Quantcast

വീട് വിറ്റ് ചൊവ്വയിലേക്ക് കുടിയേറിയാലോ?

ഭൂമിയെ അപേക്ഷിച്ച് നിരവധി വെല്ലുവിളികളാകും ചൊവ്വയില്‍ മനുഷ്യര്‍ നേരിടേണ്ടി വരിക. അത്തരമൊരു സാഹചര്യത്തില്‍ തിരിച്ച് സൗജന്യ യാത്രയും മസ്‌ക് ഓഫര്‍ ചെയ്യുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    17 Feb 2019 4:19 PM GMT

വീട് വിറ്റ് ചൊവ്വയിലേക്ക് കുടിയേറിയാലോ?
X

മനുഷ്യചരിത്രത്തില്‍ പലപ്പോഴും പലകാരണങ്ങള്‍കൊണ്ടും കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. എന്നാല്‍ മനുഷ്യന്റെ എല്ലാ കുടിയേറ്റങ്ങളും ഭൂമിയിലെ പ്രദേശങ്ങളിലേക്കായിരുന്നു. അധികം വൈകാതെ ഭൂമിയില്‍ നിന്നു പുറത്തേക്കുള്ള മനുഷ്യകുടിയേറ്റവും സാധ്യമാകുമെന്നാണ് എലോണ്‍ മസ്‌കിന്റെ തുറന്നുപറച്ചില്‍. ഭൂമിയിലെ വീട് വിറ്റ് ചൊവ്വയിലേക്ക് മനുഷ്യന്‍ കുടിയേറുന്ന കാലമാണ് എലോണ്‍ മസ്‌ക് സ്വപ്‌നം കാണുന്നത്.

ബഹിരാകാശത്തേക്കുള്ള ചരക്കു ഗതാഗതം, ഭൂമിക്കടിയിലെ അതിവേഗതുരങ്ക പാത, വൈദ്യുതിയിലോടുന്ന ആഡംബര കാറുകള്‍ എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ ഭ്രാന്തന്‍ ആശയങ്ങളെന്നു തോന്നുന്നവ യാഥാര്‍ഥ്യമാക്കിയിട്ടുള്ള ചരിത്രം എലോണ്‍ മസ്‌കിനും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്‍ കൂട്ടമായി ചൊവ്വയിലേക്ക് കുടിയേറുമെന്ന മസ്‌കിന്റെ വാക്കുകളെ അവിശ്വസിക്കാനും കഴിയില്ല.

ചൊവ്വായാത്രയുടെ ചിലവ് കാര്യമായി കുറച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ചൊവ്വാ യാത്ര സ്വപ്നം കാണാനാകുമെന്നാണ് എലോണ്‍ മസ്കിന്റെ കണക്കുകൂട്ടല്‍. ഭാവിയില്‍ ഒരുലക്ഷം ഡോളറിന് താഴെ തുകയ്ക്ക് ചൊവ്വയിലേക്കുള്ള ടിക്കറ്റെടുക്കാന്‍ സാധിക്കുമെന്നാണ് എലോണ്‍ മസ്‌കിന്റെ വാഗ്ദാനം. അങ്ങനെ വന്നാല്‍ വികസിത രാജ്യങ്ങളിലുള്ളവര്‍ക്ക് സ്വന്തം വീട് വിറ്റ് ചൊവ്വയിലേക്ക് പോകാനാകുകയും ചെയ്യും. ഭൂമിയെ അപേക്ഷിച്ച് നിരവധി വെല്ലുവിളികളാകും ചൊവ്വയില്‍ മനുഷ്യര്‍ നേരിടേണ്ടി വരിക. അത്തരമൊരു സാഹചര്യത്തില്‍ തിരിച്ച് സൗജന്യ യാത്രയും മസ്‌ക് ഓഫര്‍ ചെയ്യുന്നുണ്ട്.

മനുഷ്യന്റെ ചൊവ്വയിലേക്കുള്ള കുടിയേറ്റമെന്ന സ്വപ്‌ന പദ്ധതി മസ്‌ക് 2015ലാണ് ലോകത്തോട് പങ്കുവെച്ചത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 എന്ന പ്രധാന റോക്കറ്റിനെ കൂടുതല്‍ കാര്യക്ഷമവും ചിലവ് കുറഞ്ഞതുമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് 100 ടണ്‍ ചരക്കും 100 മനുഷ്യരേയും വഹിച്ചുകൊണ്ട് ചൊവ്വയിലേക്ക് പോകാന്‍ ശേഷിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലവ് കുറയുന്നതിന്റെ പ്രധാന കാരണം ഒരു തവണ വിക്ഷേപിച്ച സ്റ്റാര്‍ഷിപ്പിനെ വീണ്ടും ഉപയോഗിക്കാമെന്നാണ്. സ്റ്റാര്‍ഷിപ്പിന്റെ മറ്റൊരു പ്രത്യേകത ചൊവ്വയിലെത്തിയ ശേഷം അവിടെ നിന്നും ഇന്ധനം നിറക്കാമെന്നതാണ്. ദ്രവീകൃത മീഥെയ്‌നും ഓക്‌സിജനുമാണ് സ്റ്റാര്‍ഷിപ്പിന്റെ ഇന്ധനം. ഭൂമിയിലേക്ക് തിരിച്ചുള്ള യാത്രക്ക് ആവശ്യമായ ഇന്ധനം ചൊവ്വയില്‍ നിന്നും ലഭ്യമാകുമെന്നാണ് സ്‌പേസ് എക്‌സിന്റെ പ്രതീക്ഷ.

സ്റ്റാര്‍ഷിപ്പിന്റെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളില്‍ മാറ്റം വരുത്തിയും ചിലവ് കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരം കുറഞ്ഞതും എന്നാല്‍ ബലമുള്ളതുമായ കാര്‍ബണ്‍ ഫൈബര്‍ സമ്മിശ്രങ്ങളാണ് നിലവില്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉരുക്ക് ഉപയോഗിക്കാന്‍ എലോണ്‍ മസ്‌ക് തന്റെ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാര്‍ബണ്‍ ഫൈബറിന്റെ 66ല്‍ ഒന്ന് ചിലവ് മാത്രമേ ഉരുക്കിന് വരുന്നുള്ളൂ. എല്ലാം പ്രതീക്ഷക്കനുസരിച്ച് നടന്നാല്‍ 2024ല്‍ ചൊവ്വാദൗത്യം സാധ്യമാകുമെന്നാണ് എലോണ്‍ മസ്‌കിന്റെ പ്രതീക്ഷ.

TAGS :
Next Story