നിക്ഷേപകര്‍ക്ക് 1,000 കോടിയിലേറെ നഷ്ടം, 30കാരന്‍ സി.ഇ.ഒയുടെ മരണം നാടകമോ?
മരണത്തിന് രണ്ട് ആഴ്ച്ച മുമ്പ് 30കാരനായ കോട്ടണ്‍ തന്റെ വില്‍പത്രം തയ്യാറാക്കിയിരുന്നുവെന്നതും സംശയം വര്‍ധിപ്പിക്കുന്നു

ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനിയായ ക്വാഡ്രിഗയുടെ സി.ഇ.ഒയുടെ മരണത്തെ തുടര്‍ന്നുള്ള ദുരൂഹത തീരുന്നില്ല. 30കാരന്‍ ജെറാള്‍ഡ് കോട്ടന്റെ മരണത്തെ തുടര്‍ന്ന് ക്വാഡ്രിഗയുടെ ഇടപാടുകാര്‍ക്ക് ആയിരം കോടിയിലേറെ രൂപയാണ്(145 മില്യണ്‍ ഡോളര്‍) നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വെച്ചുണ്ടായ കോട്ടന്റെ മരണം വിശ്വസിക്കാനാകില്ലെന്നും അതൊരു വന്‍ സാമ്പത്തിക തട്ടിപ്പിനുള്ള അരങ്ങൊരുക്കലുമാണെന്നാണ് ഇപ്പോഴുയരുന്ന ആരോപണം.
ക്വാഡ്രിഗയുടെ ഉപയോക്താക്കളുടെ ക്രിപ്‌റ്റോ കറന്‍സിയുടെ ഡിജിറ്റല്‍ പൂട്ടിന്റെ രഹസ്യ പാസ്‌വേഡുകള്‍ ജെറാള്‍ഡ് കോട്ടണിന്റെ കൈവശം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കമ്പനിയില്‍ വേറെ ആരുമായും ഇത് കോട്ടണ്‍ പങ്കുവെച്ചിരുന്നില്ല. ഇതേക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന്് ഭാര്യ ജെനിഫര്‍ റോബട്‌സണും വ്യക്തമാക്കി കഴിഞ്ഞു. ഹാക്കര്‍മാരെ പേടിച്ചാണ് ജെറാള്‍ഡ് കോട്ടണ്‍ പാസ്‌വേഡുകള്‍ ആരുമായും പങ്കുവെക്കാതിരുന്നതെന്നാണ് സൂചന.

ഇയാള്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് ഭാര്യ കൈമാറിയിരുന്നെങ്കിലും എന്‍ക്രിപ്റ്റഡ് സംവിധാനമുപയോഗിച്ചാണ് ഇയാള്‍ ഇത് ഉപയോഗിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ വിവരങ്ങളുടെ വീണ്ടെടുപ്പ് അസാധ്യമാണെന്നുമാണ് സൂചന. എങ്കിലും ക്വാഡ്രിഗ കമ്പനി അധികൃതര്‍ വിവരങ്ങള്‍ വീണ്ടെടുക്കാനായി ഹാക്കര്‍മാരെയും സാങ്കേതിക വിദഗ്ധരേയും സമീപിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി കമ്മ്യൂണിറ്റികളിലും റീഡിറ്റ് അടക്കമുള്ള ഫോറങ്ങളിലും മറ്റും നടക്കുന്ന ചര്‍ച്ചകളിലാണ് ജെറാള്‍ഡ് കോട്ടണിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
2018 ഡിസംബര്‍ ഒമ്പതിന് രാജസ്ഥാനില്‍ വെച്ചാണ് കോട്ടണ്‍ മരിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ജയ്പൂരില്‍ വെച്ച് അദ്ദേഹത്തിന്റെ മരണം നടന്നതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകകയും ചെയ്തു. എന്നാല്‍ രാജസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നും ഇത്തരം രേഖകള്‍ കൈക്കൂലി കൊടുത്താല്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നാണ് വിമര്‍ശകരുടെ വാദം.

മരണത്തിന് രണ്ട് ആഴ്ച്ച മുമ്പ് 30കാരനായ കോട്ടണ്‍ തന്റെ വില്‍പത്രം തയ്യാറാക്കിയിരുന്നുവെന്നതും സംശയം വര്‍ധിപ്പിക്കുന്നു. മരണശേഷം തന്റെ സ്വത്തുക്കള്‍ പൂര്‍ണ്ണമായും ഭാര്യക്ക് നല്‍കാന്‍ അനുമതി നല്‍കുന്ന വില്‍പത്രം 2018 നവംബര്‍ 27നായിരുന്നു കോട്ടണ്‍ തയ്യാറാക്കിയത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു വില്‍പത്രം തയ്യാറാക്കിയത് തള്ളിക്കളയാനാകില്ല.
തന്റെ സ്വത്തുക്കള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നും പട്ടികളെ വരെ എങ്ങനെ പരിപാലിക്കണമെന്നുമൊക്കെ വില്‍പത്രത്തില്‍ ഉള്‍പ്പെടുത്തിയ കോട്ടണ്‍ കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്താകണമെന്നതിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഇതും സംശയം വര്‍ധിപ്പിക്കുന്നു.
ക്വാഡ്രിഗ സി.ഇ.ഒയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഇത്തരം കമ്പനികള്‍ എന്ത് സുരക്ഷയുടെ പേരിലായാലും ഒന്നിലേറെ പേര്‍ക്ക് നിര്‍ണ്ണായക വിവരങ്ങളിലുള്ള ഉത്തരവാദിത്വം വീതിച്ചു നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
Adjust Story Font
16

