സ്പോട്ടിഫൈയുടെ ഇന്ത്യന്‍ അരങ്ങേറ്റം; പാട്ട് മല്‍സരം ഇനി ഇന്റര്‍നെറ്റില്‍

ഒരു കാലത്ത് റേഡിയോ വഴിയും ടി.വിക്ക് മുന്നിലെ ചിത്രഹാറിലും പാട്ടിനായി കാത്തിരുന്ന കാലം കഴിഞ്ഞു. ഇന്റര്‍നെറ്റിന്റെ വരവോടെ ഏത് പാട്ടും കൈതുമ്പിലെത്തി നില്‍ക്കുന്ന, ആസ്വാദനഭംഗി ഏറ്റവും അടുത്ത് അനുഭവപ്പെടുന്ന കാലത്ത് ഇന്ത്യയില്‍ ഇനി നടക്കാന്‍ പോകുന്നത് പാട്ടുകളുടെ മല്‍സരം തന്നെയാകും. ആഗോള സംഗീതവാഹകരായ സ്പോട്ടിഫൈ അവരുടെ ഇന്ത്യയുടെ അരങ്ങേറ്റം ആഘോഷിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി 28നായിരുന്നു. അരങ്ങേറ്റം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോള്‍ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സുമായി വലിയ മുന്നേറ്റമാണ് കമ്പനി ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്.
സ്പോട്ടിഫൈയുടെ ഇന്ത്യയിലെ അരങ്ങേറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക മറ്റു മ്യൂസിക്കല്‍ പ്ലാറ്റ്ഫോമുകളായ ഗാന, ആമസോണ്‍ മ്യൂസിക്, ജിയോ സേവ്ന്‍, ആപ്പിള്‍ മ്യൂസിക് എന്നിവരെയാണ്. നേരത്തെ അവതരിച്ച ഗൂഗിളിന്റെ തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക് പിന്നീട് പാട്ട് മല്‍സരത്തില്‍ പിടിമുറുക്കാനാവാതെ പതറിപോയിരുന്നു.
ഡെലോയിറ്റും ഐ.എം.ഐയും നടത്തിയ ഏറ്റവും പുതിയ പഠനപ്രകാരം 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 15 കോടി ജനങ്ങള്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള മ്യൂസിക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ 15 കോടിയില്‍ ഒരു ശതമാനം മാത്രമേ മ്യൂസിക്ക് സേവനങ്ങള്‍ക്ക് പണം മുടക്കുന്നുള്ളു. 14 ശതമാനം പേര്‍ വിവിധ നെറ്റ്‌വർക്ക് സബ്സ്ക്രിപ്ഷനുകള്‍ വഴിയുള്ള സേവനങ്ങള്‍ വഴിയാണ് സംഗീതമാസ്വദിക്കുന്നത്. തുടര്‍ന്നുള്ള 85 ശതമാനം പേരും ഒരു തരത്തിലുമുള്ള പണവും സംഗീതാസ്വാദനത്തിന് നല്‍കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ സ്പോട്ടിഫൈയുടെ പുതിയ വലിയ മുന്നേറ്റം വലിയ പ്രതീക്ഷയാണ് കമ്പനിക്ക് നല്‍കുന്നത്.
പുതുതായി എത്തിയ സ്പോട്ടിഫൈ വിവിധ ഭാഷകളിലായി മുന്നൂറു കോടിയിലധികം പ്ലേലിസ്റ്റും നാലു കോടിയിലധികം പാട്ടുകളുമാണ് അവതരിപ്പിക്കുന്നത്. സ്പോട്ടിഫൈക്ക് വരിക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെങ്കിലും പതിവായി പാട്ടുകള്‍ ശ്രവിക്കുന്നവരില്‍ ഒരു ശതമാനത്തോളം മാത്രമാണ് പണം കൊടുത്ത് കേള്‍ക്കുന്നതെന്നാണ് പഠനം കാണിക്കുന്നത്. ചൈനയിലും സ്ഥിതി സമാനമാണ്, അവിടെ മൂന്ന് നാല് ശതമാനമാണ് പണം കൊടുത്ത് ശ്രവിക്കുന്നവര്‍. അതെ സമയം, യുഎസില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ 12 ശതമാനം പേരാണ്. 2017ല്‍ ഇപ്സോസ് ഇന്ത്യന്‍ മ്യൂസിക് ഇന്‍ഡസ്ട്രിക്കുവേണ്ടി നടത്തിയ പഠനം അനുസരിച്ച് 94 ശതമാനം ഇന്ത്യന്‍ ഉപഭോക്തമാക്കളും ഇന്റര്‍നെറ്റില്‍ നിന്നുള്‍പ്പെടെ ഏതെങ്കിലും വിധത്തിലുള്ള വ്യാജ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. ലോകത്തെമ്പാടുമായി 20.7 കോടി ഉപഭോക്താക്കളുള്ള സ്പോട്ടിഫൈക്ക് 9.6 കോടി മാത്രമാണ് പണം നല്‍കി പാട്ടു കേള്‍ക്കുന്നത്. കോടിക്കണക്കിന് പാട്ടുകള്‍ അവതരിപ്പിക്കുന്ന ഈ കമ്പനികളുടെ പ്രധാന വരുമാനം പരസ്യങ്ങളില്‍ നിന്നുമാണ്. സബ്സ്ക്രൈബര്‍ ഫീകളില്‍ നിന്നും വലിയ വരുമാനം കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്. പരസ്യങ്ങള്‍ വേണ്ടാത്തവര്‍ക്ക് പ്രീമിയം സബ്സ്ക്രൈബര്‍ പ്ലാന്‍ വഴിയും പാട്ട് കേള്‍ക്കാനുള്ള സൌകര്യമുണ്ട്.
സ്പോട്ടിഫൈയുടെ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് 119 രൂപ എന്ന നിരക്കില്‍ ഒരു മാസത്തേക്ക് സബ്സ്ക്രൈബ് ചെയ്ത് പാട്ട് ആസ്വദിക്കാവുന്നതാണ്. സൗജന്യമായ ട്രയല്‍ ലഭ്യമാകേണ്ടവര്‍ക്ക് ഒരു മാസത്തെ സൗന്യ സേവനവും സ്പോട്ടിഫൈ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ സേവനം തുടര്‍ന്നും ലഭ്യമാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പിന്നീട് ഏതെങ്കിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് സേവനം തുടര്‍ന്ന് കൊണ്ട് പോകാം. വാര്‍ണര്‍ മ്യൂസിക്കുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയമയുദ്ധത്തിനൊടുവിലാണ് സ്പോട്ടിഫൈയുടെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശം എന്നത് ശ്രദ്ധേയമാണ്.
Adjust Story Font
16

