Quantcast

ലോക്സഭ തെരഞ്ഞെടുപ്പ്: വ്യാജവാർത്തകൾക്ക് തടയിടാന്‍ കർശന പെരുമാറ്റച്ചട്ടവുമായി ഫെയ്സ്ബുക്

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വിവാദത്തിൽ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട ഫെയ്സ്ബുക്ക് പിന്നീട് ലോകത്തു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ സൂക്ഷ്മതയും ശ്രദ്ധയും പുലർത്തി വരുന്നുണ്ട് 

MediaOne Logo

Web Desk

  • Published:

    16 Feb 2019 3:05 PM IST

ലോക്സഭ തെരഞ്ഞെടുപ്പ്: വ്യാജവാർത്തകൾക്ക് തടയിടാന്‍ കർശന പെരുമാറ്റച്ചട്ടവുമായി ഫെയ്സ്ബുക്
X

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഫെയ്സ്ബുക്കിനെതിരെ ഈയടുത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കെ വ്യാജവാർത്തകൾക്ക് തടയിടാനും കുപ്രചരണങ്ങൾക്ക് കൂച്ചുവിലങ്ങിടാനും കർശന പെരുമാറ്റച്ചട്ടവുമായി ഫെയ്സ്ബുക് ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്.

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വിവാദത്തിൽ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട ഫെയ്സ്ബുക് പിന്നീടു ലോകത്തു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ സൂക്ഷ്മതയും ശ്രദ്ധയും പുലർത്തി വരുന്നുണ്ട്. വ്യാജവാർത്തകൾ വലിയ ദുരന്തങ്ങൾക്കു കാരണമാകുന്ന ഇന്ത്യയിൽ സാമൂഹികവിരുദ്ധരും രാഷ്ട്രീയ പാർട്ടികളും ഫേസ്ബുക്ക് സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ വലിയ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ പ്രതിനിധി മനീഷ് ഖണ്ഡൂരി പറഞ്ഞു.

ഫെയ്സ്ബുക് ഫീഡിൽ വ്യാജവാർത്തകൾ കടന്നുകൂടാതിരിക്കാൻ വാർത്താലിങ്കുകൾ പരിശോധിച്ച് സത്യമാണെന്ന് ഉറപ്പുവരുത്തുന്ന ഫാക്ട് ചെക്കിങ് സേവനം ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലേക്കും ഇത് വ്യാപിപ്പിച്ചു. കൂടുതൽ വാർത്താ വെബ്സൈറ്റുകളെ പദ്ധതിയിൽ പങ്കാളികളാക്കി സേവനം വിപുലീകരിക്കാനും തീരുമാനമുണ്ട്.

രാഷ്ട്രീയ പാർട്ടികൾ പോസ്റ്റ് ചെയ്യുന്ന ഫെയ്സ്ബുക് പരസ്യങ്ങൾക്കും പെരുമാറ്റച്ചട്ടം വരുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ രാഷ്ട്രീയ പരസ്യനയത്തിലാണ് പുതിയ പെരുമാറ്റച്ചട്ടമുള്ളത്. സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന നീക്കമാണിത്. പഴയതുപോലെ ആർക്കും തോന്നുന്നതുപോലെ ഫെയ്സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങൾ നൽകാനാവില്ല.

അംഗീകൃത ഏജൻസികൾക്കും വ്യക്തികൾക്കും മാത്രമാണ് ഇനി പരസ്യം പ്രസിദ്ധീകരിക്കാനാള്ള അധികാരമുണ്ടാവുക. പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളിലും മുകളിലുള്ള ഡിസ്ക്ലെയ്മറുകളില്‍ ആരാണ് പ്രസിദ്ധീകരിക്കുന്നത്, അല്ലെങ്കിൽ ആരു പണം നൽകിയാണ് പ്രസിദ്ധീകരിക്കുന്നത് എന്നും നല്‍കിയിരിക്കണം. പരസ്യ ഏജൻസികൾക്ക് പണം നൽകിയ രാഷ്ട്രീയ പാർട്ടിയുടെയോ ഏജൻസിയുടെ പേരോ നേതാവിന്‍റെ പേരോ നൽകാവുന്നതാണ്. പരസ്യം നൽകുന്നവരുടെ ഫെയ്സ്ബുക് പേജുകളിൽ അവരുടെ രാജ്യവും വ്യക്തമാക്കണം. വിദേശ ഇടപെടലിനെ സംബന്ധിച്ചുള്ള ആരോപണങ്ങൾക്ക് തടയിടാനാണ് ഈ നീക്കം.

പരസ്യത്തിനു മുകളിലുള്ള ഡിസ്ക്ലെയ്മറിൽ ക്ലിക്ക് ചെയ്താൽ ഫെയ്സ്ബുക് പരസ്യ ലൈബ്രറിയിലെത്തും. അവിടെ ഓരോ പരസ്യവും എത്ര നാള്‍ പ്രദർശിപ്പിക്കും, ഏതൊക്കെ പ്രായത്തിലുള്ള എത്ര പേർ പരസ്യം കണ്ടു തുടങ്ങിയ വിശദാംശങ്ങളും ലഭിക്കും. പുതിയ പരസ്യനയം ജനുവരി 21 മുതലാണ് ഇന്ത്യയിൽ പ്രാബല്യത്തിൽ വരിക. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പരസ്യങ്ങൾ മാർച്ച് മുതൽ പരസ്യ ലൈബ്രറിയിൽ ലഭിക്കും. പരസ്യ ലൈബ്രറി സന്ദർശിക്കാൻ ഫെയ്സ്ബുക് അക്കൗണ്ട് ആവശ്യമില്ല. വിലാസം: facebook.com/ads/archive എന്ന ലിങ്കില്‍ കയറിയാല്‍ പരസ്യ ലൈബ്രറിയിലേക്ക് കയറാനാകും.

TAGS :
Next Story