴിഞ്ഞ ആഗസ്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ഷവോമി എം.ഐ എ2 ന്റെ അടിസ്ഥാന മോഡലിന്റെ വില 16,999 രൂപയായിരുന്നു. ഇതാണ് 13,999 രൂപയായി വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എം.ഐ എ2 അടിസ്ഥാന മോഡലിന് 13,999 രൂപയായി. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയാണ് വില. ഈ മോഡല്‍ ആദ്യമായി പുറത്തിറങ്ങിയപ്പോള്‍ 19,999 രൂപയായിരുന്നു വില.

എം.ഐ എ2 മോഡലിന് 5.99-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണുള്ളത്. ഇതിന് 2.5 ഡി ഗൊറില ഗ്ലാസിന്റെ സംരക്ഷണം. ഇരട്ട സിം സജ്ജീകരിച്ചിരിക്കുന്ന ഈ മോഡലില്‍ പ്യുവർ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഈ ഫോണിന് എപ്പോഴും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഫോണിലുള്ളത്. നിരന്തരം ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ഫോണിന് സുരക്ഷാ ഭീഷണികള്‍ കുറയ്ക്കുമെന്നു കരുതുന്നു. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണുള്ളത്. അഡ്രെനോ 512 GPU ആണ് ഗ്രാഫിക്‌സ് പ്രൊസസര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവിലാണ് ഈ ഫോണിന്റെ കാമറകളുടെ പ്രവര്‍ത്തനം.

20 മെഗാപിക്സൽ സെല്‍ഫി കാമറയ്ക്ക് സോണിയുടെ IMX376 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. സോഫ്റ്റ് എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. പിന്നിലാകട്ടെ, ഇരട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളാണ് ഷവോമി ഘടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാന കാമറയ്ക്ക് 12 മെഗാപിക്സലാണുള്ളത്. രണ്ടാമത്തെ കാമറയ്ക്ക് 20 മെഗാപിക്സൽ സെന്‍സറാണ് നല്‍കിയിരിക്കുന്നത്. ഫെയ്‌സ് അണ്‍ലോക്കുമുള്ള ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 3010 mAh ബാറ്ററിയുള്ള ഫോണ്‍ 30 മിനിറ്റു കൊണ്ട് 50 ശതമാനം ചാര്‍ജ് നിറയ്ക്കാം.
Adjust Story Font
16

